രാമന്തളിയില്‍ കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷം
പയ്യന്നൂര്‍: പുതിയ മണ്ഡലം പ്രസിഡന്റിനെ നിയമിച്ചതുമായി ബന്ധപ്പെട്ട് രാമന്തളിയിലെ കോണ്‍ഗ്രസിനകത്ത് ഭിന്നത രൂക്ഷമായി. പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ് നിലവിലുള്ള പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം ബഹിഷ്കരിച്ചു.
എന്‍.വി കൃഷ്ണനെ മാറ്റിയാണു പുതിയ പ്രസിഡന്റായി മുട്ടില്‍ സുധാകരനെ ഡി.സി.സി പ്രസിഡന്റ് നിയമിച്ചത്. എന്നാല്‍ നിലവിലുള്ള പ്രസിഡന്റിനോടോ മണ്ഡലത്തിലെ പ്രധാന നേതാക്കളോടോ ആലോചിക്കാതെ ചിലരുടെ താല്പര്യത്തിനുസരിച്ചാണു പുതിയ പ്രസിഡന്റിനെ നിയമിച്ചതെന്നാണ് ആക്ഷേപം. ഈ നിയമനത്തിനെതിരേ നിലവിലുള്ള പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം ശക്തമായി തന്നെ ഡി.സി.സി നേതൃത്വത്തെ എതിര്‍പ്പ് അറിയിച്ചതിനു പിന്നാലെയാണു പുതിയ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങും ഈവിഭാഗം ബഹിഷ്കരിച്ചത്.
രാമന്തളി മണ്ഡലത്തിലെ കോണ്‍ഗ്രസിനകത്ത് നേരത്തെ തന്നെ ഭിന്നത നിലനില്‍ക്കുന്നുണ്ട്. അത് ഒന്നുകൂടി രൂക്ഷമാക്കുന്നതാണ് ഇപ്പോഴുണ്ടായ പുതിയ പ്രസിഡന്റിന്റെ നിയമനമെന്നു പറയുന്നു. ഡി.സി.സി പ്രസിഡന്റ് സതീശന് പാച്ചേനി സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്യുമെന്നാണ് അറിയിച്ചതെങ്കിലും അദ്ദേഹം ചടങ്ങില്‍ എത്തിയില്ല. പകരം കെ.പി.സി.സി നിര്‍വാഹകസമിതി അംഗം എം. നാരായണന് കുട്ടിയാണ് ഉദ്ഘാടനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."