ഫസല്‍ വധം: ആര്‍.എസ്.എസിനു പങ്കില്ല, നുണപരിശോധനയ്ക്കു തയാര്‍: സുബീഷ്
കണ്ണൂര്‍: ഫസല്‍ വധത്തില്‍ ആര്‍.എസ്.എസിനും തനിക്കും പങ്കില്ലെന്നു മാഹി ചെമ്പ്രയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കുപ്പി സുബീഷ്. പുറത്തുവന്ന ദൃശ്യവും ശബ്ദരേഖയും സംബന്ധിച്ച് കണ്ണൂര്‍ പ്രസ്‌ക്ലബില്‍ മാധ്യമപ്രവര്‍ത്തകരോടു വിശദീകരിക്കുകയായിരുന്നു സുബീഷ്. താനടക്കമുള്ള സംഘം എന്‍.ഡി.എഫ് നേതാവായിരുന്ന ഫസലിനെ കൊലപ്പെടുത്തിയെന്നു സുബീഷ് പൊലിസിനു നല്‍കിയ മൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. സി.പി.എം പ്രവര്‍ത്തകന്‍ പാതിരിയാട് മോഹനന്‍ വധക്കേസ് പ്രതിയായ തന്നെ ക്രൂരമായി മര്‍ദിച്ചതിനു ശേഷമാണു ഡിവൈ.എസ്.പിമാരായ പ്രിന്‍സ് എബ്രഹാമും പി.പി സദാനന്ദനും മൊഴിനല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചത്. പൊലിസ് എഴുതി തയാറാക്കിയ മൊഴി നിരവധി തവണ വായിപ്പിച്ചതിനു ശേഷമാണു കാമറയ്ക്കു മുന്നില്‍ പറയിപ്പിച്ചത്. മൊഴി രേഖപ്പെടുത്തിയതിനു ശേഷം മട്ടന്നൂര്‍ കോടതിയില്‍ തന്നെ ഹാജരാക്കിയിരുന്നു. തന്നെ മര്‍ദിച്ചെന്നും ക്രൂരമായി പീഡിപ്പിച്ചെന്നും ജഡ്ജിയോടു കോടതിയില്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ സംഭവത്തില്‍ മനുഷ്യാവകാശ കമ്മിഷനും തലശ്ശേരി, മട്ടന്നൂര്‍ കോടതികളിലും സി.ബി.ഐ ഡയറക്ടര്‍ക്കും താന്‍ പരാതി നല്‍കിയിട്ടുണ്ടെന്നും സുബീഷ് പറഞ്ഞു.
ആര്‍.എസ്.എസിനും സംഘ്പരിവാര്‍ നേതൃത്വത്തിനുമെതിരായും മൊഴി നല്‍കണമെന്നായിരുന്നു പൊലിസിന്റെ ആവശ്യം. തന്നെ ചോദ്യംചെയ്യുന്ന സമയത്ത് സി.പി.എം ജില്ലാസെക്രട്ടറി പി. ജയരാജന്‍ ഉദ്യോഗസ്ഥരുമായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. കോടതിയില്‍ നല്‍കിയ മൊഴി അഭിഭാഷകന്റെ നിര്‍ബന്ധപ്രകാരമാണു നല്‍കിയതെന്നു തിരുത്തണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. പണവും ഭാര്യയ്ക്കു ജോലിയും ഈ ഉദ്യോഗസ്ഥര്‍ വാഗ്ദാനം ചെയ്തത്. മൂന്നു ദിവസത്തോളം ഭക്ഷണവും വെള്ളവും നല്‍കാതെ നഗ്‌നനാക്കിയാണു മര്‍ദിച്ചത്. തലകീഴായും കെട്ടിത്തൂക്കി.
ജീവന്‍ നഷ്ടമാകുമെന്ന് തോന്നിയപ്പോഴാണു താന്‍മൊഴി നല്‍കിയത്. ഏത് അന്വേഷണത്തിനും സഹകരിക്കാനും നുണപരിശോധനയ്ക്കും താന്‍ തയാറാണെന്നും അഡ്വ. പ്രേമരാജനൊപ്പം എത്തിയ സുബീഷ് വ്യക്തമാക്കി. സുബീഷ് എത്തുന്ന വിവരമറിഞ്ഞ് പ്രസ്‌ക്ലബ് പരിസരത്ത് പൊലിസ് സുരക്ഷയും ഒരുക്കിയിരുന്നു.
