നിലയ്ക്കല്‍ അക്രമം: പ്രതികളുടെ ചിത്രത്തില്‍ പൊലിസുകാരനും!
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ഒക്ടോബര്‍ 17ന് നിലയ്ക്കലും പമ്പയിലും ഉണ്ടായ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് പൊലിസ് തയാറാക്കിയ ലുക്ക് ഔട്ട് നോട്ടിസില്‍ ഒരു പൊലിസുകാരനും!
പത്തനംതിട്ട എ.ആര് ക്യാംപിലെ പൊലിസ് ഡ്രൈവര്‍ ഇബ്രാഹിമാണ് പ്രതികളുടെ ചിത്രത്തില്‍ ഇടം പിടിച്ചത്. നിലയ്ക്കലും പമ്പയിലും അക്രമം നടത്തിയതിന് നേതൃത്വം നല്‍കിയവരെന്ന് കാട്ടി പൊലിസ് പുറത്തുവിട്ട 210 പേരുടെ ചിത്രങ്ങളിലാണ് ഈ പൊലിസുകാരനുംപെട്ടത്. നടപടി എടുക്കാനായി എല്ലാ ജില്ലാ പൊലിസ് മേധാവികള്‍ക്കും ചിത്രങ്ങള്‍ നല്‍കിയിട്ടുമുണ്ട്.
167-ാമത്തെ പ്രതിയായാണ് ഇബ്രാഹിമിന്റെ ചിത്രം ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എന്നാല്‍ വിവാദമായതോടെ ചിത്രം പിന്‍വലിച്ചു. അബദ്ധം പറ്റിയെന്നാണ് പൊലിസിന്റെ വിശദീകരണം.
പൊലിസിന്റെ വിഡിയോഗ്രാഫര്‍ പകര്‍ത്തിയ ദൃശ്യങ്ങളിലാണ് ഇബ്രാഹിമും ഉള്‍പ്പെട്ടത്. അവിടെ ഇബ്രാഹിം ഡ്യൂട്ടിയിലായിരുന്നു എന്നാണ് പൊലിസിന്റെ വിശദീകരണം. എന്നാല്‍ യൂനിഫോമില്ലാതെ ഇദ്ദേഹം എന്തിനു സംഘര്‍ഷ സ്ഥലത്ത് എത്തിയെന്നാണ് അയ്യപ്പഭക്ത സംഘടനകളുടെ ചോദ്യം.
പ്രതിഷേധക്കാരുടെ ഇടയില്‍ മഫ്തിയില്‍ പൊലിസുകാര്‍ നുഴഞ്ഞുകയറി അക്രമം നടത്തിയെന്ന് ഭക്തസംഘടനകള്‍ നേരത്തേതന്നെ ആക്ഷേപം ഉന്നയിച്ചിരുന്നു. അതു ശരിയെന്ന് തെളിഞ്ഞതായി സംഘടനാ നേതാക്കള്‍ പറഞ്ഞു.
അതേസമയം നിലയ്ക്കല്‍ സംഭവുമായി ബന്ധപ്പെട്ട് പൊലിസ് വ്യാപകമായി അറസ്റ്റ് തുടങ്ങി. ബുധനാഴ്ച്ച ഉച്ചകഴിഞ്ഞും രാത്രിയിലുമായാണ് കൂടുതലും അറസ്റ്റ് നടന്നത്.
എറണാകുളം റൂറലില്നിന്നു 75 പേരും തൃപ്പൂണിത്തുറയില്‍നിന്നു 51 പേരും അറസ്റ്റിലായിട്ടുണ്ട്.
49 കേസുകളാണ് പൊലിസ് ഇതുവരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."