പ്രജിനെ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് ഇടിച്ചും വടികൊണ്ട് അടിച്ചുമാണെന്നു പൊലിസ്
ഒറ്റപ്പാലം: ഇരട്ട കൊലപാതക കേസിലെ പ്രതി പ്രജിനെ (28) കഴിഞ്ഞ ദിവസം രാത്രിയില്‍ കൊലപ്പെടുത്തിയത് കല്ലുകൊണ്ട് ഇടിച്ചും വടികൊണ്ട് അടിച്ചുമാണെന്നു തെളിഞ്ഞു. കണ്ണിയംപുറം ഭാരതപുഴ റോഡ് കൂനന്‍തുള്ളി കടവിന് സമീപം ഫുഡ്‌ബോള്‍ ഗ്രൗണ്ടില്‍ രാത്രി 8.30നാണ് കൊലപാതകം നടന്നത്. പ്രജിനെ മര്‍ദ്ദനമേറ്റ് ഗുരുതരാവസ്ഥയില്‍ ബോധരഹിതനായി റെയില്‍വേ ട്രാക്കില്‍ നിന്ന് പൊലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ. വൈകീട്ട് ആറ് മണിയോടെ പ്രജിനും സുഹൃത്തുക്കളും മദ്യപിക്കാനായി ഗ്രൗണ്ടില്‍ എത്തിയിരുന്നു. ഇതിനെ ചോദ്യം ചെയ്ത ഇപ്പോള്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന രജ്ഞിത്തും രതീഷും രംഗത്ത് വന്നു. ഇതോടെ പ്രജിനും രഞ്ജിത്തും തമ്മില്‍ വാക്കേറ്റവും കയ്യേറ്റവും നടന്നു.
ഇതിനിടെ വടിയും കല്ലും ഉപയോഗിച്ച് പ്രജിനെ മര്‍ദ്ദിച്ച് വീഴ്ത്തുകയായിരുന്നു. എന്നാല്‍ മര്‍ദ്ദനത്തിനിടെ പ്രജിന്‍ കത്തിയെടുത്ത് രഞ്ജിത്തനേയും രതീഷനേയും കുത്തി. കഴിഞ്ഞവര്‍ഷം കിള്ളിക്കാവ് പൂര ദിവസം രാത്രിയില്‍ നടന്ന സംഘടനത്തില്‍ രണ്ട് പേരെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് കൊല്ലപ്പെട്ട പ്രജിന്‍. ഇതടക്കം ആറോളം കേസുകള്‍ ഇയാള്‍ക്കെതിരെ ഒറ്റപ്പാലം പൊലീസ് സ്റ്റേഷനിലുണ്ട്. ഗുരുതരമായി വാണിയംകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രഞ്ജിത്തും രതീഷും അപകടനില തരണം ചെയ്തതായി ഡോക്ടര്‍മാര്‍ പൊലീസിനോട് പറഞ്ഞു. പ്രജിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുകയാണെന്നും പ്രതികളെപ്പറ്റി വ്യക്തമായ സൂചനയുണ്ടെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. പ്രജിന്റെ മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."