സാക്കിര്‍ നായികിനെ വിട്ടുതരണമെന്ന് മലേഷ്യന്‍ പ്രധാനമന്ത്രിയോട് നരേന്ദ്രമോദി
ക്വലാലംപുര്‍: വിവിധ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട് മലേഷ്യയില്‍ കഴിയുന്ന പ്രമുഖ സലഫി പ്രഭാഷകന്‍ സാക്കിര്‍ നായികിനെ വിട്ടുകിട്ടണമെന്ന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മലേഷ്യയോട് ആവശ്യപ്പെട്ടു. മലേഷ്യന്‍ പ്രധാനമന്ത്രി ഡോ. മഹാതീര്‍ മുഹമ്മദുമായുള്ള കൂടിക്കാഴ്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്. നായികിനെതിരേ ഇന്ത്യയിലെ വിവിധ കോടതികളിലുള്ള കേസുകളുടെ കാര്യവും അതില്‍ വിചാരണ നടക്കുന്നതും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന ആവശ്യം ഇന്ത്യ നേരിട്ട് ഉന്നയിച്ചത്. എന്നാല്‍, സാക്കിര്‍ നായികിനെ വിട്ടുകിട്ടണമെന്ന ആവശ്യത്തോട് മലേഷ്യ എന്തു മറുപടിയാണ് നല്‍കിയതെന്നു വ്യക്തമല്ല.
അതേസമയം, വിഷയത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച തുടരുമെന്ന് രണ്ടു നേതാക്കള്‍ക്കും ഇടയില്‍ ധാരണയായതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ചെയ്തു. മലേഷ്യയുമായുള്ള ഉഭയകക്ഷി ബന്ധവും വാണിജ്യ-വ്യാപാര ബന്ധവും യോഗത്തില്‍ ചര്‍ച്ചയായതായി വിദേശകാര്യ വക്താവ് രവീഷ്‌കുമാര്‍ ട്വിറ്ററില്‍ കുറിച്ചു. വിദ്വേഷ പ്രസംഗത്തിന്റെ പേരില്‍ സാക്കിര്‍ നായികിന് മലേഷ്യയില്‍ പ്രസംഗിക്കുന്നതിന് അധികൃതര്‍ വിലക്കേര്‍പ്പെടുത്തിയതിന് പിന്നാലെയാണ് അദ്ദേഹത്തെ വിട്ടുകിട്ടാന്‍ ഇന്ത്യ വീണ്ടും ശ്രമം നടത്തുന്നത്. ഓഗസ്റ്റ് മൂന്നിന് മലേഷ്യയിലെ കോട്ട ബാരുവില്‍ ഹിന്ദുക്കളെയും ചൈനീസ് വംശജരെയും ലക്ഷ്യംവച്ചു നടത്തിയ പ്രസംഗത്തിന്റെ പേരില്‍ നായിക് അവിടെയും നടപടി നേരിടുകയാണ്. നിലവില്‍ മലേഷ്യയുടെ പൗരത്വം സ്വന്തമാക്കി അവിടെ കഴിയുകയാണ് സാക്കിര്‍ നായിക്.
ജുമുഅ നിസ്‌കാരത്തിന് നേതൃത്വം കൊടുക്കുന്നതിനും നായികിന് വിലക്കുണ്ട്. ഇതുവരെ നായികിനെ സംരക്ഷിച്ചിരുന്ന മഹാതീറിന്റെ മന്ത്രിസഭയിലുള്ള രണ്ടുമന്ത്രിമാര്‍ അദ്ദേഹത്തെ പുറത്താക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെ നായികിനെ പരസ്യമായി മഹാതീര്‍ തള്ളിപ്പറയുകയുണ്ടായി. ഈ സാഹചര്യത്തിലാണ് നായികിനെ വിട്ടുകിട്ടണമെന്ന ആവശ്യം മഹാതീറിനെ നേരില്‍ക്കണ്ട് ഇന്ത്യന്‍ പ്രധാനമന്ത്രി ആവശ്യപ്പെടുന്നത്.
സാക്കിര്‍ നായികിനെ വിട്ടുകിട്ടാന്‍ ഇന്ത്യ പലതവണ ശ്രമം നടത്തിയിരുന്നുവെങ്കിലും മലേഷ്യന്‍ സര്‍ക്കാര്‍ ആവശ്യം തള്ളുകയായിരുന്നു.
മലേഷ്യയില്‍ നിന്ന് വിട്ടുകിട്ടാനും അദ്ദേഹത്തിനെതിരേ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കണമെന്നും ആവശ്യപ്പെട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) അടക്കമുള്ള ഇന്ത്യയുടെ ഏജന്‍സികളുടെ ആവശ്യം ഇന്റര്‍പോള്‍ മൂന്നുതവണയാണ് തള്ളിയത്. ഇന്ത്യന്‍ ഏജന്‍സികള്‍ ആരോപിക്കുന്ന കുറ്റങ്ങളില്‍ തെളിവില്ലെന്നു ചൂണ്ടിക്കാണിച്ചായിരുന്നു മലേഷ്യയുടെ നടപടി. നായികിനെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് മലേഷ്യക്ക് ഇന്ത്യ 12 അപേക്ഷകളാണ് നല്‍കിയത്. മുഴുവന്‍ മലേഷ്യ തള്ളുകയാണുണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."