ഭൂമാഫിയകള്‍ക്കെതിരേ പാണ്ട്യാലക്കടപ്പുറത്ത് പ്രതിഷേധ കൂട്ടായ്മ
തൃക്കരിപ്പൂര്‍: ഭൂ മാഫിയകള്‍ തീരദേശ മേഖലകള്‍ കൈയടക്കുന്നതിനെതിരേ പാണ്ട്യാല കടപ്പുറത്ത് വികസന സമിതിയുടെ നേതൃത്വത്തില്‍ പ്രതിഷേധ കൂട്ടായ്മയും പ്രതിജ്ഞയും സംഘടിപ്പിച്ചു. 'തങ്ങളുടെ തീരം സംരക്ഷിക്കാന്‍ തങ്ങള്‍ തന്നെയുണ്ടെന്നും അത് പ്രതിരോധത്തിലൂടെയാണെങ്കിലും ശരി സംരക്ഷണം ഉറപ്പുവരുത്തു'മെന്നും കൂട്ടായ്മ പ്രതിജ്ഞയെടുത്തു. ഏഴിമല നാവിക അക്കാദമി പരിസരം വന്‍കിട ഭൂ മാഫിയകള്‍ ഭൂമി സ്വന്തമാക്കുന്നതിനെതിരേയാണ് കൂട്ടായ്മ സംഘടിപ്പിച്ചത്. വലിയപറമ്പ് പഞ്ചായത്തിന്റെ തെക്കന്‍ മേഖലയായ പാണ്ട്യാല കടവ്, തയ്യില്‍ സൗത്ത്, പൂച്ചാല്‍ കടപ്പുറം പ്രദേശത്താണ് തെക്കന്‍ ജില്ലക്കാരായ ഭൂമാഫിയക്കാര്‍ തമ്പടിച്ചത്. തിരുവനന്തപുരം സ്വദേശിയായ റിസോര്‍ട്ടുടമ കോഴിക്കോട്ടെ ഏജന്റ് മുഖേനെ തയ്യില്‍ സൗത്ത് കടപ്പുറത്ത് ആറ് മാസം മുമ്പ് നാല് കോടിക്ക് ഒമ്പതേക്കര്‍ ഭൂമി വാങ്ങിയതോടെയാണ് തീരദേശ മേഖലയിലെ ഭൂമി തട്ടിപ്പ് പുറം ലോക മറിഞ്ഞത്. ഈ സ്ഥലത്തോട് ചേര്‍ന്നാണ് വീണ്ടും മൂന്നേക്കര്‍ വാങ്ങിയത്.
നേവല്‍ അക്കാദമിയോട് ചേര്‍ന്ന പൂച്ചാല്‍ കടപ്പുറം മുതല്‍ വടക്കോട്ടുളള 100 ഏക്കര്‍ ഭൂമി ഏറ്റടുക്കാന്‍ നാവിക അക്കാദമി ശ്രമമാരംഭിച്ചിട്ടുണ്ട്. ഇതറിഞ്ഞാണ് ഭൂമാഫികള്‍ ഗ്രാമീണരെ കുടിയൊഴിപ്പിക്കല്‍ പേര് പറഞ്ഞ് തുച്ഛമായ തുക നല്‍കി ഭൂമി തട്ടിയെടുക്കുന്നതെന്നാണ് ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."