മത്സ്യബന്ധന നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്ന്
ഹരിപ്പാട്: മത്സ്യബന്ധന നിയമങ്ങള്‍ പരിഷ്‌ക്കരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. പുഞ്ചകൃഷിക്കുള്ള ഒരുക്കങ്ങള്‍ തുടങ്ങിയതോടെ ചെറുമീനുകള്‍ വന്‍തോതില്‍ ചത്തൊടുങ്ങുന്നത് നാട്ടുകാര്‍ക്ക് ദുരിതം വിതയ്ക്കുന്നുണ്ട്.
പാടശേഖരങ്ങളില്‍നിന്നും പുറംതള്ളുന്ന മലിന ജലത്തോടൊപ്പമാണ് ചെറുമീനുകള്‍ പുറംതള്ളുന്നത്. ഈ ചെറുമീനുകളാണ് ചത്തൊടുങ്ങുന്നത്.
പാടശേഖരത്തില്‍ വെള്ളം കയറ്റുന്നതിനും ഇറക്കുന്നതിനും വേണ്ടി സ്ഥാപിച്ചിട്ടുള്ള മോട്ടോര്‍ തറയില്‍ നിന്നുമാണ് വെള്ളത്തോടൊപ്പം മോട്ടോറിന്റെ ചക്രത്തില്‍ കുരുങ്ങി പാതി ചത്ത മീനുകള്‍ ആറുകളില്‍ എത്തുന്നത്. ഏതാനും മണിക്കൂറുകളില്‍ തന്നെ ഈ മീനുകള്‍ ചത്തുപൊങ്ങും.
ആറുകള്‍ മലിനമാകുന്നതോടെ വിവിധ ആവശ്യങ്ങള്‍ക്ക് പുഴകളെ ആശ്രയ്ക്കുന്നവര്‍ക്ക് ദുര്‍ഗന്ധം വമിക്കുന്ന മലിനജലം ഉപയോഗിക്കേണ്ട ഗതികേടാണുള്ളത്. ഇത് വലിയആരോഗ്യ പ്രശ്‌നത്തിന് ഇടയാക്കുമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ മുന്നറിയിപ്പു നല്‍കുന്നു.
പ്രളയശേഷം ആറുകളില്‍ ആവശ്യത്തിലധികം ചെളിയും മണലും രൂപപ്പെട്ടതിനാല്‍ ഒഴുക്ക് നിലച്ചു.
ഇവിടെ മാലിന്യങ്ങള്‍ അടിഞ്ഞ് കൂടുന്നതിനാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉടലെടുക്കാനുള്ള സാധ്യതയുമുണ്ട്.
ജലാശയങ്ങളില്‍ മത്സ്യസമ്പത്ത് ഗണ്യമായി കുറയുന്നതിനാലാണ് മത്സ്യവകുപ്പ് മടവലകെട്ടാനുള്ള അനുമതി നിഷേധിച്ചത്.
ഈ നിരോധനം കഴിഞ്ഞവര്‍ഷത്തോടെ കര്‍ശനമാക്കുകയും ചെയ്തു. ഈ നിരോധനം ഗുണത്തേക്കാള്‍ ഏറെ ദോഷം ചെയ്‌തെന്നാണ് നിഗമനം. ചക്രത്തില്‍ കുരുങ്ങി മീനുകള്‍ ചത്തൊടുങ്ങുകയും ചത്തൊടുങ്ങിയമീനുകള്‍ ഒഴുക്ക് നിലച്ച ജലാശയങ്ങളില്‍ എത്തുന്നതും പ്രദേശവാസികള്‍ ഈ വെള്ളം വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമ്പോള്‍ ഉണ്ടാകുന്ന ആരോഗ്യ പ്രശ്‌നങ്ങള്‍ നിരവധിയാണ്.
എന്നാല്‍ നിരോധിത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് കുട്ടനാടന്‍ മേഖലകളില്‍ മത്സ്യബന്ധനം നടത്തിയിട്ടും അധികൃതര്‍ കണ്ടില്ലെന്നു നടിക്കുന്നു.
ഇതോടെ മത്സ്യ സമ്പത്ത് ഗണ്യമായി കുറയുകയും നിരവധി മത്സ്യങ്ങള്‍ വംശനാശ ഭീഷണി നേരിടുകയും ചെയ്യുന്നു. പമ്പ, അച്ചന്‍കോവിലാര്‍, മണിമലയാര്‍ എന്നീ നദികളിലും ഇതിനോടനുബന്ധിച്ചുള്ള ചെറുതോടുകളിലും മറ്റ് ജലാശയങ്ങളിലുമാണ് അനധികൃത മത്സ്യബന്ധനം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."