ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു രോഹിത് ഇന്‍; രാഹുല്‍ ഔട്ട്
മുംബൈ: ഒടുവില്‍ സെലക്ടര്‍മാര്‍ നയം മാറ്റി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ യുവതാരം ശുഭ്മാന്‍ ഗില്ലിന് അരങ്ങേറ്റത്തിന് അവസരം നല്കിയപ്പോള് രാഹുലിന് സ്ഥാനം നഷ്ടമായി. പകരക്കാരനായിറക്കാന് 15 അംഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത് സീനിയര്‍ താരം രോഹിത് ശര്‍മയെ. ധവാനെയും ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ഉമേഷ് യാദവിനും ഇടം നേടാനായില്ല. മൂന്ന് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്. വിരാട് കോഹ്ലി തന്നെ നയിക്കുന്ന ടീമില്‍ വിന്‍ഡീസിനെതിരേ മോശം ഫോം കാഴ്ചവച്ച ഋഷഭ് പന്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, ടെസ്റ്റില്‍ പന്തിനേക്കാള്‍ മികച്ച റെക്കോര്‍ഡുള്ള സാഹയും ഇടം കണ്ടതിനാല്‍ താരത്തെ ഇറക്കാനാണ് സാധ്യത. കരീബിയന്‍ മണ്ണില്‍ ഇന്ത്യക്ക് മികച്ച വിജയം സമ്മാനിച്ച ഹനുമാ വിഹാരിയെയും ടീമില്‍ ഉള്‍പ്പെടുത്തി.
കെ.എല്‍ രാഹുലിന്റെ ദയനീയ പ്രകടനമാണ് ടെസ്റ്റില്‍ പതിറ്റാണ്ടോളം മുദ്ര പതിപ്പിച്ച രോഹിത്തിനെ വീണ്ടും വിളിക്കാന്‍ അവസരമൊരുക്കിയത്.
ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റ് പരമ്പരയിലെ മിന്നും പ്രകടനമാണ് ശുഭ്മാന്‍ ഗില്ലിന് അവസരം നല്‍കിയത്. വിന്‍ഡീസ് പര്യടനത്തില്‍ ഇന്ത്യ എയ്ക്കുവേണ്ടി താരം കുറിച്ച ഇരട്ടസെഞ്ചുറിയും സെലക്ടര്‍മാര്‍ പരിഗണിച്ചു. അതേസമയം, വിന്‍ഡീസിനെതിരായ ടീമില്‍നിന്ന് തഴയപ്പെട്ട ആര്. അശ്വിന് ടീമില്‍ തിരിച്ചെത്തി. ഒക്ടോബര്‍ രണ്ടിന് വിശാഖപട്ടണത്താണ് ആദ്യ ടെസ്റ്റ്. രണ്ടാം ടെസ്റ്റ് പത്തിന് പൂനെയിലും മൂന്നാം മത്സരം 19ന് റാഞ്ചിയിലും നടക്കും.
സ്ക്വാഡ്: വിരാട് കോഹ്ലി (നായകന്), മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ, ഹനുമാ വിഹാരി, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ, ശുഭ്മാന്‍ ഗില്‍.
ജലജ് സക്സേന ബോര്‍ഡ്
പ്രസിഡന്റ്സ് ഇലവനില്‍
മുംബൈ: ദക്ഷിണാഫ്രിക്കയ്ക്കെതിരേ ത്രിദിന പരിശീലന മത്സരം കളിക്കുന്ന ബോര്‍ഡ് പ്രസിഡന്റ്സ് ഇലവന് ടീമിലിടം നേടി കേരള താരം ജലജ് സക്സേന. രോഹിത് ശര്‍മയാണ് ഈ ടീമിനെ നയിക്കുക. ഈ മാസം 26ന് വിശാഖപട്ടണത്ത് ആരംഭിക്കുന്ന ഈ മത്സരത്തിനുള്ള 13 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്. രോഹിതിന് പുറമേ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ മായങ്ക് അഗര്‍വാളും ടീമിലുണ്ട്.
ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ആദ്യ അനൗദ്യോഗിക ടെസ്റ്റ് മത്സരത്തില്‍ ഔള്‍റൗണ്ട് പ്രകടനത്തോടെ ശ്രദ്ധേയമായതിന് പിന്നാലെയാണ് താരത്തെയും ടീമില്‍ ഉള്‍പ്പെടുത്തിയത്. ഈ മത്സരത്തില്‍ കളിയിലെ താരവും സക്സേനയായിരുന്നു.
സമീപകാലത്ത് ഇന്ത്യന്‍ അഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കുന്ന പ്രിയങ്ക് പഞ്ചല്‍, അഭിമന്യു ഈശ്വരന്, വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് കെ.എസ് ഭരത് തുടങ്ങിയവരും പരിശീലന മത്സരത്തിനുള്ള ബോര്‍ഡ് പ്രസിഡന്റ്സ് ഇലവനില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
ഷാര്‍ദുല്‍ താക്കൂറും ഉമേഷ് യാദവും ചേര്‍ന്നാകും ടീമിന്റെ പുതിയ ബോള്‍ പങ്കിടുക. ഇവരെ സഹായിക്കാന്‍ ഇഷാന് പോറല്‍, ആവേശ് ഖാന് എന്നിവരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."