ശുചിത്വമില്ലെന്ന പരാതിയില്‍ ജ്യൂസ് കടകള്‍ക്ക് പിഴ
കണ്ണൂര്‍: ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ നടന്ന കണ്ണൂര്‍ താലൂക്ക്തല പൊതുജന പരാതി പരിഹാര അദാലത്തില്‍ പരിഗണിച്ചത് 144 പരാതികള്‍. നേരത്തെ ലഭിച്ച 79 പരാതികളില്‍ 52 പരാതികള്‍ അദാലത്തില്‍ തീര്‍പ്പാക്കി. പുതുതായി ലഭിച്ച 65 പരാതികള്‍ തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
പരാതിയില്‍ ഒരു മാസത്തിനുള്ളില്‍ തീര്‍പ്പാക്കണമെന്ന് ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. റവന്യു, തദ്ദേശ സ്വയംഭരണം എന്നീ വകുപ്പുകളുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ പരാതികള്‍ ലഭിച്ചത്. ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നാലു പരാതികളും വാര്‍ധക്യ പെന്‍ഷനുമായി ബന്ധപ്പെട്ട് ഒന്‍പത് പരാതികളും അദാലത്തില്‍ ലഭിച്ചു. വയോജന കേന്ദ്രം തുടങ്ങണമെന്നും റോഡ് സുരക്ഷിതമാക്കണമെന്നുമുള്ള പരാതികളും അദാലത്തില്‍ പരിഗണിക്കപ്പെട്ടു.
ശുചിത്വമില്ലാത്ത വെള്ളവും പഴങ്ങളും പാത്രങ്ങളും ഉപയോഗിച്ചതിന് കണ്ണൂര്‍ ടൗണില്‍ പ്രവര്‍ത്തിക്കുന്ന രണ്ട് ജ്യൂസ് കടകള്‍ക്കെതിരേ അദാലത്തില്‍ നടപടി സ്വീകരിച്ചു. 3000, 1500 രൂപ വീതമാണ് ഈ കടകള്‍ക്ക് പിഴയീടാക്കിയിരിക്കുന്നത്. കൂടാതെ വെള്ളം പരിശോധിച്ചതിന്റെ സര്‍ട്ടിഫിക്കറ്റ് കടകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഭക്ഷ്യ സുരക്ഷ വകുപ്പും കോര്‍പ്പറേഷനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാവിലെ 10 മണിക്ക് കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ ആരംഭിച്ച അദാലത്ത് ഉച്ചയ്ക്ക് രണ്ടുമണി വരെ നീണ്ടു. എ.ഡി.എം ഇ. മുഹമ്മദ് യൂസഫ്, തഹസില്‍ദാര്‍ വി.എം സജീവന്, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ അദാലത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."