ബി.ജെ.പിയുടെ 'നല്ല മുസ്‌ലിം' എങ്ങനെ?
മുന്‍ ചീഫ് ജസ്റ്റിസ് പി. സദാശിവം ഗവര്‍ണര്‍ സ്ഥാനത്തുനിന്ന് ഒഴിഞ്ഞതോടെ അദ്ദേഹത്തിന്റെ കസേരയിലേക്ക് എത്തുന്നത് മുന്‍കേന്ദ്രമന്ത്രി ആരിഫ് മുഹമ്മദ് ഖാന്‍ ആണ്. ചരണ്‍സിങിന്റെ ഭാരതീയ ക്രാന്തി ദള്ളിലൂടെ തുടങ്ങിയ രാഷ്ട്രീയജീവിതം ഇതുവരെ സംഭവബഹുലമായിരുന്നു. രാജിവ്ഗാന്ധി മന്ത്രിസഭയില്‍ അംഗമായിരുന്നു അദ്ദേഹം. പിന്നീട് വി.പി സിങ്ങിന്റെ ജനതാപാര്‍ട്ടിയുടെ നേതൃത്വത്തില്‍ അവിടെയും നമ്മള്‍ അദ്ദേഹത്തെക്കണ്ടു. ഭാരതീയ ജനതാ പാര്‍ട്ടിയിലേക്കാണ് ഏറ്റവും അവസാനം കൂടുമാറിയത്. ബി.ജെ.പി വിട്ട് പുറത്ത് വന്നെങ്കിലും ബി.ജെ.പി തങ്ങളുടെ ഉപകാരസ്മരണയായി വച്ചു നീട്ടുന്നത് കേരളത്തിന്റെ ഗവര്‍ണര്‍ സ്ഥാനമാണ്. ചില്ലറ ഉത്തരവാദിത്തമല്ല ജനാബ് ആരിഫ് മുഹമ്മദ് ഖാനെ തേടിയെത്തിയിരിക്കുന്നത്.
ഉയര്‍ന്ന രാഷ്ട്രീയ അവബോധം ഉള്ളതുകൊണ്ടു തന്നെ ബി.ജെ.പിക്ക് ഇനിയും ചുവടുറപ്പിക്കാന്‍ കഴിയാത്ത രണ്ടുസംസ്ഥാനങ്ങളാണ് കേരളവും പശ്ചിമബംഗാളും. ഈ രണ്ടു സംസ്ഥാനവും കൂടി പിടിച്ചെടുക്കുന്നതുവരെ അലംഭാവം കാണിക്കരുതെന്നാണ് പാര്‍ട്ടി സുപ്രിമോ അമിത് ഷാ അണികള്‍ക്ക് നല്‍കിയിട്ടുള്ള സാരോപദേശം. ഭാരതീയ ജനതാ പാര്‍ട്ടിയുടെ സുവര്‍ണകാലം പുലരുക കേരളവും പശ്ചിമബംഗാളും അവരുടെ കൈകളില്‍ എത്തുമ്പോഴാണെന്നാണ് ഖാനും വിശ്വസിക്കുന്നത്. ഏതായാലും ബി.ജെ.പിയുടെ ഗുഡ്ബുക്‌സില്‍ കയറിപ്പറ്റിയ കറകളഞ്ഞ മുസ്‌ലിമാണ് മുഹമ്മദ് ആരിഫ് ഖാന്‍ എന്നതില്‍ തര്‍ക്കമില്ല. കഴിഞ്ഞ മുപ്പതുവര്‍ഷമായി മുത്വലാഖിനെ ശക്തമായി എതിര്‍ത്തുകൊണ്ടിരിക്കുകയാണെന്നാണ് അദ്ദേഹം തന്നെ പറയുന്നത്.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശരാശരി ഒരു 'നല്ല മുസ്‌ലിം' എങ്ങനെയായിരിക്കണം എന്നതിന്റെ മകുടോദാഹരണമാണ് ഖാന്‍. എന്നാല്‍ പ്രത്യേകം എടുത്തുപറയേണ്ട വസ്തുത കോണ്‍ഗ്രസിന്റെ നല്ല മുസ്‌ലിം അല്ല ബി.ജെ.പിയുടെ മുസ്‌ലിം എന്ന വ്യത്യാസം മാത്രമേയുള്ളൂ. ഇന്നത്തെ രാഷ്ട്രീയ പരിസരത്ത് ഒരു 'നല്ല മുസ്‌ലിമി'ല്‍ ഉണ്ടായിരിക്കേണ്ട ഘടകങ്ങള്‍ താഴെ പറയുന്നു.
