മധ്യപ്രദേശ് കര്‍ഷക വെടിവെപ്പ്: പൊലിസുകാര്‍ക്കെതിരെ കേസില്ല
ഭോപ്പാല്‍: മധ്യപ്രദേശിലെ മന്ദ്സോറില് സമരത്തിനിടെയുണ്ടായ വെടിവെപ്പില്‍ ആറ് കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പൊലിസുകാര്‍ക്കെതിരെ ഇതുവരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തില്ല. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും നടപടിയൊന്നും ഉണ്ടായിട്ടില്ലെന്ന് മുതിര്‍ന്ന പൊലിസ് ഓഫീസര്‍ പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.
പൊലിസ് വെടിവെപ്പില്‍ റിട്ടയേര്‍ഡ് ജഡ്ജി എ.കെ ജെയിനിന്റെ നേതൃത്വത്തില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്.
അതേസമയം, മന്ദ്സോര് ജില്ലയില്‍ 46 കേസുകളാണ് പ്രക്ഷോഭകര്‍ക്കെതിരെ പൊലിസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സായുധ പ്രക്ഷോഭം, അക്രമം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസ്.
കണ്ണില്‍ പൊടിയിടാനെന്ന പോലെ വെടിവെപ്പ് നടത്തിയ രണ്ട് ഉദ്യോഗസ്ഥരെ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു.
നിയമപരമായി, കുറ്റക്കാരെന്ന് കണ്ടെത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണ് ചെയ്യേണ്ടത് സുപ്രിം കോടതി അഭിഭാഷകനായ സജ്ഞയ് ഹെഗ്ഡെ പറയുന്നു. പൊലിസ് വെടിവെപ്പില്‍ ജുഡീഷ്യല്‍ അന്വേഷണം മാത്രം പര്യാപ്തമാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ വെടിവെപ്പ് ആത്മരക്ഷാര്ഥമായിരുന്നുവെന്നാണ് പൊലിസിന്റെ വാദം. അതിനാല്‍ പൊലിസുകാര്‍ക്കെതിരെ കേസെടുക്കേണ്ടെന്ന നിലപാടിലാണ് അധികൃതര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."