പ്രതികരിക്കേണ്ടത് കോടിയേരിയെന്ന് തിരുവഞ്ചൂര്‍
കോട്ടയം: എന്‍.ഡി.എഫ് പ്രവര്‍ത്തകനായിരുന്ന മുഹമ്മദ് ഫസല്‍ വധക്കേസുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍ സംബന്ധിച്ച് ഉത്തരം പറയേണ്ടത് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. വാര്‍ത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ഫസല്‍ കൊല്ലപ്പെടുമ്പോള്‍ അഭ്യന്തര മന്ത്രിയായിരുന്നത് കോടിയേരി ബാലകൃഷ്ണനായിരുന്നു . കോടിയേരി ബാലകൃഷ്ണന്‍ നിയോഗിച്ച സംഘമാണ് ആദ്യം അന്വേഷണം നടത്തിയത്. പിന്നീടാണ് കേസ് സി.ബി.ഐയ്ക്ക് വിടുന്നത്. എന്നാല്‍, തുടക്കത്തില്‍ പൊലിസ് അന്വേഷിച്ചിട്ടും ഇപ്പോഴത്തെ വെളിപ്പെടുത്തലില്‍ പറയുന്ന കാര്യങ്ങളൊന്നും കണ്ടെത്തിയിരുന്നില്ല. ആരാണ് ഇതിന് തടസം നിന്നതെന്നും എന്തായിരുന്നു തര്‍ക്കമെന്നും കോടിയേരിയാണ് പറയേണ്ടതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഫസല്‍ കേസ്: ഡി.വൈ.എസ്.പിമാര്‍ക്കെതിരേ കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്
കോഴിക്കോട്: ഫസല്‍ കൊലയുമായി ബന്ധപ്പെട്ട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ സുബീഷിന്റെ മൊഴിയെടുത്ത ഡി.വൈ.എസ്.പിമാര്‍ക്കെതിരേ ഭീഷണിയുമായി ബി.ജെ.പി നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. തലശേരിയിലെ എന്‍.ഡി.എഫ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് താനുള്‍പ്പെടെയുള്ള ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന തന്റെ മൊഴി പൊലിസ് ഭീഷണിപെടുത്തി പറയിപ്പിച്ചതാണെന്ന് സുബീഷിന്റെ വെളുപ്പെടുത്തലിനു പിന്നാലെയാണ് ബി.ജെ.പി നേതാവ് കെ സുരേന്ദ്രന്‍ പൊലിസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തികൊണ്ട് പോസ്റ്റിട്ടിരിക്കുന്നത്.
'എടോ സദാനന്ദ, പ്രിന്‍സേ, നീയൊക്കെ പാര്‍ട്ടിക്കാരന്‍മാരാണെങ്കില്‍ രാജിവച്ചിട്ട് ആ പണിക്കു പോകണം. ഇമ്മാതിരി വൃത്തികേട് കാണിച്ചാല്‍ അതു മനസിലാവാതിരിക്കാന്‍ ഞങ്ങള്‍ വെറും പോഴന്‍മാരൊന്നുമല്ല. സര്‍വിസ് കാലവധി കഴിഞ്ഞാല്‍ നിങ്ങളും ഞങ്ങളുമൊക്കെ വെറും സാദാ പൗരന്‍മാര്‍ തന്നെ. മൈന്‍ഡ് ഇറ്റ് '. ഇങ്ങനെയാണ് സുരേന്ദ്രന്‍ പോസ്റ്റില്‍ കുറിച്ചത്.
ഡിവൈ.എസ്.പിമാരായ സദാനന്ദനും പ്രിന്‍സ് അബ്രഹാമിനും എന്താണ് ഈ കേസിലുള്ള താല്‍പര്യമെന്നും ഇത് ചെയ്യുന്നത് ശരിയാണോയെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നുണ്ട്. ടി.പി ചന്ദ്രശേഖരന്‍ കേസ് അന്വേഷിക്കുന്നതിനിടെ താനാണ് കെ.ടി ജയകൃഷ്ണന്‍ മാസ്റ്ററെ ആദ്യം വെട്ടിയതെന്ന് സി.പി.എം പ്രവര്‍ത്തകന്‍ ടി.കെ രജീഷ് നല്‍കിയ മൊഴി എവിടെപോയെന്നും സുരേന്ദ്രന്‍ ചോദിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."