ആനുകൂല്യങ്ങള്‍ക്കായി എല്‍.ഐ.സി ഏജന്റുമാര്‍ പ്രക്ഷോഭത്തിലേയ്ക്ക്
തിരുവനന്തപുരം: എല്‍.ഐ.സിയില്‍ ക്ഷേമനിധിയോ പെന്‍ഷനോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പത്ത് ലക്ഷത്തിലധികം വരുന്ന ഏജന്റുമാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. ശമ്പളമില്ലാതെ കമ്മിഷന്‍ മാത്രം കൈപ്പറ്റി സേവനമനുഷ്ഠിക്കുന്ന ഏജന്റുമാര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭ പാതയിലുള്ളത്.
സെപ്റ്റംബറില്‍ അറുപതാം പിറന്നാള്‍ ആഘോഷിക്കുന്ന എല്‍.ഐ.സിയില്‍ 16 ലക്ഷത്തിലധികം ഏജന്റുമാരാണ് ഇന്ത്യയൊട്ടാകെ ഉണ്ടായിരുന്നത്. എന്നാല്‍ പരമ്പരാഗത ഏജന്റുമാരെ ഒഴിവാക്കി മുന്നോട്ടുപോകാനുള്ള മാനേജ്‌മെന്റിന്റെ നീക്കത്തിന്റെ ഫലമായി ആറ് ലക്ഷത്തോളം ഏജന്റുമാര്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ കൊഴിഞ്ഞുപോയി. എല്ലാ മേഖലയിലും തൊഴില്‍ പരിരക്ഷ ഉള്ളപ്പോള്‍ ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനങ്ങളുടെ പട്ടകയിലേക്ക് എല്‍.ഐ.സിയെ ഉയര്‍ത്തിയ ഏജന്റുമാര്‍ക്ക് യാതൊരു പരിരക്ഷയും ഇല്ലെന്ന് ഓള്‍ ഇന്ത്യ എല്‍.ഐ.സി ഏജന്റ്‌സ് ഫെഡറേഷന്‍ സെക്രട്ടറി ജനറല്‍ കെ.രാമചന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
59 വര്‍ഷം പിന്നിട്ടിട്ടും ഇതര തൊഴിലാളികള്‍ക്കു നല്‍കുന്ന ക്ഷേമനിധി, പെന്‍ഷന്‍, പ്രോവിഡന്റ് ഫണ്ട്, ഇ.എസ്.ഐ, നിയമനങ്ങളില്‍ സംവരണം, ഏജന്റുമാരെ എല്‍.ഐ.സിയുടെ തൊഴിലാളികളായി അംഗീകരിക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ നാളിതുവരെ നടപ്പാക്കിയിട്ടില്ലെന്നും ഫെഡറേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ഏജന്റുമാര്‍ക്കു ക്ഷേമനിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പാര്‍ലമെന്റിനു മുന്നില്‍ നിരാഹാര സമരം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ഈ മാസം 9,10 തീയതികളില്‍ പാര്‍ലമെന്റിനു മുന്നില്‍ നടത്തുന്ന നിരാഹാര സമരം കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."