മാള പഞ്ചായത്തില്‍ വിജിലന്‍സ് അന്വേഷണത്തിനെത്തി
മാള: ആരോഗ്യ വകുപ്പ് വിജിലന്‍സ് ഓഫിസര്‍മാര്‍ മാള പഞ്ചായത്തില്‍ അന്വേഷണത്തിനെത്തി. മാള കെ. കരുണാകരന് സ്മാരക സാമൂഹ്യ ആരോഗ്യ കേന്ദ്രത്തില്‍ വനിതകള്‍ക്കായി കാന്‍സര്‍ നിര്‍ണയ ക്യാംപ് നടത്തിയെന്ന വ്യാജേന ആശുപത്രി സൂപ്രണ്ട് പണം തട്ടിയെടുത്തെന്ന പരാതിയില്‍ അന്വേഷണം നടത്തുന്നതിനായിട്ടാണ് വിജിലന്‍സ് മാള പഞ്ചായത്ത് ഓഫിസില്‍ എത്തിയത്.
ആരോഗ്യ വിഭാഗം വിജിലന്‍സ് ഡപ്യൂട്ടി ഡയരക്റ്റര് ഡോ. വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ സുകുമാരന്‍, ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് പി.എസ് ശ്രീജിത്, വൈസ് പ്രസിഡന്റ് എന്നിവരുടെ സാന്നിധ്യത്തില്‍ ബന്ധപ്പെട്ട രേഖകളും ഫയലുകളും പരിശോധിച്ചു. 2017-18 സാമ്പത്തിക വര്‍ഷത്തിലെ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50000 രൂപ വകയിരുത്തിയ വനിതകള്‍ക്കായുള്ള കാന്‍സര്‍ രോഗ നിര്‍ണയ ക്യാംപിന്റെ പേരില്‍ നിര്‍വഹണ ഉദ്യോഗസ്ഥയായ ഡോ. പി.എസ് ആശ പണം തട്ടിയെടുത്തതായി ആരോപണമുയര്‍ന്നിരുന്നു . ഇക്കഴിഞ്ഞ മാര്‍ച്ച് 13-ാം തിയതി മാള ഗവണ്മെന്റ് ആശുപത്രിയില്‍ വച്ചു ക്യാംപ് നടത്തിയെന്ന് പറഞ്ഞാണു വ്യാജ രേഖകളുണ്ടാക്കി 49997 രൂപ മാറിയെടുത്തത്. ഒ.പിയിലെത്തിയ രോഗികളെക്കൊണ്ട് ഒപ്പിടുവിച്ചു വ്യാജ രേഖകള്‍ ഉണ്ടാക്കിയ മിനിറ്റ്സും വ്യാജമായുണ്ടാക്കിയ ബില്ലും വൗച്ചറുകളും തയ്യാറാക്കിയാണ് പണം തട്ടിയതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."