ബഹിരാകാശ പദ്ധതികള്‍ക്കായി ഇന്ത്യ ചെലവഴിച്ച ഓരോ രൂപയുടെയും മൂല്യം തിരിച്ചു ലഭിച്ചു: രാകേഷ് ശര്‍മ്മ
തിരുവനന്തപുരം: ബഹിരാകാശ പദ്ധതികള്‍ക്കായി ഇന്ത്യ ചെലവഴിച്ച ഓരോ രൂപയുടെയും മൂല്യം തിരിച്ചു ലഭിച്ചിട്ടുണ്ടെന്ന് ആദ്യ ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി വിങ് കമ്മഡോര്‍(റിട്ട) രാകേഷ് ശര്‍മ്മ.
തിരുവനന്തപുരത്തെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പെയ്‌സ് സയന്‍സ് ആന്റ് ടെക്‌നോളജിയുടെ (ഐ.ഐ.എസ്.ടി) പതിമൂന്നാമത് സ്ഥാപകദിനാഘോഷത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം. ബഹിരാകാശ മേഖലയിലെ മുന്നേറ്റത്തിലൂടെ സാധാരണക്കാരുടെ ജീവിതം സുഗമമാക്കാനാകുമെന്ന ഡോ.വിക്രം സാരാഭായിയുടെ കാഴ്ചപ്പാട് യാഥാര്‍ഥ്യമാക്കുന്നതില്‍ ഐ.ഐ.എസ്.ടി അടക്കമുള്ള സ്ഥാപനങ്ങള്‍ മികച്ച പങ്കാണ് വഹിച്ചതെന്ന് രാകേഷ് ശര്‍മ്മ പറഞ്ഞു. അറിവു സ്വന്തമാക്കുന്നതിനെക്കാള്‍ പ്രധാനപ്പെട്ടതാണ് അത്യാവശ്യ സമയത്ത് അത് ഉപയോഗപ്പെടുത്താനാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കോഴ്‌സ് കഴിഞ്ഞിറങ്ങുന്ന വിദ്യാര്‍ഥികള്‍ ഉടനടി ഒരു പദ്ധതിയില്‍ പങ്കാളിത്തം വഹിക്കാന്‍ കഴിയും വിധം നിലവാരമുള്ളവരാകേണ്ടതുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ചടങ്ങില്‍ ഐ.ഐ.എസ്.ടി ചാന്‍സലര്‍ ഡോ.ബി.എന്‍ സുരേഷ് അധ്യക്ഷനായി. ഐ.ഐ.എസ്.ടി ഡയറക്ടര്‍ ഡോ.വി.കെ ദഡ്‌വാള്‍, രജിസ്ട്രാര്‍ വൈ.വി.എന്‍ കൃഷ്ണമൂര്‍ത്തി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
തിരുവനന്തപുരത്തും പരിസരത്തുമുള്ള വിവിധ സ്‌കൂളുകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുമായും, ഐ.ഐ.എസ്.ടി പൂര്‍വ വിദ്യാര്‍ഥികളുമായും രാകേഷ് ശര്‍മ്മ വ്യത്യസ്ത സെഷനുകളിലായി സംവദിച്ചു.
മഹാത്മാ ഗാന്ധിയുടെ 150 ാം ജന്‍മവാര്‍ഷികാഘോഷവും ഇന്ത്യന്‍ ബഹിരാകാശ പരിപാടിയുടെ പിതാവായ ഡോ.വിക്രം സാരാഭായിയുടെ 100ാ മത് ജന്മവാര്‍ഷികാഘോഷവും ഇതോടൊപ്പം നടന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."