പരിഹാരത്തിന് തിരക്കിട്ട നയതന്ത്ര ചര്‍ച്ചകള്‍
ദോഹ: ഖത്തറും ചില അയല്‍ രാജ്യങ്ങളും തമ്മിലുള്ള പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ നയതന്ത്രതലത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. ഖത്തര്‍ വിദേശകാര്യമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍ റഹ്്മാന്‍ ആല്‍ഥാനി മോസ്‌കോയില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവുമായി ചര്‍ച്ച നടത്തി. പ്രശ്‌ന പരിഹാരത്തിനായി എല്ലാ പിന്തുണയും റഷ്യ വാഗ്്ദാനം ചെയ്യുന്നതായി സെര്‍ജി ലാവ്‌റോവ് പറഞ്ഞു.
നേരത്തെ യൂറോപ്യന്‍ യൂനിയന്‍ വിദേശകാര്യ ഹൈ റപ്രസന്റേറ്റീവ് ഫെഡറിക മോഗേറിനി, സിംഗപ്പൂര്‍ വിദേശകാര്യമന്ത്രി വിവിയന്‍ ബാലകൃഷ്ണന്‍, ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ആന്‍ജലിനോ അല്‍ഫാനോ, കെനിയന്‍ വിദേശകാര്യമന്ത്രി ആമിന മുഹമ്മദ് തുടങ്ങിയവരുമായി ഖത്തര്‍ വിദേശകാര്യ മന്ത്രി ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു. ബന്ധപ്പെട്ട രാജ്യങ്ങളുമായും യൂറോപ്യന്‍ യൂനിയനുമായുള്ള ഖത്തറിന്റെ ബന്ധവും സഹകരണവും വിലയിരുത്തുകയും ഗള്‍ഫ് മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
വിവിധ രാജ്യങ്ങളിലെ ഖത്തര്‍ നയതന്ത്ര പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കാളിത്തം വഹിക്കുന്നുണ്ട്. ഇന്തോനേഷ്യന്‍ വിദേശകാര്യമന്ത്രി റെത്‌നോ ലെസ്തരി പ്രിയന്‍സരി മര്‍സൂദി ഇന്തോനേഷ്യയിലെ ഖത്തര്‍ അംബാസഡര്‍ അഹ്മദ് ബിന്‍ ജാസിം അല്‍ഹമറുമായി ചര്‍ച്ച നടത്തി. ഇന്തോനേഷ്യന്‍ പ്രസിഡന്റിന്റെയും മിഡില്‍ഈസ്റ്റിന്റെയും ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോര്‍പറേഷന്റെയും പ്രതിനിധി ഡോ.അല്‍വി ഷിഹാബുമായും ചര്‍ച്ച നടത്തി.
നാറ്റോ ഡെപ്യൂട്ടി അസിസ്റ്റന്റ് സെക്രട്ടറി ജനറല്‍ ജെയിംസ് അപ്പാതുറല്‍ ബെല്‍ജിയത്തിലെ ഖത്തര്‍ അംബാസഡര്‍ അബ്ദുല്‍റഹ്്മാന്‍ ബിന്‍ മുഹമ്മദ് അല്‍ഖുലൈഫിയുമായി ചര്‍ച്ച നടത്തി. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഫിലിപ്പ് എതീന്‍ ഫ്രാന്‍സിലെ ഖത്തര്‍ അംബാസഡര്‍ ഖാലിദ് ബിന്‍ റാഷിദ് അല്‍മന്‍സൂരിയുമായി ചര്‍ച്ച നടത്തി. ഫിലിപ്പീന്‍സ് വിദേശകാര്യമന്ത്രിയുടെ അസിസ്റ്റന്റ് സെക്രട്ടറി ഹിജയ്‌സീലിന്‍ ക്വിന്റാന ഫിലിപ്പീനിലെ ഖത്തര്‍ അംബാസഡര്‍ അലി ബിന്‍ ഇബ്‌റാഹിം അല്‍മാലിക്കിയുമായും ബ്രിട്ടീഷ് ഹോം ഓഫിസിലെ വിദേശകാര്യ ഡയറക്ടര്‍ റിച്ചാര്‍ഡ് ക്ലാര്‍ക്ക് യു.കെയിലെ ഖത്തര്‍ അംബാസഡര്‍ യൂസുഫ് ബിന്‍ അലി അല്‍ഖേതറുമായും ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ കരു ജയസൂര്യ ലങ്കയുടെ ഖത്തര്‍ അംബാസഡര്‍ റാഷിദ് ബിന്‍ ഷാഫി അല്‍ മെര്‍റിയുമായും ചര്‍ച്ച നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."