സാംസ്‌കാരിക മൂലധനം
(കള്‍ച്ചറല്‍ കാപിറ്റല്‍)
നീതിമാനായ ഒരു രാഷ്ട്രീയനേതാവോ, പ്രതിനിധിയോ ആകാന്‍ താന്‍ പ്രാപ്തനോ പ്രാപ്തയോ ആണെന്നുകാണിക്കാന്‍ മുസ്‌ലിംകള്‍ക്ക് സാംസ്‌കാരിക മൂലധനം ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. ഉദാഹരണത്തിന് കുടുംബ പാരമ്പര്യം, വിദ്യാഭ്യാസം, രാഷ്ട്രീയപാരമ്പര്യം, അധികാരത്തിലുള്ള മേല്‍ക്കോയ്മ ഒക്കെ രാഷ്ട്രീയക്കാരനായ ഒരു നല്ല മുസ്‌ലിമിനുവേണ്ടുന്ന പ്രധാന ഗുണങ്ങളാണ്.
പാരമ്പര്യ ഉലമാക്കളും ആധുനിക ലിബറല്‍ മുസ്‌ലിംകളും തമ്മിലുള്ള അന്തരമൊന്നും ഇവിടെ പ്രധാനമല്ല. സ്വാതന്ത്ര്യത്തിനുശേഷം, ഒന്നാംതലമുറയില്‍ പെട്ട പ്രധാന മുസ്‌ലിം രാഷ്ട്രീയ നേതാക്കളെല്ലാം സമ്പത്തും പ്രതാപവുമുള്ള കുടുംബങ്ങളില്‍ നിന്നും വന്നവരായിരുന്നു. ഇന്നും അവര്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അനിഷേധ്യ സാന്നിധ്യമായി നില്‍ക്കുന്നവരാണ്. തങ്ങളുടെതായ സ്ഥാനം ഉണ്ടാക്കിയെടുക്കാന്‍ അവരുടെ പക്കലുണ്ടായിരുന്ന സാംസ്‌കാരിക മൂലധനം അവര്‍ ഉപയോഗിക്കുകയായിരുന്നു.
1990കളിലാണ് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മതനിരപേക്ഷതയും വര്‍ഗീയതയും തമ്മിലുള്ള വിഭാഗീയത ഏറിയത്. അന്ന് ഏറെ ചര്‍ച്ചയായത് ഈ സാംസ്‌കാരിക മൂലധനംതന്നെയായിരുന്നു. 1997ല്‍ മുഷിറുല്‍ ഹസന്‍ എഴുതിയ 'ലെഗസി ഓഫ് ഡിവൈഡഡ് നേഷന്‍: ഇന്ത്യാസ് മുസ്‌ലിംസ് സിന്‍സ് ഇന്‍ഡിപ്പെന്‍ഡന്‍സ്' പറയുന്നത്, ചില പുരോഗമന മുസ്‌ലിം കുടുംബങ്ങള്‍ ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കാന്‍ നല്‍കിയ സംഭാവനകളെക്കുറിച്ചാണ്. അവര്‍ മതേതരത്ത മൂല്യങ്ങള്‍ തങ്ങളുടെ കുടുംബങ്ങളില്‍ നിന്നും പഠിച്ചെടുക്കുകയും രാജ്യത്തിന്റെ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കാന്‍ പ്രയത്‌നിച്ചു എന്നും ഹസന്‍ എഴുതുന്നു.
