ഗുണ്ടല്‍പ്പേട്ടിലെ ചെണ്ടുമല്ലി പൂക്കള്‍
മഹാ പ്രളയം കഴിഞ്ഞതിന്റെ പിന്നാലെ മലയാളിയുടെ ഓണക്കാലങ്ങളെ വര്‍ണാഭമാക്കുന്ന കര്‍ണാടകത്തിലെ പൂപാടങ്ങളിലേക്കൊരു യാത്ര. നിലമ്പൂരിനെയും നാടുകാണിയെയും ഇന്നും പൂര്‍ണതോതില്‍ ബന്ധിപ്പിക്കുന്നതില്‍ ഗതാഗത സൗകര്യങ്ങള്‍ പൂര്‍ണതയിലെത്തിയിട്ടില്ല. കോടികളാണ് ഇതിനു തൊട്ടുമുമ്പ് മാത്രം നാടുകാണിച്ചുരത്തിന്റെ പുനരുദ്ധാരണത്തിനായി ചെലവഴിച്ചത്. അതെല്ലാം മലവെള്ളപ്പാച്ചിലില്‍ ഒഴുകിപ്പോയി. അതുവഴിയുള്ള യാത്ര ഇപ്പോഴും സാഹസം.
ബന്ദിപ്പൂര്‍ റിസര്‍വിന്റെ അതിര്‍ത്തി പിന്നിട്ട് കുറച്ചു ദൂരം കൂടി ഓടിയപ്പോള്‍ ഓണപ്പൂക്കള്‍ വിരിയുന്ന പാടങ്ങള്‍ വഴിയുടെ ഇരുവശത്തും കണ്ടു തുടങ്ങി. മലയാളിക്കു വേണ്ടി ചിങ്ങപ്പൂക്കളൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് കര്‍ഷകര്‍. ഗുണ്ടല്‍ പേട്ടിലെ ഗ്രാമങ്ങള്‍ ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ കൂടുതല്‍ പൂക്കളാല്‍ സമൃദ്ധമാകുന്നു. വിവിധവര്‍ണങ്ങള്‍ നിറഞ്ഞ ആ പൂപാടങ്ങള്‍ മനസിന് കുളിര്‍മയേകുന്നു.
ചെണ്ടുമല്ലി, അരളി, റോസ്, വാടാമല്ലി, സൂര്യകാന്തി എന്നിവ ഇവിടുത്തെ കര്‍ഷകരുടെ വരുമാന മാര്‍ഗങ്ങളില്‍ പ്രധാനവുമാണ്. ചുരമിറങ്ങാന്‍ വിധിക്കപ്പെട്ട തിരുവോണപ്പൂക്കളും കരയുകയാണോ?
കുറച്ചു കിലോമീറ്ററുകള്‍ കൂടിപ്പോയാല്‍ ഗുണ്ടല്‍പ്പേട്ട് ടൗണെത്തും. ഗോപാല്‍പ്പേട്ടില്‍ പോയാല്‍ വീരപ്പന്റെ ഇഷ്ടക്ഷേത്രം കാണാം. പക്ഷേ അങ്ങോട്ടൊന്നും അപ്പോള്‍ പോകണമെന്ന് തോന്നിയില്ല. ഹംപുകള്‍ നിറഞ്ഞ വനവീഥിയിലൂടെ വേഗത അല്‍പ്പമൊന്നു കുറച്ച് കാഴ്ചകളെ കാടിന്റെ ആത്മാവിലേക്കിറക്കി.
വണ്ടി വീണ്ടും വനത്തിനകത്തേക്കു കടന്നു. അങ്ങോട്ടു പോയതിനെക്കാള്‍ റോഡ് വിജനമാണെന്നു തോന്നി. വാഹനങ്ങളുടെ എണ്ണം പെട്ടെന്നു കുറഞ്ഞതു പോലെ. പിന്നാലെ ഹോണടിച്ചു വന്നൊരു കാര്‍ ഓവര്‍ടേക്ക് ചെയ്തു കയറിപ്പോയി. കുറച്ചു ദൂരം മുന്നിലെത്തിയ ശേഷം അവര്‍ വണ്ടി റോഡിലിട്ട് തിരിച്ചു വരുന്നതും കണ്ടു. വീണ്ടും ഒന്നുരണ്ടു കാറുകള്‍ ഓവര്‍ടേക്കു ചെയ്തു കടന്നുപോയി. ഈ വാഹനങ്ങളുടെ ബഹളവും ചില സഞ്ചാരികളുടെ കയ്യിലിരിപ്പുകളുമൊക്കെയാവണം സമീപകാലത്ത് ബന്ദിപ്പൂരിലെ മൃഗങ്ങളെ അക്രമാസക്തരാക്കുന്ന വാര്‍ത്തകള്‍ക്കു പിന്നില്‍.
ഓണപ്പൂക്കള്‍ വിരിയുന്ന പാടങ്ങളും തേടി ഗുണ്ടല്‍പ്പേട്ടിലേക്കു കാറിലിരിക്കുമ്പോള്‍ കുലവന്റെ വിളി ഓര്‍ത്തു. കരുമനക്കാര്‍ എന്നാല്‍ കരുമനാട്ടുകാര്‍ അഥവാ കര്‍ണാടകക്കാരന്‍ എന്നര്‍ഥം. വടക്കന്‍ കേരളത്തിലെ തീയ്യസമുദായക്കാര്‍ ഒരുകാലത്ത് കരുമനാട്ടുകാരായിരുന്നു എന്നുറപ്പ്. ഗുണ്ടല്‍പ്പേട്ടിലെ പൂപ്പാടങ്ങള്‍ ഇപ്പോള്‍ പൂത്തു തളിര്‍ത്തു നില്‍ക്കുകയാകുമെമെന്നറിയാം. എങ്കിലും വിയര്‍പ്പു വീണ് പൂക്കള്‍ കാറ്റിലാടുന്ന ആ മണ്ണൊന്നു കാണണം.
