പ്രതികളെ വിട്ടുനല്‍കില്ലെന്ന് സഊദി
മനാമ: മുതിര്‍ന്ന സഊദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ കഷോഗിയുടെ വധത്തില്‍ തുര്‍ക്കിയുടെ ആവശ്യം തള്ളി സഊദി അറേബ്യ. പ്രതികളെ വിട്ടുനല്‍കണമെന്ന ആവശ്യമാണ് സഊദി തള്ളിയിരിക്കുന്നത്. പ്രതികളെ തങ്ങള്‍തന്നെ വിചാരണ നടത്തുമെന്നു സഊദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ ജുബൈര്‍ വ്യക്തമാക്കി.
ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍ പശ്ചിമേഷ്യന്‍ സുരക്ഷാ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആദില്‍ ജുബൈര്‍. കൊലപാതകത്തില്‍ സഊദി അറസ്റ്റ് ചെയ്ത പ്രതികളെ വിചാരണയ്ക്കായി വിട്ടുനല്‍കണമെന്നു കഴിഞ്ഞ ദിവസം തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതു തള്ളിക്കൊണ്ടാണ് സഊദി വിദേശകാര്യ മന്ത്രി കേസിന്റെ ഗതിയില്‍ നിര്‍ണായകമായ തീരുമാനം പ്രഖ്യാപിച്ചത്. കഷോഗിയുടെ കൊലപാതകത്തില്‍ പടിഞ്ഞാറന്‍ മാധ്യമങ്ങള്‍ക്ക് ഉന്മാദരോഗം പിടിപെട്ടിരിക്കുകയാണെന്നും ആദില്‍ ജുബൈര്‍ ആരോപിച്ചു.
പിടിയിലായവരെല്ലാം സഊദി പൗരന്മാരാണ്. സഊദിയിലെ ജയിലിലാണ് അവരെ പാര്‍പ്പിച്ചിട്ടുള്ളത്. അന്വേഷണം പുരോഗമിക്കുന്നതും സഊദിയിലാണ്. അതുകൊണ്ട് അവരുടെ വിചാരണയും സഊദിയില്‍തന്നെ നടക്കുമെന്നും ആദില്‍ ജുബൈര്‍ വ്യക്തമാക്കി. കൊലപാതകത്തില്‍ നേരിട്ടു പങ്കുള്ള 18 പേര്‍ക്കു പുറമേ, ആറ് ഉന്നത ഉദ്യോഗസ്ഥരെയും ചോദ്യംചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
മനാമയില്‍ നടന്ന സമ്മേളനത്തില്‍ കഷോഗി വധത്തിനെതിരരേ യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് രൂക്ഷ വിമര്‍ശനം നടത്തിയിരുന്നു.
ഒരു മാധ്യമപ്രവര്‍ത്തകനെ കൊലപാതകത്തിലൂടെ നിശബ്ദമാക്കാനുള്ള ഇത്തരം കിരാതമായ നടപടികള്‍ അമേരിക്കയ്ക്കു പൊറുക്കാനാകില്ലെന്നായിരുന്നു മാറ്റിസ് പറഞ്ഞത്.
ഒക്ടോബര്‍ രണ്ടിനു കൊല്ലപ്പെട്ട കഷോഗിയുടെ മൃതദേഹം എവിടെയാണെന്നും ആരാണ് കൊലപാതകത്തിനു നിര്‍ദേശിച്ചതെന്നും വ്യക്തമാക്കണമെന്നു കഴിഞ്ഞ ദിവസം തുര്‍ക്കി പ്രസിഡന്റ് സഊദിയോട് ആവശ്യപ്പെട്ടിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ടു തങ്ങള്‍ക്കു കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സമയം ഒത്തുവരുമ്പോള്‍ എല്ലാം പുറത്തുവിടുമെന്നും ഉര്‍ദുഗാന്റെ ഭീഷണിയുണ്ടായിരുന്നു.
എന്നാല്‍, ഈ ഭീഷണികളെയൊന്നും മുഖവിലയ്‌ക്കെടുക്കാതെ സ്വന്തം നിലയ്ക്ക് അന്വേഷണവുമായി മുന്നോട്ടുപോകാനാണ് സഊദിയുടെ നീക്കമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."