ആത്മാഹുതി ഭീഷണിയില്‍ പട്ടയമേള; ചോലക്കാട് നിവാസികളുടെ പരാതി പരിഹരിച്ചു
അഗളി: പട്ടയമുണ്ടായിട്ടും നികുതി അടക്കാന്‍ അനുവദിക്കാത്ത വനം, റവന്യൂവകുപ്പുകളുടെ നിലപാടില്‍ പ്രതിഷേധിച്ച് ചോലക്കാട് നിവാസികള്‍ നടത്തി വന്ന സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും നാടകീയമായ പരിസമാപ്തി. അട്ടപ്പാടിയില്‍ ഇന്നലെ നടന്ന പട്ടയമേളയുടെ വേദിയില്‍ മന്ത്രിയെ സാക്ഷിയാക്കി ആത്മാഹുതി ചെയ്യുമെന്നായിരുന്നു ചോലക്കാട് നിവാസികളുടെ ഭീഷണി.
ഭീഷണിയെ തുടര്‍ന്ന് കനത്ത പൊലിസ് കാവലിലായിരുന്നു പട്ടയമേള സംഘടിപ്പിച്ചത്. വേദിയുടെ പരിസരത്തും ചോലക്കാട് പ്രദേശത്തും ചടങ്ങിനു തലേ ദിവസം മുതല്‍ പൊലീസ് നിരീക്ഷണം ഉറപ്പാക്കിയിരുന്നു. മഫ്ടിയിലും യൂനിഫോമിലുമായി നൂറുകണക്കിന് പൊലിസ് ഉദ്യോഗസ്ഥരാണ് സുരക്ഷാ ചുമതലയിലുണ്ടായിരുന്നത്. മന്ത്രിയും പ്രതിഷേധക്കാരും സി.പി.ഐക്കാരായതിനാല്‍ പ്രശ്‌നത്തിനുള്ള പരിഹാരം പട്ടയമേളയിലേക്ക് മന്ത്രിയെത്തുന്നതിനു മുമ്പ് തന്നെ ഉണ്ടാവണമെന്ന് സി.പി.ഐ പ്രാദേശിക നേതൃത്വവും നിലപാടെടുത്തു. ഇതോടെയാണ് പ്രശ്‌നപരിഹാരത്തിന് വഴിയൊരുങ്ങിയത്.
സി.പി.ഐയുടെ ഓഫിസിലെത്തിയ റവന്യൂമന്ത്രി പ്രതിഷേധക്കാരുമായി സംസാരിച്ച ശേഷം പ്രശ്‌ന പരിഹാരത്തിനാവശ്യമായ എന്തു തടസമുണ്ടെങ്കിലും അത് നീക്കി ചോലക്കാട് നിവാസികളുടെ ബുദ്ധിമുട്ടുകള്‍ നീക്കണമെന്ന് ജില്ലാ കലക്ടര്‍ക്ക് ഉത്തരവ് നല്‍കിയതോടെയാണ് പ്രതിഷേധക്കാര്‍ ആത്മൂഹുതി ഭീഷണിയില്‍നിന്ന് പിന്‍മാറിയത്.
അട്ടപ്പാടിയിലെ പഴക്കം ചെന്ന കുടിയേറ്റ കോളനിയായ ചോലക്കാട് നിവാസികളുടെ വര്‍ഷങ്ങള്‍ നീണ്ട പ്രശ്‌നത്തിനാണ് ഇതോടെ പരിഹാരമായത്. അട്ടപ്പാടിയില്‍ ആദ്യകാലത്ത് കുടിയേറിയ ചോലക്കാട്, കുറുക്കന്‍കുണ്ട് കോളനികളിലെ കുടുംബങ്ങള്‍ക്ക് 1977ല്‍ സര്‍ക്കാര്‍ പട്ടയം നല്‍കുകയും ഭൂവുടമകള്‍ കൃത്യമായി നികുതി അടക്കുകയും ചെയ്തിരുന്നതാണ്. എന്നാല്‍ 1998നു ശേഷം പലസാങ്കേതിക വശങ്ങള്‍ ചൂണ്ടിക്കാട്ടി നികുതി സ്വീകരിക്കുന്നത് റവന്യൂവകുപ്പ് നിര്‍ത്തിവെച്ചു. ഇക്കാര്യത്തില്‍ പ്രതിഷേധങ്ങളും സമരങ്ങളും ഉണ്ടായസാഹചര്യങ്ങളിലെല്ലാം അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിടുകയും അന്വേഷണ റിപ്പോര്‍ട്ടില്‍ നടപടികള്‍ ഇല്ലാതെ ബന്ധപ്പെട്ടവര്‍ ഉഴപ്പുകയാണുണ്ടായത്.
നിയമസഭാ സമിതി തന്നെ മൂന്നുതവണയാണ് ഇതേക്കുറിച്ച് അന്വേഷിക്കുകയും തെളിവെടുപ്പും നടത്തി റിപ്പോര്‍ട്ട് സമര്‍പിച്ചത്. ആ റിപ്പോര്‍ട്ടുകളില്‍ ചോലക്കാട്, കുറുക്കന്‍കുണ്ട് നിവാസികള്‍ക്ക് അനുകൂല നിലപാട് സ്വീകരിച്ചിട്ടും അട്ടപ്പാടിയിലെ റവന്യൂ, വനം വകുപ്പുകളുടെ അധികാരികള്‍ പരസ്പരം പഴിചാരി ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിഞ്ഞുമാറുകയാണെന്നാണ് കോളനി നിവാസികള്‍ കുറ്റപ്പെടുത്തി.
നികുതി അടക്കാന്‍ കഴിയാത്തതിനാല്‍ വിദ്യാഭ്യാസത്തിനും വിവാഹം, കെട്ടിട നിര്‍മാണം പോലുള്ള കാര്യങ്ങള്‍ക്കുമൊന്നും തന്നെ വായ്പയെടുക്കാനൊ വില്‍പന നടത്താനൊ കഴിയുന്നില്ലെന്നുമാണ് കോളനിനിവാസികളെ വിഷമത്തിലാക്കിയത്.
ചോലക്കാട് കോളനി സി.പി.ഐയുടെ ഉറച്ച അനുഭാവികളാണ്. എന്നിട്ടും സര്‍ക്കാര്‍ കാണിക്കുന്ന നീതി നിഷേധം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിനെതിരേ ജീവന്‍ ബലിയര്‍പിച്ചും പോരാടുമെന്നുമായിരുന്നു കോളനി നിവാസികളുടെ നിലപാട്.
കേരള മന്ത്രിസഭയുടെ വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായാണ് അട്ടപ്പാടിയില്‍ ഇന്നലെ പട്ടയമേളയും വനാവകാശനിയമം അനുസരിച്ച് ആദിവാസികള്‍ക്കുളള പ്രമാണപത്രവിതരണവും ധനസഹായവിതരണവും നടത്തിയത്.
പട്ടയമേളയില്‍ 517 ആദിവാസി പട്ടയമുള്‍പ്പെടെ 1353 പട്ടയങ്ങള്‍ വിതരണം ചെയ്തു. അഗളിയില്‍ കിലയുടെ ഹാളില്‍ നടന്ന പരിപാടിയില്‍ റവന്യൂ വകുപ്പ് മന്ത്രി ഇ.ചന്ദ്രശേഖരന്‍ പട്ടയമേളയുടെ ഉദ്ഘാടനവും പട്ടയവിതരണവും നിര്‍വഹിച്ചു. നിയമ-സാംസ്‌കാരിക-പട്ടിക-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലനും പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."