യാസ്മിനെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലിസ് അപേക്ഷ നല്കി; അധ്യാപികയായി ജോലി ചെയ്തതായി സൂചന
കാഞ്ഞങ്ങാട്: അഫ്ഗാനിസ്ഥാനിലെ കാബൂളിലേക്കു പോകാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായി റിമാന്‍ഡില്‍ കഴിയുന്ന യുവതിയെ കസ്റ്റഡിയില്‍ വിട്ടു കിട്ടാന്‍ പൊലിസ് കോടതിയില്‍ അപേക്ഷ നല്കി.
ബിഹാര്‍ സ്വദേശിനിയും പടന്നയിലെ അബ്ദുല്‍ റഷീദിന്റെ രണ്ടാം ഭാര്യയെന്ന് പറയപ്പെടുകയും ചെയ്യുന്ന ബിഹാര്‍ സ്വദേശിനി യാസ്മിന് അഹമ്മദിനെ കസ്റ്റഡിയില്‍ വിട്ടു കിട്ടുന്നതിന് വേണ്ടി ഹൊസ്ദുര്‍ഗ് ഡി.വൈ.എസ്.പി.കെ.സുനില്‍ബാബുവാണ് ഹൊസ്ദുര്‍ഗ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
യുവതിയുടെ ഐ.എസ്.ബന്ധത്തെ സംബന്ധിച്ചും തൃക്കരിപ്പൂരില്‍നിന്നു കാണാതായവരെ കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍നിന്നു ശേഖരിക്കാനുണ്ടെന്നു പറഞ്ഞാണ് പൊലിസ് കോടതിയില്‍ അപേക്ഷ നല്‍കിയത്.
നാല് ദിവസത്തെ കസ്റ്റഡിയില്‍ യുവതിയെ വിട്ടുകിട്ടണമെന്നാണ് പൊലിസിന്റെ ആവശ്യം. നാല് വയസുള്ള ഇവരുടെ മകളേയും കൊണ്ട് ഡല്‍ഹിയില്‍നിന്നു കാബൂളിലേക്കു പോകാനുള്ള യാത്രക്കിടയിലാണ് യുവതിയെ സംശയത്തിന്റെ പേരില്‍ എംബാര്‍കേഷന്‍ ഉദ്യോഗസ്ഥര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞുവച്ചത്.
തുടര്‍ന്ന് കേന്ദ്ര ഇന്റലിജന്‍സിന്റെ സഹായത്തോടെ പൊലിസ് ഇവരെ അറസ്റ്റു ചെയ്യുകയായിരുന്നു. യാസ്മിന് ജനിച്ചു വളര്‍ന്നതും പഠനം നടത്തിയതും ഗള്‍ഫിലാണെന്നാണ് സൂചന. ഇവര്‍ പടന്ന സ്വദേശിയായ അബ്ദുല്‍ റഷീദിന്റെ രണ്ടാം ഭാര്യയായതില്‍ ദുരൂഹത ഉണ്ടെന്നാണ് പൊലിസിന്റെ പക്ഷം.
കാസര്‍കോടിന് പുറമേ ഇതര ജില്ലകളായ കണ്ണൂര്‍,കോഴിക്കോട്,പാലക്കാട് എന്നിവിടങ്ങളിലും ഒട്ടേറെ തവണ സന്ദര്‍ശനം നടത്തിയ യാസ്മിന് അധ്യാപികയായി ജോലി ചെയ്തിരുന്നതായും അന്വേഷണ സംഘത്തിന് വിവരം ലഭിച്ചതായി സൂചനയുണ്ട്.
നേരത്തെ ഐ.എസ്.ബന്ധമുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്ന ഒരു യുവതി ശ്രീനഗറില്‍ നിന്നും കേരളത്തിലെ ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് പണം അയച്ചതുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ വിവരങ്ങള്‍ യാസ്മിന് അറിയാമെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം.
കാസര്‍ക്കോട്,പാലക്കാട് ജില്ലകളില്‍ നിന്നായി കാണാതായ 21 പേര്‍ക്ക് ഇവര്‍ രാജ്യം വിട്ടതിനു ശേഷമുള്ള സംഭവ വികാസങ്ങള്‍ അപ്പപ്പോള്‍ അറിയിച്ചിരുന്നത് യാസ്മിനാണെന്ന വിവരം പൊലീസിന് ലഭിച്ചതായും സൂചനയുണ്ട്.
യാസ്മിന്റെ കയ്യില്‍ നിന്നും അന്വേഷണ സംഘം കണ്ടെടുത്ത മൊബൈല്‍ ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പൊലിസ് പരിശോധിച്ച് വരുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."