പിണറായിയും ഗഡ്കരിയും വിമാനമിറങ്ങി
മട്ടന്നൂര്‍ (കണ്ണൂര്‍): കണ്ണൂര്‍ വിമാനത്താവളത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും വിമാനമിറങ്ങി. തലശ്ശേരി-മാഹി ബൈപാസ് പ്രവൃത്തി ഉദ്ഘാടനത്തിനാണ് നാവികസേനയുടെ ഡോണിയര്‍ വിമാനത്തില്‍ ഇരുവരുമെത്തിയത്.
ചൊവ്വാഴ്ച വൈകിട്ട് 4.10ഓടെയാണ് കൊച്ചിയില്‍ നിന്ന് ഇരുവരും കണ്ണൂരിലെത്തിയത്. മുഖ്യമന്ത്രിയും ഗഡ്കരിയും വ്യത്യസ്ത വിമാനങ്ങളില്‍ എത്തുമെന്നാണു നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍ കൊച്ചിയിലെ പരിപാടി വൈകിയതിനാല്‍ ഇരുവരും ഒരുമിച്ച് എത്തുകയായിരുന്നു.
എന്നാല്‍ മുഖ്യമന്ത്രി എത്തുമെന്ന് അറിയിച്ചിരുന്ന വി.ആര്‍.എല്‍ ലോജിസ്റ്റിക്‌സിന്റെ പ്രീമിയര്‍ എ വണ്‍ വിമാനത്തില്‍ വിമാനത്താവളത്തിലെ രണ്ടാമത്തെ യാത്രക്കാരിയായി മന്ത്രി കെ.കെ ശൈലജ കണ്ണൂരിലിറങ്ങി. തലശ്ശേരിയിലെ ചടങ്ങില്‍ പങ്കെടുക്കാനാണു മന്ത്രിയും എത്തിയത്.
അതേസമയം ടെര്‍മിനലില്‍ കയറ്റിയില്ലെന്നാരോപിച്ച് ഗഡ്കരിയെ സ്വീകരിക്കാനെത്തിയ ബി.ജെ.പി നേതാക്കള്‍ സുരക്ഷാ ഉദ്യോഗസ്ഥരുമായി വാക്കേറ്റമുണ്ടായി. മന്ത്രി കെ.കെ ശൈലജയെ സ്വീകരിക്കാന്‍ എത്തിയ സി.പി.എം നേതാവായ ഭര്‍ത്താവ് കെ. ഭാസ്‌കരനെയും ഒപ്പമുണ്ടായിരുന്ന ആളെയും ടെര്‍മിനലില്‍ കടത്തിവിട്ടതിനെ ചൊല്ലിയാണു ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ സി.കെ പദ്മനാഭന്‍, കെ. രഞ്ജിത്, പി. സത്യപ്രകാശന്‍, ബിജു ഏളക്കുഴി എന്നിവരുടെ നേതൃത്വത്തില്‍ ബഹളംവച്ചത്.
ഇതിനിടെ ഫയര്‍സ്റ്റേഷന്‍ ഭാഗത്തുള്ള ഗേറ്റ് വഴിയാണു മുഖ്യമന്ത്രിയും ഗഡ്കരിയും പരിപാടിക്കായി വെവ്വേറെ വാഹനങ്ങളില്‍ തലശ്ശേരിക്കു തിരിച്ചത്.
എന്നാല്‍ ഗഡ്കരിക്കൊപ്പം ഉണ്ടായിരുന്ന വി. മുരളീധരന്‍ എം.പിയെ വിളിച്ച് സി.കെ പദ്മനാഭന്‍ പരാതി പറഞ്ഞതിനെ തുടര്‍ന്നു മന്ത്രി തിരികെ ടെര്‍മിനലിലെത്തി നേതാക്കളുടെ സ്വീകരണം ഏറ്റുവാങ്ങി.
വൈകിട്ട് 6.30ഓടെ തിരികെ വിമാനത്താവളത്തിലെത്തിയ ശേഷം മുഖ്യമന്ത്രിയും മന്ത്രി ശൈലജയും തിരുവനന്തപുരത്തേക്കും ഗഡ്കരി നാഗ്പൂരിലേക്കും മടങ്ങി.
സി.പി.എം ഏരിയാ സെക്രട്ടറി എന്‍.വി ചന്ദ്രബാബു, നഗരസഭാധ്യക്ഷ അനിതാവേണു, വൈസ് ചെയര്‍മാന്‍ പി. പുരുഷോത്തമന്‍ തുടങ്ങിയവരാണു മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ എത്തിയത്. കലക്ടര്‍ മീര്‍ മുഹമ്മദലി, ജില്ലാ പൊലിസ് മേധാവി ജി. ശിവവിക്രം തുടങ്ങിയവരും വിമാനത്താവളത്തിലെത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."