യൂസഫലിക്കെതിരേ വ്യക്തിഹത്യ; അറസ്റ്റിലായ മലയാളി മോചിതനായി
റിയാദ്: ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്കെതിരേ വ്യക്തിഹത്യ നടത്തിയ കേസില്‍ അറസ്റ്റിലായ മലയാളി മോചിതനായി. ലുലു ഗ്രൂപ്പ് ലീഗല്‍ ടീമിന്റെ പരാതിയില്‍ അറസ്റ്റിലായ മലയാളിയെയാണ് എം. എ യൂസഫലി തന്നെ ഇടപെട്ട് മോചിപ്പിച്ചത്.
ബി.ഡി.ജെ.എസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി യു.എ.ഇയില്‍ കുടുങ്ങിയ ചെക്ക് കേസുമായി ബന്ധപ്പെട്ട് യൂസഫലിയുടെ പേജില്‍ ഇയാള്‍ സഭ്യേതരമായ കമന്റിട്ടിരുന്നു. കിഴക്കന്‍ പ്രവിശ്യയിലെ ഷാജി പുരുഷു എന്നയാള്‍ തന്റെ ഫേസ്ബുക്കില്‍ തന്നെ 'തെറ്റ് പറ്റിപ്പോയെന്നും ഈശ്വരനെ വിചാരിച്ച് മാപ്പ് നല്‍കണമെന്നും ഇപ്പോള്‍ ഇവിടുത്തെ ഗവണ്മെന്റ് നിയമം അനുസരിച്ച് എനിക്ക് നാടുകടത്തല്‍ ആണ് അതില്‍ നിന്നു രക്ഷിക്കണമെന്നും' ആവശ്യപ്പെട്ട് സ്വന്തം ഫേസ് ബുക്ക് പേജില്‍ മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ് യൂസഫലി ഇടപട്ട് പരാതി പിന്‍വലിച്ചതും മോചനത്തിനു വഴി തെളിഞ്ഞതും.
യൂസഫലിക്കെതിരേ സമൂഹ മാധ്യമങ്ങളില്‍ വ്യക്തിപരമായി അധിക്ഷേപിക്കുന്നവര്‍ക്കെതിരേ സഊദി അറേബ്യയടക്കമുള്ള ജി.സി.സി രാഷ്ട്രങ്ങളില്‍ നിയമനടപടി ആരംഭിച്ചതായി സൂചനയുണ്ട്. ജിദ്ദയിലും മറ്റുമായി നാലു മലയാളികള്‍ക്കെതിരേ നിയമ നടപടി സ്വീകരിച്ചതായാണ് ലുലു വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സഊദി സൈബര്‍ നിയമ പ്രകാരം വ്യക്തിഹത്യ നടത്തിയാല്‍ വന്‍തുക പിഴയും നാടുകടത്തലുമാണ് ശിക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."