സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അവഗണന: പോരാട്ടവീര്യവുമായി മണ്ണാര്‍ക്കാടിന്റെ താരം
മന്‍സൂര്‍ കാരാകുറുശ്ശി
മണ്ണാര്‍ക്കാട്: സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ അവഗണനക്കിടയിലും സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ താരമായി മണ്ണാര്‍ക്കാടിന്‍ നക്ഷത്രം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ കല്ലടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥി കൈതച്ചിറ സ്വദേശി മുഹമ്മദ് ബാസിം പോളില്‍ നിന്നും പിറ്റിലേക്ക് ഉയര്‍ന്ന് പൊങ്ങിയത് റെക്കോഡ് നേട്ടത്തിലേക്കായിരുന്നു. ജൂനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വാള്‍ട്ടില്‍ 4.06 മീ.ചാടിയാണ് ഈ മിടുക്കന്‍ ഈ നേട്ടം കൈവരിച്ചത്. രണ്ട് വര്‍ഷം മുന്‍പ്് കോതമംഗലം മാര്‍ ബേസിലിലെ അനീഷ് മധുവിന്റെ റെക്കോഡാണ് മുഹമ്മദ് ബാസിം തകര്‍ത്തത്. ഏറെനാളത്തെ കഠിനാധ്വാനത്തിനും കാത്തിരിപ്പിനും ശേഷം തങ്ങളുടെ മകന്‍ റെക്കോഡ് കരസ്ഥമാക്കിയ സന്തോഷത്തിലാണ് കൈതച്ചിറ ചേലക്കാടന്‍ അക്കര വീട്. രണ്ട് വര്‍ഷത്തോളമായി പാലാ ജംബ്‌സ് അക്കാദമിയില്‍ സതീഷ് കുമാറിന് കീഴില്‍ പരിശീലനത്തിലാണ് ഈ കൊച്ചു മിടുക്കന്‍. 2016ലെ സംസ്ഥാന തലത്തില്‍ നടന്ന ഡിസ്‌കസ് ത്രോയില്‍ പങ്കെടുത്ത ബാസിമിനെ കുമരംപുത്തൂര്‍ കല്ലടി എച്ച്.എസ്.എസിലെ കായികാധ്യാപകന്‍ രാമചന്ദ്രനാണ് നല്ലൊരു ഭാവി മുന്നില്‍കണ്ട് ബാസിമിന് പോള്‍വാള്‍ട്ടിലേക്കു വഴി കാണിച്ചു കൊടുത്തത്.ആ നിമിഷം ബാസിമിന്റൈ ജീവിതത്തില്‍ നിര്‍ണായക വഴിത്തിരിവായിരുന്നു.
പാലേരിയില്‍ കഴിഞ്ഞ വര്‍ഷം നടന്ന കായിക മേളയില്‍ ആത്മാര്‍ത്ഥ ശ്രമത്തിലൂടെ സംസ്ഥാനത്ത് ആറാം സ്ഥാനത്ത് എത്തിയിരുന്നു ബാസിം. റെക്കോര്‍ഡ് കൈപിടിയിലൊതുക്കിയപ്പോഴും അവഗണനയുടെ മുറിവ് ബാസിമിന്റെ മനസ്സിലും ശരീരത്തിലും മായാതെ കിടപ്പുണ്ട്.ഓരോ കടമ്പ ചാടിക്കടക്കുമ്പോഴും താരത്തിന് മനസ്സുനിറയെ സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിനോടുള്ള പ്രതിഷേധമായിരുന്നു നിഴലടിച്ചത്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ തിരിഞ്ഞു നോക്കാതെ അപകടകരമായ രീതിയിലാണ് പരിശീലനം തുടരുന്നതെന്നും,അധികാരികളുടെ വാതിലില്‍ മുട്ടുമ്പോള്‍ അവഗണന മാത്രമാണ് തിരിച്ചു ലഭിക്കുന്നതെന്നും ബാസിം പരാതിപ്പെടുന്നു.കൗണ്‍സില്‍ ഇനിയെങ്കിലും മൗനം വെടിഞ്ഞ് കണ്ണു തുറക്കണമെന്നും തങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് ഒരുകൂട്ടം താരങ്ങള്‍. ഹരിയാനയില്‍ നടക്കാനിരിക്കുന്ന നാഷണല്‍ മീറ്റില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ് താരം ഇപ്പോള്‍.മെഡല്‍ നേടാനാവുമെന്ന പ്രതീക്ഷയിലാണ് പിതാവ് ഷമീര്‍. സജ്‌നയാണ് മാതാവ്.മുഹമ്മദ് നാസിം, മുഹമ്മദ് ഹമിന്‍ സഹോദരങ്ങളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."