ഉദാഹരണത്തിന് അലിഗഡ് ചിത്രകാരനായ മുഹമ്മദ് ഹബീബും അദ്ദേഹത്തിന്റെ മകന്‍ ഇര്‍ഫാന്‍ ഹബീബും സഹോദരന്‍ മുഹമ്മദ് മുജീബും ഇന്ത്യയുടെ മതനിരപേക്ഷത കാത്തുസൂക്ഷിക്കാന്‍ വേണ്ടി പ്രയത്‌നിച്ചവരാണ്, റഫി അഹമ്മദ് കിദ്വായിയുടെ കുടുംബത്തിലെ ഇളംതലമുറയില്‍പ്പെട്ട സീമ മുസ്തഫ എന്ന ജേണലിസ്റ്റും അവരുടെ സ്വാതന്ത്രസമരപോരാളിയായ മുത്തശ്ശിയുമൊക്കെ ഇന്ത്യയുടെ മതനിരപേക്ഷതയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ചവരാണ്.
ലണ്ടനിലെ ജേണലിസ്റ്റായ ഹസന്‍ സുരൂറിന്റെ പിതാവ് ബ്രിട്ടിഷ് ഉദ്യോഗസ്ഥനായിട്ടും കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. ഇങ്ങനെ സാംസ്‌കാരിക മൂലധനമുള്ള നിരവധി നല്ല മുസ്‌ലിംകളുടെ ചരിത്രഭാഗധേയം മറക്കാനുള്ളതല്ല!.
രാഷ്ട്രീയപരമായി ശരിയായിരിക്കുക (പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്)
രണ്ടാമതായി ഒരു 'നല്ല മുസ്‌ലിമി'ന് വേണ്ടത് പൊളിറ്റിക്കല്‍ കറക്റ്റ്‌നസ് ആണ്. എപ്പോഴും പൊളിറ്റിക്കലി ശരിയായിരിക്കാനുള്ള അധിക ബാധ്യത എന്നും ഒരു 'നല്ല മുസ്‌ലിമി'ന്റെ ചുമലിലായിരിക്കും. ബന്ധപ്പെട്ട വ്യക്തിയുടെ രാഷ്ട്രീയ മൂല്യം പ്രകടമാക്കാന്‍ അത് അത്യാവശ്യവുമാണ്. 60കളിലെ കോണ്‍ഗ്രസ് നേതൃത്വം ദേശീയ മുഖ്യധാരയില്‍ ഭാഗമാകാന്‍ മുസ്‌ലിംകളോട് ആവശ്യപ്പെടുമായിരുന്നു. അവരുടെ പ്രഭാഷണങ്ങളിലും ലേഖനങ്ങളിലും ഒരു നല്ല ആദര്‍ശമുസ്‌ലിം എങ്ങനെയായിരിക്കണമെന്ന് താജ്മഹലും മുഗള്‍ ചക്രവര്‍ത്തി അക്ബറെയും ഉയര്‍ത്തിക്കാണിച്ച് അവര്‍ ഉദാഹരിച്ചിരുന്നു. അതാണ് ഉദാത്ത മതേതര ഇന്ത്യയെന്ന ബോധ്യം മുഖ്യധാരയില്‍ സജീവമായിരുന്നുവെങ്കിലും ഷഹന്‍ഷാ അക്ബറല്ലാതെ ഒരു സാധാരണ പൗരനായ മുസ്‌ലിം എങ്ങനെയാണ് സമ്മതിദാന രാഷ്ട്രീയ പ്രക്രിയയില്‍ വര്‍ത്തിക്കുന്നതെന്നോ, എന്താണ് അവരുടെ സംഭാവനകളെന്നോ ആരുംതന്നെ ചര്‍ച്ചചെയ്യുന്നില്ല. മുസ്‌ലിംകളുടെ രാഷ്ട്രീയ പങ്കാളിത്തത്തെ മുസ്‌ലിംകളുടെ രാജകീയമായ ഗതകാലത്തിലൂടെയാണ് കോണ്‍ഗ്രസ് എന്നും അഭിസംബോധന ചെയ്യുന്നത്.
