സര്‍ക്കാരിനും സൈന്യത്തിനുമെതിരായ വിമര്‍ശനങ്ങള്‍ രാജ്യദ്രോഹമല്ല: ജ. ദീപക് ഗുപ്ത
അഹമ്മദാബാദ്: ഭൂരിപക്ഷവാദം നിയമമാക്കാനാവില്ലെന്നും ഇന്ത്യയില്‍ ന്യൂനപക്ഷത്തിനും അവരുടെ അവകാശങ്ങള്‍ പ്രകടിപ്പിക്കാനുള്ള അവകാശമുണ്ടെന്നും സുപ്രിംകോടതി ജഡ്ജി ജസ്റ്റിസ് ദീപ് ഗുപ്ത. 'ആവിഷ്‌കാരസ്വാതന്ത്ര്യവും രാജ്യദ്രോഹവും' എന്ന വിഷയത്തില്‍ അഹമ്മദാബാദില്‍ സംഘടിപ്പിച്ച ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയില്‍ അധികം പറഞ്ഞിട്ടില്ലാത്ത ഒരു അവകാശം കൂടി എന്നെ സംബന്ധിച്ചുണ്ട്. അഭിപ്രായം പറയാനും മനസ്സാക്ഷിക്കുനിരക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാനുമുള്ള സ്വാതന്ത്ര്യം. അതിന് പുറമെ ഏറ്റവും മുഖ്യമായ ഒന്നുണ്ട്, അത് വിയോജിക്കാനുള്ള സ്വാതന്ത്ര്യമാണ്. ഓരോ സമൂഹത്തിനും അവരുടേതായ നിയമങ്ങളുണ്ട്. ജനം കാലപ്പഴക്കമുള്ള നിയമങ്ങളിലും സമ്പ്രദായങ്ങളിലും കടിച്ചുതൂങ്ങുമ്പോള്‍ സമൂഹം ക്ഷയിക്കുകയാണ്. അത് പിന്നെ വികസിക്കുന്നില്ല- അദ്ദേഹം പറഞ്ഞു.
രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യപ്പെടുകയാണ്. പൗരന്‍മാരെന്ന നിലയില്‍ ഇന്ത്യക്കാര്‍ക്ക് തങ്ങളുടെ സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള അധികാരമുണ്ട്. ഭരണകൂടത്തിനും ഉദ്യോഗസ്ഥര്‍ക്കും ജുഡീഷ്യറിക്കും സായുധസേനക്കും എതിരേയുള്ള വിമര്‍ശനങ്ങളെ ഒരിക്കലും രാജ്യദ്രോഹമായി കാണാന്‍ സാധിക്കില്ല. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെയുള്ള വിമര്‍ശനങ്ങളെ നമ്മള്‍ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ നമ്മുടേത് ജനാധിപത്യരാജ്യത്തിനു പകരം പൊലിസ് രാജായി മാറും. അധികാരത്തിലുള്ള സര്‍ക്കാരിനെ വിമര്‍ശിക്കാനുള്ള എല്ലാവിധ അവകാശവും നമുക്കുണ്ട്. അത് ഏത് സര്‍ക്കാരുമാവട്ടെ. രാജ്യദ്രോഹകുറ്റത്തിന്റെ ദുരുപയോഗം സ്വാതന്ത്ര്യസമരസേനാനികള്‍ നമുക്ക് നേടിത്തന്ന അടിസ്ഥാന തത്വത്തിന് എതിരാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ജനാധിപത്യത്തിന്റെ ഏറ്റവും മനോഹരമായ വശമെന്നു പറയുന്നതു ജനങ്ങള്‍ക്കു സര്‍ക്കാരിനെ ഭയക്കേണ്ട കാര്യമില്ലെന്നതാണ്. ജനങ്ങള്‍ സര്‍ക്കാറിനെ ഒരിക്കലും ഭയപ്പെടുന്ന സാഹചര്യം സൃഷ്ടിക്കരുത്. സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിക്കാന്‍ ജനങ്ങളെ നിര്‍ബന്ധിക്കരുത്. പൊതുസമൂഹത്തില്‍ ആരുടെയെങ്കിലും പ്രവര്‍ത്തിയോ വാക്കുകളോ പ്രശ്‌നങ്ങള്‍ക്ക് കാരണമായാല്‍ മാത്രമേ രാജ്യദ്രോഹകുറ്റം ചുമത്താനാവൂവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സമൂഹത്തിനു സ്വീകാര്യമായ പെരുമാറ്റച്ചട്ടങ്ങളോടു വിയോജിക്കുമ്പോഴാണു പുതിയ ചിന്തകര്‍ ഉദയം ചെയ്യുന്നത്. എല്ലാവരും നടക്കുന്ന വഴിയാണ് നമ്മളും നടക്കുന്നതെങ്കില്‍ പുതിയ പാതകള്‍ ഒരിക്കലും രൂപപ്പെടില്ല. പുതിയ ചിന്തകളും മതാചാരങ്ങളുമെല്ലാം വികസിക്കുന്നത് പഴയതിനെ ചോദ്യം ചെയ്യുമ്പോള്‍ മാത്രമാണ്. അതിനാല്‍ തന്നെ അഭിവാഞ്ജകള്‍ ഉപേക്ഷിക്കരുത്. എന്തുകൊണ്ട് ഈ വിശ്വാസം, എന്തു കൊണ്ട് പുതിയതൊന്നും ഉണ്ടാവുന്നില്ല എന്ന് എല്ലായ്‌പ്പോഴും ചോദിച്ചുകൊണ്ടിരിക്കണം. അപ്പോഴേ സമൂഹം വികസിക്കൂവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മതേതര രാജ്യമായ ഇന്ത്യയില്‍ ഒരു നിരീശ്വരവാദിക്കും സംശയാലുവിനും ദൈവവിശ്വാസിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നു പറഞ്ഞ അദ്ദേഹം, 1975ല്‍ അടിയന്തരാവസ്ഥക്കാലത്ത് ജസ്റ്റിസ് എച്ച്.ആര്‍ ഖന്ന രേഖപ്പെടുത്തിയ വിയോജനക്കുറിപ്പ് ഓര്‍മിപ്പിച്ചു. ആളുകളെ നിയന്ത്രണമില്ലാതെ തടവില്‍ വെക്കുന്നതിനെതിരെ അഞ്ചംഗ ബെഞ്ചില്‍ ശബ്ദിച്ച ഒരേയൊരാള്‍ ജസ്റ്റിസ് ഖന്നയായിരുന്നു.
ജുഡീഷ്യറിയും വിമര്‍ശനത്തിന് അതീതമല്ലെന്നും താന്‍ സുപ്രിംകോടതി ജഡ്ജിയെന്ന നിലയിലല്ല ഈ അഭിപ്രായങ്ങള്‍ പറയുന്നതെന്നും അഭിപ്രായങ്ങളെല്ലാം വ്യക്തിപരമാണെന്നും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."