ത്രിപുരയില്‍ സി.പി.എം പ്രവര്‍ത്തകര്‍ക്കുനേരെ ബി.ജെ.പി ആക്രമണം
അഗര്‍ത്തല: ഫ്രാന്‍സുമായുള്ള റാഫേല്‍ യുദ്ധവിമാന കരാറിലെ അഴിമതി ചൂണ്ടിക്കാട്ടി ത്രിപുരയില്‍ പ്രതിഷേധ പ്രകടനം നടത്തിയ സി.പി.എം പ്രവര്‍ത്തകര്‍ക്കുനേരെ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ആക്രമണം. ഏതാണ്ട് 20 പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
ദക്ഷിണ ത്രിപുര ജില്ലയിലെ ബെലോണിയയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു ആക്രമണം. റാഫേല്‍ കരാറില്‍ അഴിമതിയുണ്ടെന്നും ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സി.പി.എം പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തിയത്. മാര്‍ച്ചിനിടയില്‍ ബി.ജെ.പിയുടെ നേതൃത്വത്തില്‍ ഇവരെ ആള്‍കൂട്ടം വളഞ്ഞിട്ട് തല്ലുകയായിരുന്നു. ഏതാണ്ട് 25ഓളം വരുന്നവരാണ് ആക്രമണത്തില്‍ ഉണ്ടായിരുന്നതെന്ന് പൊലിസ് പറഞ്ഞു.
ആക്രമണ വിവരമറിഞ്ഞ് പൊലിസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയതെന്ന് ബെലോണിയ പൊലിസ് സൂപ്രണ്ട് ജെയ് സിങ് മീണ പറഞ്ഞു. ഭരണകക്ഷിയായ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള അക്രമികളാണ് ഇതിന് പിന്നിലെന്ന് സി.പി.എം ആരോപിച്ചു. സി.പി.എം ദക്ഷിണ ത്രിപുര സെക്രട്ടറി ബസുദേബ് മജൂംദാര്‍, എക്സിക്യൂട്ടിവ് മെംബര്‍ പരീക്ഷിത് മുറാസിങ് തുടങ്ങിയവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
അതേസമയം സി.പി.എം ആരോപണം ബി.ജെ.പി സംസ്ഥാന വക്താവ് അശോക് സിന്‍ഹ നിഷേധിച്ചു. അടിസ്ഥാനരഹിതമായ ആരോപണമാണ് ബി.ജെ.പിക്കെതിരേ സി.പി.എം ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."