പണിയ, അടിയ വിഭാഗങ്ങളെ പ്രാക്തന ഗോത്ര വിഭാഗത്തില്‍ ഉള്‍പ്പെടുത്തണം: ദേശീയ മനുഷ്യാവകാശ കമ്മിഷന്‍
കല്‍പ്പറ്റ: ആദിവാസി വിഭാഗത്തിലെ ഏറ്റവും താഴ്ത്തട്ടിലുള്ള അടിയ, പണിയ വിഭാഗങ്ങളെ പ്രാക്തന ഗോത്രവിഭാഗമായി പരിഗണിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷനംഗം ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു. പ്രത്യേക പരിഗണനയ്ക്ക് അര്‍ഹരായവര്‍ എന്ന നിലയില്‍ പി.വി.ടി.ജി ആനുകൂല്യം ഇവര്‍ക്ക് കൂടി ലഭ്യമാക്കാനാണിതെന്നും അദ്ദേഹം കല്‍പ്പറ്റയില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലവില്‍ കാട്ടുനായ്ക്ക, ചോലനായ്ക്ക വിഭാഗങ്ങള്‍ക്കാണ് പി.വി.ടി.ജി ആനുകൂല്യം ലഭിക്കുന്നത്. എന്നാല്‍ പണിയ, അടിയ വിഭാഗത്തിലുള്ളവര്‍ ദയനീയാവസ്ഥയിലാണ്. അവിവാഹിതരായ ആദിവാസി അമ്മമാരുടെയും കുടുംബത്തിന്റെയും സുരക്ഷയ്ക്കുള്ള പദ്ധതിയായ സ്‌നേഹസ്പര്‍ശം തൃപ്തികരമല്ല.
ഇവര്‍ക്ക് മാസത്തില്‍ ആയിരം രൂപ നല്‍കുന്നത് ഇരട്ടിയാക്കണം. വയനാട്ടില്‍ മാത്രം 319പേരാണ് അവിവാഹിത അമ്മമാരായുള്ളത്. എന്നാല്‍ പെന്‍ഷന്‍ 75പേര്‍ക്ക് മാത്രമെ ലഭിക്കുന്നുള്ളൂ. മറ്റ് പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ഈ വിഭാഗത്തിനുള്ള ആനുകൂല്യം നിഷേധിക്കുകയാണ്. ഇത് ശരിയല്ല. ശാരീരിക അവശത അനുഭവിക്കുന്നവര്‍ക്കുള്ള പെന്‍ഷനും ഇതും തമ്മില്‍ കൂട്ടികുഴയ്ക്കരുത്. ഒരു കുടംബത്തിനുള്ള സഹായമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ടുള്ള നിര്‍ദേശങ്ങള്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നും ജസ്റ്റിസ് സിറിയക് ജോസഫ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."