പൊന്‍കുഴി. ബന്ദിപ്പൂര്‍ വനമേഖലയോട് ചേര്‍ന്നു കിടക്കുന്ന ചെറിയ ഗ്രാമമാണ്. റോഡിന് ഇരുവശങ്ങളിലും രണ്ട് ക്ഷേത്രങ്ങള്‍ കണ്ടാണ് വണ്ടി നിര്‍ത്തിയത്. ശ്രീരാമ - സീതാദേവി ക്ഷേത്രങ്ങള്‍. ഇവിടവും ത്രേതായുഗത്തിന്റെ അവശേഷിപ്പുകളാല്‍ സമ്പന്നമാണ്.
ക്ഷേത്രത്തില്‍ ചെറിയ തിരക്കുണ്ട്. മൈസൂര്‍ - കോഴിക്കോട് റൂട്ടിലെ സഞ്ചാരികളില്‍ പലരും വന്നു പോകുന്നു ഇവിടെ.
എല്ലായിടത്തും സഞ്ചാരികളെ മാടിവിളിച്ച് പ്രലോഭിപ്പിക്കുകയാണ് കച്ചവടക്കാര്‍. അത്തരം അഭ്യാസപ്രകടനങ്ങളൊന്നുമില്ലാത്ത ഒരു കടയുടെ മുന്നിലെത്തിയപ്പോള്‍ ദാഹം തോന്നി.
വയനാടന്‍ ചുരം വഴിയുള്ള യാത്രയില്‍ പാവം കരിന്തണ്ടനെ ഓര്‍ത്തു. ബ്രിട്ടീഷുകാരന്റെ ചതിയോര്‍ത്ത് പല്ലു ഞെരിച്ചു.
നീണ്ടുകിടക്കുന്ന റോഡിന് ഇരുവശവും സ്വര്‍ണം വാരിയണിഞ്ഞതുപോലെ പൂപ്പാടങ്ങള്‍. എല്ലാ വര്‍ഷത്തെയും പോലെ ഇത്തവണയും ഗുണ്ടല്‍പേട്ട് സൂര്യകാന്തിപ്പൂക്കളാല്‍ നിറഞ്ഞു നില്‍ക്കുകയാണ്. പ്രകൃതി ദുരന്തങ്ങള്‍ക്കൊന്നും ഇവരുടെ കഠിനാധ്വാനത്തെ ഉലയക്കാനായിട്ടില്ല.
സൂര്യകാന്തിപ്പൂക്കളുടെ ചിത്രം പകര്‍ത്താനും സെല്‍ഫി എടുക്കാനും സഞ്ചാരികളുടെ തിരക്കിന് ഇപ്പോഴും കുറവൊന്നുമില്ല.
വയനാട്ടില്‍ നിന്നും മൈസൂരിലേക്കുള്ള വഴിയില്‍ ദേശീയപാത 766ല്‍ ഗുണ്ടല്‍പേട്ട് മധൂര്‍ റോഡ് മുതലാണ് ആരെയും ആകര്‍ഷിക്കുന്ന തരത്തില്‍ സൂര്യകാന്തിപ്പൂക്കള്‍ ചിരിതൂകി നില്‍ക്കുന്നത്. എത്ര തിരക്കിട്ട് പോയാലും ഒരു നിമിഷം ഇവിടെ വണ്ടിയൊന്നു നിര്‍ത്തും. കണ്‍നിറയെ സൂര്യകാന്തിപ്പൂക്കളെ കാണും. അതിനുശേഷമേ ആളുകള്‍ യാത്ര തുടരാറുള്ളൂ. അത്രയധികമുണ്ട് ഇവിടുത്തെ ആ കാഴ്ച.
വര്‍ഷത്തില്‍ എല്ലായ്പ്പോഴും കിട്ടാത്ത ഈ കാഴ്ച ഫ്രെയിമിലാക്കാന്‍ സിനിമാക്കാരുടെയും ഷോര്‍ട്ട് ഫിലിം പിടുത്തക്കാരുടെയും തിരക്ക് തുടങ്ങിയിട്ടുണ്ട്. റോഡരികില്‍ നിന്നും കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന ഈ പൂപ്പാടങ്ങള്‍ ആരെയും ആകര്‍ഷിക്കുമെന്നതില്‍ തര്‍ക്കമില്ല.
സി.കെ ഹംസ, ആസിഫലി, അബ്ദുറഹ്മാന്‍,സുല്‍ഫി, ലത്തീഫ്, കെ.ടി ബദറുദ്ദീന്‍ ,നൗഫല്‍ എന്നിവരായിരുന്നു സഹയാത്രികര്‍. നാട്ടു വര്‍ത്തമാനങ്ങളും തമാശയും പറഞ്ഞുള്ള ആഹ്ലാദയാത്ര അവസാനിക്കാതിരുന്നുവെങ്കില്‍ എന്നായിരുന്നു അപ്പോഴെല്ലാം മനസ് പറഞ്ഞത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."