ബി.ജെ.പിയുടെ'നല്ല മുസ്‌ലിമി'ന്റെ
മറ്റു പ്രത്യേകതകള്‍
ഇനി ബി.ജെ.പിയുടെ 'നല്ല മുസ്‌ലിംകള്‍' ആരാണെന്നു നോക്കാം. ബി.ജെ.പിയുടെ നല്ല മുസ്‌ലിം വിവക്ഷയില്‍ മേല്‍പ്പറഞ്ഞ ഘടകങ്ങളും ഒത്തുചേരുന്നു. സഫര്‍ സരേഷ്‌വാല, സഫര്‍ ഇസ്‌ലാം, മുഖ്താര്‍ അബ്ബാസ് നഖ്‌വി, ഷാനവാസ് ഹുസൈന്‍, നജ്മ ഹെപ്തുല്ല, ആരിഫ് മുഹമ്മദ് ഖാന്‍ എന്നിവര്‍ക്കൊക്കെ സാംസ്‌കാരിക മൂലധനം വേണ്ടുവോളമുണ്ട്. രാഷ്ട്രീയമായ ശരികള്‍ അതിനേക്കള്‍ ഏറെയുണ്ട്. മുസ്‌ലിംകളുടെ കാര്യത്തില്‍ ബി.ജെ.പിയുടെ നിലപാടുകളോട് ചേര്‍ന്നു പോകുന്നവരുമാണ്. എന്നാലും കോണ്‍ഗ്രസിന്റെ നല്ല മുസ്‌ലിംകളെ പോലെയല്ല ബി.ജെ.പിയുടെ നല്ല മുസ്‌ലിംകള്‍. രണ്ടുതരത്തിലാണ് അവ വ്യത്യാസപ്പെട്ടിരിക്കുന്നത്.
ഒന്നാമതായി കോണ്‍ഗ്രസ് മുസ്‌ലിം എന്ന ആശയത്തെ ക്രിയാത്മകമായിട്ടാണ് കാണുന്നത്. ലളിതമായി പറഞ്ഞാല്‍ നെഹ്‌റുവിന്റെ നാനാത്വത്തില്‍ ഏകത്വം എന്ന തിസീസിലാണ് അവര്‍ മുസ്‌ലിംകളെ കാണുന്നത്. മുസ്‌ലിംകളുടെ ദേശസ്‌നേഹം ചോദ്യം ചെയ്യപ്പെടുമ്പോഴൊക്കെ, ഇസ്‌ലാം പുറത്തുനിന്നു വന്നതാണെങ്കിലും ഇന്ത്യന്‍ പാരമ്പര്യവുമായി അവര്‍ നൂറ്റാണ്ടുകളോളം ഇഴകിക്കഴിഞ്ഞതിനാല്‍ മുസ്‌ലിംകള്‍ ദേശഭക്തരും തികഞ്ഞദേശീയവാദികളുമാണെന്നാണ് കോണ്‍ഗ്രസ് ഭാഷ്യം.
എന്നാല്‍ ബി.ജെ.പിയിലെ 'നല്ല മുസ്‌ലിംകള്‍ക്ക്,' ഇന്ത്യയിലെ സര്‍വ പ്രശ്‌നങ്ങളുടെയും നൈസര്‍ഗിക കാരണം ഇസ്‌ലാം മതവിശ്വാസികളാണെന്ന് പറഞ്ഞുകൊണ്ടേയിരിക്കേണ്ട അവസ്ഥയാണ്. ഇസ്‌ലാം അന്യമതമാണെന്നും ഇന്ത്യന്‍ സംസ്‌കാരത്തെയും പാരമ്പര്യത്തെയും ഒരു മുസ്‌ലിമും ഒരിക്കലും ഹൃദയത്തിലേക്ക് എടുക്കുന്നില്ലെന്നും അവര്‍ക്ക് തര്‍ക്കിച്ചുകൊണ്ടേയിരിക്കണം. അതുകൊണ്ടുതന്നെ ഇസ്‌ലാമിനെ നവീകരിക്കുകയും മുസ്‌ലിംകളില്‍ ഭാരതീയരെന്ന തോന്നല്‍ ഉണ്ടാക്കിയെടുക്കണമെന്നുമാണ് ബി.ജെ.പി ചിന്തിക്കുന്നത്.
