മദ്യപാനത്തിനിടെ വാക്കുതര്‍ക്കം; ഹോട്ടല്‍ മുറിയില്‍ യുവാവിനെ കുത്തിക്കൊന്നു
തിരുവനന്തപുരം: മദ്യപാനത്തിനിടയിലുണ്ടായ വാക്കുതര്‍ക്കത്തിനിടെ ഹോട്ടല്‍ മുറിയില്‍ ടാക്സി ഡ്രൈവറെ സുഹൃത്ത് കുത്തിക്കൊന്നു. പൂജപ്പുര ചാടിയറ പാതിരപ്പള്ളി ലൈന്‍ പി.ആര്.എ 103ല്‍ ശ്രീനിവാസന് നായരാണ് (39)കൊല്ലപ്പെട്ടത്. സംഭവത്തില്‍ പാപ്പനംകോട് വെസ്റ്റ് കൈത്തലയ്ക്കല് പുത്തന്‍വീട്ടില്‍ കലേഷിനെ (39) പൊലിസ് അറസ്റ്റ് ചെയ്തു. സംഭവസമയത്ത് ഹോട്ടല്‍ മുറിയില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഗിരീഷ്, സന്തോഷ് എന്നിവരെയും പൊലിസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കൃത്യത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന കൊല്ലം സ്വദേശി ജോസ് ഒളിവിലാണ്. ഇയാള്‍ക്ക് വേണ്ടി പൊലിസ് അന്വേഷണം ആരംഭിച്ചു.
വ്യാഴാഴ്ച രാവിലെ ഏഴരയോടെയാണ് ഓണം ആഘോഷിക്കുന്നതിനായി സുഹൃത്തുകളായ കലേഷ്, ഗിരീഷ്, സന്തോഷ്, ജോസ് എന്നിവര്‍ക്കൊപ്പം തമ്പാനൂര്‍ എസ്.എസ് കോവില്‍ റോഡിലെ ബോബന് പ്ലാസ ഹോട്ടലില്‍ ശ്രീനിവാസന് മുറിയെടുക്കുന്നത്. ടാക്സി ഡ്രൈവര്‍മാരായ ശ്രീനിവാസനും സന്തോഷും ഗിരീഷും ജോസും നേരത്തെ സുഹൃത്തുക്കളാണ്. ഗിരീഷിന്റെ പരിചയക്കാരനാണ് കലേഷ്. മദ്യലഹരിയില്‍ സന്തോഷും കലേഷും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ബിയര്‍ കുപ്പി അടിച്ചു പൊട്ടിച്ച് കലേഷ് സന്തോഷിനെ ആക്രമിക്കുകയും ചെയ്തു. ശ്രീനിവാസന് ഇതു തടയാന്‍ ശ്രമിച്ചപ്പോള്‍ കലേഷ് ശ്രീനിവാസന്റെ കഴുത്തില്‍ കുപ്പി കൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലിസ് പറയുന്നു. ശ്രീനിവാസന്റെ നിലവിളി കേട്ട് ഹോട്ടലിലെ ജീവനക്കാര്‍ എത്തുന്നതിനിടയില്‍ കലേഷും ജോസും ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് മുറിയില്‍ മദ്യലഹരിയിലായിരുന്ന ഗിരീഷിനെയും സന്തോഷിനെയും ജീവനക്കാരാണ് പൊലിസിനെ ഏല്‍പ്പിച്ചത്.
രാത്രിയോടെ പാപ്പനംകോട് വച്ചാണ് കലേഷിനെ പൊലിസ് പിടികൂടിയത്. പരേതനായ നാഗപ്പന് നായരുടെയും ശാന്തകുമാരിയുടെയും മകനാണ് അവിവാഹിതനായ ശ്രീനിവാസന്. സഹോദരങ്ങള്‍ അനില്‍കുമാര്‍, മായമോഹന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."