കേന്ദ്ര, സംസ്ഥാന വിഹിതങ്ങള്‍ അനുവദിച്ചു
മലപ്പുറം: ദേശീയ ഗ്രാമീണ കുടിവെള്ള പദ്ധതി(എന്‍.ആര്‍.ഡി.ഡബ്ല്യു.പി)ക്കു കീഴിലുള്ള ദേശീയ ജലമേന്മാ ഉപദൗത്യം (എന്‍.ഡബ്ല്യു.ക്യു.എസ്.എം) നടപ്പാക്കുന്നതിന് നടപ്പു സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര, സംസ്ഥാന വിഹിതങ്ങള്‍ അനുവദിച്ചു. കേന്ദ്ര വിഹിതമായി 2.12 കോടി രൂപയും സംസ്ഥാന വിഹിതമായ തുല്യ തുകയുമാണ് അനുവദിച്ചത്.
കേന്ദ്ര വിഹിതം അനുവദിച്ചതായി അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് സംസ്ഥാന വിഹിതം കൂടി അനുവദിക്കാന്‍ കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയരക്ടര്‍ സംസ്ഥാന സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതു പരിഗണിച്ചാണ് തുക അനുവദിച്ച് ജലവിഭവ വകുപ്പ് ഉത്തരവിറക്കിയത്. ആര്‍സെനിക്, ഫ്‌ളൂറൈഡ് ബാധിതമായ ജലമുള്ള ഗ്രാമപ്രദേശങ്ങളില്‍ ശുദ്ധമായ കുടിവെള്ളമെത്തിക്കുന്നതിനുള്ള പദ്ധതിയാണിത്.
പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കു ഭൂരിപക്ഷമുള്ള പ്രദേശങ്ങള്‍ക്കു മുന്‍ഗണന നല്‍കിക്കൊണ്ടായിരിക്കണം പദ്ധതി നടപ്പാക്കേണ്ടതെന്ന് ഉത്തരവില്‍ പറയുന്നു. തുക വിനിയോഗിക്കുന്നത് വാട്ടര്‍ അതോറിറ്റി എം.ഡിയുടെ മേല്‍നോട്ടത്തിലായിരിക്കും. കുടിവെള്ള വിതരണത്തിന് ആവശ്യമായ പ്രവൃത്തികള്‍ക്ക് അനുമതി നല്‍കാനുള്ള ചുമതല വാട്ടര്‍ അതോറിറ്റിക്കാണ്. അനുവദിച്ച തുക പലിശരഹിതമായ, വാട്ടര്‍ അതോറിറ്റിയുടെ പേരിലുള്ള പ്രത്യേക ട്രഷറി സേവിങ്‌സ് ബാങ്ക്് അക്കൗണ്ടുകളില്‍ സൂക്ഷിക്കാം. ഈ തുക ബാങ്കുകളിലോ മറ്റു ധനകാര്യ സ്ഥാപനങ്ങളിലോ വിനിയോഗിക്കപ്പെടാതെ കിടക്കുന്ന അവസ്ഥ ഉണ്ടാകരുത്. ഓരോ പ്രവൃത്തിക്കും തുക അനുവദിക്കുന്ന ഘട്ടങ്ങളില്‍ വാട്ടര്‍ അതോറിറ്റി വിശദാംശങ്ങള്‍ പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.
കേന്ദ്ര കുടിവെള്ള, ശുചിത്വ മന്ത്രാലയം എന്‍.ആര്‍.ഡി.ഡബ്ല്യു.പിക്കു കീഴില്‍ 2017 ഫെബ്രുവരിയിലാണ് ദേശീയ ജലമേന്മാ ഉപദൗത്യം ആരംഭിച്ചത്.
രാജ്യത്തെ ആര്‍സെനിക്, ഫ്‌ളൂറൈഡ് ബാധിതമായ 28,000 ജനവാസ മേഖലകളില്‍ അടിയന്തരമായി കുടിവെള്ളമെത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. 2021 മാര്‍ച്ച് വരെയാണ് ദൗത്യം നടപ്പാക്കുന്ന കാലാവധി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."