സെലക്ടീവ് ടാക്‌സ്: നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിന് 18 സംഘങ്ങള്‍
ജിദ്ദ: സഊദിയില്‍ പ്രാബല്യത്തില്‍ വരുത്തിയ സെലക്ടീവ് ടാക്‌സുമായി ബന്ധപ്പെട്ട നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിന് രാജ്യവ്യാപകമായി 18 സംഘങ്ങളെ നിയോഗിച്ചതായി വാണിജ്യ മന്ത്രാലയ അതോറിറ്റി വ്യക്തമാക്കി. വാണിജ്യ, നിക്ഷേപ മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പരിശോധന.
ഇക്കാര്യം വിശദമാക്കി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് സര്‍ക്കുലര്‍ അയച്ചതായും അതോറിറ്റി അറിയിച്ചു. ഹാനികരമായ ഉല്‍പന്നങ്ങളില്‍ ശീതളപാനീയങ്ങള്‍ക്ക് 50 ശതമാനവും സിഗരറ്റിനും പുകയില ഉല്‍പന്നങ്ങള്‍ക്കും 100 ശതമാനവും നികുതിയാണ് സെലക്ടീവ് ടാക്‌സ് പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കിയത്.
നിയമം പ്രാബല്യത്തില്‍ വരുത്തുന്നതിന് 45 ദിവസത്തേക്ക് സാവകാശം നല്‍കിയിട്ടുണ്ട്. ഇക്കാലയളവില്‍ ശിക്ഷയോ പിഴയോ ബാധകമാക്കുകയില്ലെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.
സെലക്ടീവ് ടാക്‌സിനെ കുറിച്ച് ഉന്നയിക്കപ്പെട്ട സംശയങ്ങള്‍ക്കുള്ള മറുപടി ഉള്‍പ്പെടെ മുഴുവന്‍ വിശദാംശങ്ങളും അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടാതെ ഉപയോക്താക്കള്‍ക്ക് 199099 എന്ന ടോള്‍ ഫ്രീ നമ്പറിലൂടെയും സെലക്ടീവ് ടാക്‌സ് സംബന്ധിച്ച് കൂടുതല്‍ അറിയാനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
അതേസമയം ഫ്രീ മാര്‍ക്കറ്റില്‍ നിയമവിധേയമായ അംഗീകാരത്തോടെ പ്രവര്‍ത്തിക്കുന്ന ഷോപ്പുകളില്‍നിന്ന് വാങ്ങുന്ന ഉല്‍പന്നങ്ങളെ സെലക്ടീവ് ടാക്‌സില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."