ഓണ സദ്യ തികഞ്ഞില്ല, വനിതാ ഹോട്ടല്‍ അടിച്ചു തകര്‍ത്ത കേസില്‍ ഏഴ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
കൊച്ചി: ഓണ സദ്യ തികയാത്തതിന് വനിതാ ഹോട്ടല്‍ അടിച്ചു തകര്‍ത്ത സംഭവത്തില്‍ ഏഴ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. മഹാരാജാസ് കോളേജ് ബിരുദ വിദ്യാര്‍ഥികളായ കൊല്ലം ആയൂര്‍ ശ്രീനിലയം വീട്ടില്‍ നിഖില്‍(21), എഴുപുന്ന സ്വദേശി പുത്തന്‍തറ വീട്ടില്‍ നന്ദി(19), ഞാറക്കല്‍ സ്വദേശി തുമ്പപറമ്പില്‍ വീട്ടില്‍ അര്‍ജുന്‍(25), ചേര്‍ത്തല സ്വദേശി കേശവനിവാസില്‍ ശ്രീകേഷ്(20), അര്‍ത്തുങ്കല്‍ ആര്യശേരി വീട്ടില്‍ ജെന്‍സന്‍(18), മുടിക്കല്‍ കുന്നത്ത് വീട്ടില്‍ മനു(19), ഇടപ്പള്ളി സ്വദേശി കിഴവന പറമ്പില്‍ വീട്ടില്‍ നിതിന്‍ ദാസ്(20) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം നോര്‍ത്ത് എസ്.ആര്‍.എം റോഡില്‍ പ്രവര്‍ത്തിക്കുന്ന കൊതിയന്‍സ് വനിതാ ഹോട്ടലിനുനേരെ ആറാം തീയതിയാണ് ആക്രമണമുണ്ടായത്.
വെള്ളിയാഴ്ച മഹാരാജാസ് ഹോസ്റ്റലില്‍ നടന്ന ഓണാഘോഷത്തിന് 455 പേര്‍ക്കുള്ള ഭക്ഷണമാണ് ഓര്‍ഡര്‍ ചെയ്തത്. 2800 രൂപ അഡ്വാന്‍സും നല്‍കി. രാവിലെ 68 പാത്രങ്ങളിലായി ഭക്ഷണം ഹോസ്റ്റലില്‍ എത്തിച്ചു. എന്നാല്‍ ഉച്ചയ്ക്ക് രണ്ടരയോടെ ഒരു സംഘം വിദ്യാര്‍ഥികള്‍ 150 പേര്‍ക്കുപോലും ഭക്ഷണം തികഞ്ഞില്ലെന്ന് ആരോപിച്ച് ഹോട്ടലിലെത്തി അതിക്രമം കാട്ടുകയായിരുന്നു. പാത്രങ്ങള്‍ ഉള്‍പ്പടെയുള്ള സാധനങ്ങള്‍ അടിച്ചുതകര്‍ത്തു. ഹോട്ടല്‍ ഉടമ ശ്രീകലയെ ഭീഷണിപ്പെടുത്തി. തങ്ങള്‍ എസ്.എഫ്.ഐക്കാരാണെന്ന് പറഞ്ഞുകൊണ്ടാണ് അക്രമം നടത്തിയതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ പറയുന്നു. ഹോട്ടലില്‍നിന്ന് 20000 രൂപയും വിദ്യാര്‍ഥി സംഘം കൈക്കലാക്കിയെന്ന് പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
എന്നാല്‍ അറസ്റ്റിലായ വിദ്യാര്‍ഥികളില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകരില്ലെന്നാണ് ഭാരവാഹികള്‍ പറയുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ജാമ്യത്തില്‍ വിട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."