ഒടുവില്‍ ആശുപത്രി അധികൃതര്‍ വഴങ്ങി; രത്‌നകുമാരിയുടെ മൃതദേഹം വിട്ടുനല്‍കി
ആലക്കോട് (കണ്ണൂര്‍): ചികിത്സാ തുക അടയ്ക്കാന്‍ കഴിയാതിരുന്നതിനെത്തുടര്‍ന്ന് അര്‍ബുദരോഗം ബാധിച്ച് മരിച്ച അധ്യാപികയുടെ മൃതദേഹം രണ്ട് ദിവസമായി വിട്ടുനല്‍കാതിരുന്ന തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രി അധികൃതര്‍ ഒടുവില്‍ വഴങ്ങി. കണ്ണൂര്‍ ആലക്കോട് തേര്‍ത്തല്ലി സ്വദേശിനിയായ ഡോ. സി.പി രത്‌നകുമാരിയുടെ (54) മൃതദേഹമാണ് ഇന്നലെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച ഉച്ചയ്ക്കാണു രത്‌നകുമാരി മരിച്ചത്. ചികിത്സ നടത്തിയ വകയില്‍ മൂന്നര ലക്ഷം രൂപ അടച്ചാല്‍ മാത്രമേ മൃതദേഹം വിട്ടുനല്‍കാനാകൂ എന്ന നിലപാടിലായിരുന്നു ആശുപത്രി അധികൃതര്‍. ഇതുസംബന്ധിച്ച് സുപ്രഭാതം കഴിഞ്ഞ ദിവസം നല്‍കിയ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട ആരോഗ്യ മന്ത്രി കെ.കെ ശൈലജയും മുന്‍ ആരോഗ്യ മന്ത്രി പി.കെ ശ്രീമതിയും ആശുപത്രി അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ടതോടെയാണ് അടിയന്തര നടപടികള്‍ ഉണ്ടായത്. തുടര്‍ന്ന് ഉച്ചയ്ക്ക് ഒന്നോടെ ബന്ധുക്കളുമായി നടത്തിയ ചര്‍ച്ചയില്‍ ഉപാധികളില്ലാതെ മൃതദേഹം വിട്ടുനല്‍കാന്‍ ആശുപത്രി അധികൃതര്‍ തയാറായി.
അടയ്ക്കാനുള്ള തുകയില്‍ കുറച്ച് നല്‍കാമെന്ന് നേരത്തെ രത്‌നകുമാരിയുടെ ബന്ധുക്കള്‍ പറഞ്ഞിരുന്നെങ്കിലും ആശുപത്രി അധികൃതര്‍ ചെവിക്കൊണ്ടിരുന്നില്ല. മരണം സംഭവിച്ച് അഞ്ച് മണിക്കൂര്‍ കഴിഞ്ഞിട്ടും മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റിയിരുന്നുമില്ല. ഒടുവില്‍ കണ്ണൂരില്‍നിന്ന് സഹോദരന്‍ എത്തി ഫ്രീസറിന്റെ വാടക നല്‍കിയ ശേഷമാണ് മൃതദേഹം മോര്‍ച്ചറിയിലേക്ക് പോലും മാറ്റിയത്.
കണ്ണൂരിലെ മലയോര മേഖലയില്‍നിന്ന് ആദ്യമായി ഡോക്ടറേറ്റ് നേടിയ വനിത കൂടിയാണു ഡോ. രത്‌നകുമാരി. കഴിഞ്ഞ 15 വര്‍ഷമായി തമിഴ്‌നാട്ടിലെ ഈറോഡിലെ ഒരു പാരലല്‍ കോളജില്‍ അധ്യാപികയായി ജോലിചെയ്തുവരികയായിരുന്നു.
നിരവധി പുസ്തകങ്ങളും ഇവര്‍ രചിച്ചിട്ടുണ്ട്. ആലക്കോട്ടെ പരേതരായ പരമേശ്വരന്‍ ആചാരിയുടെയും ലക്ഷ്മിയമ്മയുടെയും മകളാണ്.
ഭര്‍ത്താവ് അച്യുതന്‍ തൃശൂര്‍ സ്വദേശിയാണ്. മൃതദേഹം ഏറ്റുവാങ്ങിയ ബന്ധുക്കള്‍ വീട്ടിലെ പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് നാലോടെ തൃശൂര്‍ ശാന്തിഘട്ടില്‍ സംസ്‌കാരം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."