ഹര്‍ത്താല്‍
ഇന്നും ഹര്‍ത്താലാണ്. തുടര്‍ച്ചയായി രണ്ടാം ദിവസത്തെ ഹര്‍ത്താല്‍...
രാഷ്ട്രീയ കൊലപാതകത്തില്‍ പ്രതിഷേധിച്ച് രണ്ട് പാര്‍ട്ടികള്‍ മാറി മാറി ആഹ്വാനം ചെയ്തത്...
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് ഹര്‍ത്താല്‍...പാല്‍, പത്രം തുടങ്ങി അവശ്യസാധനങ്ങളെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. ആറു മണിയാവാന്‍ കാത്തിരിക്കുകയാണ് അയാള്‍.
ആറു മണിക്ക് ശേഷം കട തുറക്കുമല്ലോ? എന്നിട്ടു വേണം അരി വാങ്ങാന്‍. അരി അവശ്യസാധനം അല്ലാത്തതുകൊണ്ട് ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടില്ലല്ലോ...
വീട്ടില്‍ ഒരു മണി അരിയില്ല. ആകെയുണ്ടായിരുന്ന നാഴിയരി കൊണ്ട് ഉച്ചയ്ക്ക് കഞ്ഞിയുണ്ടാക്കി കുഞ്ഞുങ്ങള്‍ക്ക് കൊടുത്തു. മിച്ചംവന്നത് അയാളും ഭാര്യയും കഴിച്ചു. അത്താഴത്തിന് ഒന്നുമില്ല. രണ്ടു ദിവസമായി പണിക്കു പോകാത്തതുകൊണ്ട് ചില്ലിക്കാശില്ല...
നുള്ളിപ്പെറുക്കികൊണ്ടിരിക്കേ എന്നോ മറന്നുവച്ച ഒരു അന്‍പത് രൂപ കിട്ടി. അത് കൊണ്ട് അരിയും പയറും വാങ്ങാം. നാളെ ഉച്ചവരെ അത് വെച്ച് ഒപ്പിക്കണം. നാളെ പണിക്കു പോകാമല്ലോ..എന്നിട്ടുവേണം സാധനങ്ങള്‍ വാങ്ങാന്‍.
അയാള്‍ കണക്കുകൂട്ടി. പാവം കുഞ്ഞുങ്ങള്‍...
വിശക്കുന്നുണ്ടാകും. ഒന്നു വേഗം ആറു മണിയായാല്‍ മതിയായിരുന്നു. അയാള്‍ അസ്വസ്ഥതയോടെ അങ്ങോട്ടുമിങ്ങോട്ടും നടന്നു.
ആറുമണിയാകാറായപ്പോള്‍ സഞ്ചിയുമെടുത്ത് പുറത്തേക്കിറങ്ങി.
കവലയിലെ കുമാരേട്ടന്റെ കട ലക്ഷ്യമാക്കി നടന്നു. കവലയില്‍ എത്തിയപ്പോള്‍ കട തുറക്കുന്നതേയുള്ളു. കുറച്ച് പേര്‍ സാധനങ്ങള്‍ വാങ്ങാന്‍ കാത്തുനില്‍ക്കുന്നുണ്ട്. തന്നെ പോലെ അന്നന്ന് കിട്ടുന്നതിനു അരി വാങ്ങുന്നവരാകും.
അപ്പോഴേക്കും കട തുറന്നു.
എല്ലാവരും വാങ്ങി കഴിയുന്നതുവരെ അയാള്‍ കാത്തു നിന്നു. അവസാനം അയാളുടെ ഊഴമായി.
''ഒരു കിലോ അരിയും 250 ഗ്രാം പയറും''.
അയാള്‍ പറഞ്ഞു...
കുമാരേട്ടന്‍ വേഗം അരിയും പയറും തൂക്കിക്കൊടുത്തു. അയാള്‍ അത് സഞ്ചിയിലേക്ക് എടുത്തുവച്ച് കാശു കൊടുത്തു.
''ഞാന്‍ ഒരു മണിക്കൂറിനകം കടയടയ്ക്കും. വീണ്ടും എന്തെങ്കിലും പ്രശ്‌നം ഉണ്ടായാലോ''?
കുമാരേട്ടന്‍ പറഞ്ഞു.
''ശരിയാ, അധികം വൈകണ്ട''.
അയാളും പറഞ്ഞു..
'നിങ്ങള്‍ തുറന്നില്ലായിരുന്നെങ്കില്‍ എന്റെ മക്കള്‍ അത്താഴ പട്ടിണിയായേനെ'...
അയാള്‍ സഞ്ചിയുമെടുത്ത് പുറത്തേക്കിറങ്ങി.
സമയം ആറര കഴിഞ്ഞതേയുള്ളു... പക്ഷേ
വഴിയില്‍ ഇരുട്ട് വീണു തുടങ്ങിയിട്ടുണ്ടായിരുന്നു.
'നാളെ പണിക്കുപോയിട്ട് വരുംമ്പോള്‍ മീന്‍ എന്തെങ്കിലും വാങ്ങണം... പാവം മക്കള്‍... മീന്‍ വറുത്തത് വേണമെന്ന് പറഞ്ഞു ഇന്നും വാശിപിടിച്ചു.'
ഓരോന്നോര്‍ത്ത് നടന്ന് വീട്ടിലേക്കുള്ള ഇടവഴിയെത്തിയത് അറിഞ്ഞതേയില്ല...
ഇടവഴിയിലേക്ക് തിരിയാന്‍ തുടങ്ങുകയായിരുന്നു...
പെട്ടെന്ന് ഒരു ജീപ്പ് വന്ന് മുന്‍പില്‍ ബ്രേക്കിട്ടു നിന്നു. അതില്‍ നിന്ന് കുറച്ചുപേര്‍ പുറത്തേക്ക് ചാടിയിറങ്ങി...
''ഇന്നത്തേക്ക് ഇവന്‍ മതി..ഇവനെ നമുക്ക് ശരിയാക്കാം''.
അവര്‍ ആക്രോശിച്ചു...
എന്താണ് സംഭവിക്കുന്നത് എന്ന് ചിന്തിക്കാന്‍ അവസരം കിട്ടുന്നതിനു മുന്‍പ് അവര്‍ അയാളെ വെട്ടി വീഴ്ത്തി.
തലങ്ങും വിലങ്ങും വെട്ടേറ്റ അയാളുടെ ശ്വാസം അപ്പോള്‍ത്തന്നെ നിലച്ചു...
ചേതനയറ്റ അയാളുടെ ശരീരം അവിടെയുപേക്ഷിച്ച് അവര്‍ ജീപ്പില്‍ കയറി ഓടിച്ചുപോയി...
അരി വാങ്ങാന്‍ പോയ ഗൃഹനാഥന്‍ വെള്ള പുതച്ചിട്ടാണ് മടങ്ങി വരിക എന്നറിയാതെ അപ്പോഴും വഴിക്കണ്ണുമായി കാത്തിരിക്കുകയായിരുന്നു അയാളുടെ ഭാര്യയും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങളും...
അയാളുടെ മരണം സ്വന്തം അക്കൗണ്ടില്‍ ആക്കാന്‍ വേണ്ടി മത്സരിക്കുകയായിരുന്നു പാര്‍ട്ടിക്കാരപ്പോള്‍...
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."