അറസ്റ്റ് 3,500 കടന്നു; നടപടി തുടരും
തിരുവനന്തപുരം: ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്കു പ്രവേശനമനുവദിച്ച സുപ്രിംകോടതി വിധിയെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിലും നിലയ്ക്കലിലും മറ്റുമുണ്ടായ സംഘര്‍ഷത്തിലും പൊലിസ് നടപടി തുടരുന്നു. വിവിധ സംഭവങ്ങളില്‍ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം 3,505 ആയി. 529 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഇതില്‍ ഗുരുതരമായ കുറ്റം ചെയ്ത 122 പേരെ റിമാന്‍ഡ് ചെയ്തു. ബാക്കിയുള്ളവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. 12 വാഹനങ്ങള്‍ പൊലിസ് കസ്റ്റഡിയിലെടുത്തു. കലാപശ്രമം, നിരോധനാജ്ഞ ലംഘിച്ചു സംഘം ചേരല്‍, പൊതുമുതല്‍ നശിപ്പിക്കല്‍, പൊലിസിനെ ആക്രമിക്കല്‍, ഉദ്യോഗസ്ഥരുടെ കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. അതേസമയം, എന്‍.എസ്.എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ നടത്തിയ നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തവരെ അറസ്റ്റ് ചെയ്തിട്ടില്ല. എന്നാല്‍, ചില സ്ഥലങ്ങളില്‍ റോഡ് ഉപരോധിച്ചതിനു കേസെടുത്തിട്ടുണ്ട്.
അതിനിടെ, പ്രതിഷേധങ്ങളില്‍ അക്രമം നടത്തിയ 210 പേരുടെ ഫോട്ടോകൂടി പൊലിസ് ഇന്നലെ പുറത്തുവിട്ടു. ആദ്യഘട്ടത്തില്‍ 210 പേരുടെ ഫോട്ടോ പൊലിസ് പുറത്തുവിട്ടിരുന്നു.
ഇതില്‍ നൂറിലധികം പേരെ തിരിച്ചറിയാന്‍ കഴിഞ്ഞതായി പൊലിസ് പറയുന്നു. കൊല്ലം, എറണാകുളം ജില്ലകളിലുള്ള മൂന്നുപേര്‍ വിദേശത്തേക്കു കടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. മറ്റുള്ളവര്‍ ഒളിവിലാണ്. വിമാനത്താവള അധികൃതര്‍ക്കും ഫോട്ടോ കൈമാറിയിട്ടുണ്ട്.
പ്രതികളുടെ ഫോട്ടോ ആല്‍ബം തയാറാക്കിയതു പ്രാഥമിക നടപടി മാത്രമാണെന്നും വിഡിയോയും ഫോട്ടോകളും വീണ്ടും പരിശോധിച്ച ശേഷം ചാര്‍ജ് ചെയ്യുന്ന കേസുകളുടെ അടിസ്ഥാനത്തില്‍ പ്രത്യേക പട്ടിക തയാറാക്കുമെന്നും പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."