39,716.57 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം; ലണ്ടന്‍, സിങ്കപ്പൂര്‍ രാജ്യങ്ങളില്‍ മസാല ബോണ്ട് പുറപ്പെടുവിക്കും
തിരുവനന്തപുരം: സംസ്ഥാനത്തു ഇതുവരെ 39,716.57 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി. ഏഴ് അടിസ്ഥാന സൗകര്യപദ്ധതികള്‍ക്കായി 16,404 കോടിയുടെ പദ്ധതികള്‍ക്കാണ് കഴിഞ്ഞദിവസം ചേര്‍ന്ന കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കിയത്. പാലക്കാട്, കണ്ണൂര്‍ വ്യവസായ പാര്‍ക്കുകള്‍ക്കുള്ള സ്ഥലമെടുപ്പിന് 12,710 കോടി രൂപ അനുവദിക്കാന്‍ കിഫ്ബി തീരുമാനിച്ചു. 5366 ഏക്കര്‍ ഭൂമിയാണ് രണ്ടു ജില്ലകളിലായി ഏറ്റെടുക്കുന്നത്.
ആലപ്പുഴയിലെ പെരുമ്പലം പാലം (96 കോടി), എറണാകുളത്ത് തേവര കുംബളം പാലം (97 കോടി), കോഴിക്കോട് പുതിയങ്ങാടി കൃഷ്ണന്‍നായര്‍ റോഡ് വിപുലീകരണം (155.50 കോടി), ഇടുക്കിയിലെ ഉടുമ്പഞ്ചോല രാജാക്കാട് ചിത്തിരപുരം റോഡു വികസനം (145.67 കോടി), അങ്കമാലി മുനിസിപ്പാലിറ്റി, തുറവൂര്‍, മഞ്ഞപ്ര, മലയാറ്റൂര്‍, അയ്യമ്പുഴ പഞ്ചായത്തുകളിലെ കുടിവെള്ള വിതരണ വിതരണപദ്ധതികളുടെ അനുബന്ധപ്രവര്‍ത്തനങ്ങള്‍ (115.93 കോടി) കൊച്ചിയില്‍ ജലഗതാഗത പദ്ധതിയ്ക്ക് സ്ഥലമെടുപ്പ് (566.51 കോടി) എന്നിവയാണ് ബോര്‍ഡ് യോഗം പുതുതായി അംഗീകാരം നല്‍കിയ മറ്റു പദ്ധതികള്‍.
ലണ്ടന്‍, സിങ്കപ്പൂര്‍ എന്നീ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി മസാല ബോണ്ട് പുറപ്പെടുവിക്കാനും യോഗം തീരുമാനിച്ചു. പദ്ധതികള്‍ക്കുവേണ്ടി വിവിധ ബാങ്കുകളില്‍ നിന്നും ടേം ലോണുകളെടുക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിജയകരമായി നടപ്പാക്കപ്പെട്ട ഫുള്‍ ഡെപ്ത് റിക്ലമേഷന്‍, കോള്‍ഡ് റീസൈക്ലിംഗ്, ജിയോസെല്‍സ്, മൈക്രോ സര്‍ഫിംഗ്, സോയില്‍ നൈലിംഗ് തുടങ്ങിയ നൂതന സാങ്കേതികവിദ്യ കിഫ്ബി പദ്ധതികളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കുന്നതിനെ സംബന്ധിച്ചും കിഫ്ബി ഡയറക്ടര്‍ ബോര്‍ഡ് യോഗം ചര്‍ച്ച ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."