മുസ്‌ലിംകള്‍ സ്വയം അടിച്ചേല്‍പ്പിക്കുന്ന അന്യതാബോധം അവര്‍ കളയണമെന്നാണ് സഫര്‍ ഇസ്‌ലാമിന്റെ നിര്‍ദേശം. അതേസമയം മുസ്‌ലിംകള്‍ സ്വന്തം പ്രശ്‌നങ്ങളില്‍ ആദ്യം പരിഹാരം കാണണമെന്നാണ് നജ്മാ ഹെപ്തുല്ലയുടെ നിരീക്ഷണം, ആരിഫ് മുഹമ്മദ് ഖാന്റെ യൂനിഫോം സിവില്‍ കോഡിലുള്ള നിലപാട് (അത് മുസ്‌ലിംകള്‍ക്ക് മാത്രം ബാധകമെന്നപോലെ)ആര്‍.എസ്.എസിന്റെ പഴയ ഭാരതീയവല്‍ക്കരണ തിയറിയില്‍ നിന്നും വേരെടുത്തതാണ്. രണ്ടാമതായി ബി.ജെ.പിയുടെ മുസ്‌ലിംകള്‍ക്ക് മറ്റു മുസ്‌ലിംകള്‍ ഒരിക്കലും ബി.ജെ.പിയിലേക്ക് കടന്നുവരില്ലെന്നു തെളിയിച്ചുകൊണ്ടേയിരിക്കണം. മുസ്‌ലിംകളും ബി.ജെ.പിയും എന്ന വിഷയത്തില്‍ ബി.ജെ.പി മുസ്‌ലിംള്‍ക്ക് തങ്ങളുടെ ദേശീയവാദം തെളിയിച്ചുകൊണ്ടേയിരിക്കണം. ഒപ്പം മുസ്‌ലിംകള്‍ക്കെതിരേയുള്ള ചര്‍ച്ചകളും സജീവമായി നടത്തേണ്ടതുണ്ട്. ആ ചര്‍ച്ചകളെല്ലാം ഒരു സാധാരണ മുസ്‌ലിം പൗരനെ ഒറ്റപ്പെടുത്താനോ അവരെ തീവ്രവാദിയാക്കാനോ മാത്രമായി നടത്തുന്നതുമായിരിക്കും. അതുകൊണ്ട് മുസ്‌ലിംകള്‍ എന്നാല്‍ പരിഹാരമില്ലാത്ത പ്രശ്‌നമാണെന്ന് ആരിഫ് മുഹമ്മദ് ഖാനെപോലുള്ള മുസ്‌ലിംകള്‍ പറഞ്ഞുകൊണ്ടേയിരിക്കും. കാരണം അദ്ദേഹമാണല്ലോ നമ്മുടെ കാലത്തെ സര്‍വഗുണസമ്പന്നനായ മുസ്‌ലിം.
(ഡി.എസ്.ഡി.എസ്സിലെ അസോഷ്യേറ്റ് പ്രൊഫസറാണ് ലേഖകന്‍. സിയാസി മുസ്‌ലിംസ്: എ സ്‌റ്റോറി ഓഫ് പൊളിറ്റിക്കല്‍ ഇസ്‌ലാം ഇന്‍ ഇന്ത്യ എന്ന പുസ്തകത്തിന്റെ രചയിതാവാണ്. സ്വതന്ത്ര വിവര്‍ത്തനം: സരിത മാഹിന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."