വൃത്തിഹീനമായി ഹോട്ടലുകളും തട്ടുകടകളും 6 മാസം, പിഴ 7 ലക്ഷം
കണ്ണൂര്‍: ശുചിത്വമില്ലാത്ത നിരവധി ഹോട്ടലുകളും ഒറ്റ ദിവസം കൊണ്ട് തട്ടിക്കൂട്ടുന്ന ഇന്‍സ്റ്റന്റ് തട്ടുകടകളും നിരവധി പ്രവര്‍ത്തിക്കുന്ന സ്ഥലമാണ് കണ്ണൂര്‍ നഗരം. ശുചിത്വമില്ലാത്ത ഭക്ഷണശാലകള്‍ അനുവദിക്കില്ലെന്നാണ് കണ്ണൂര്‍ കോര്‍പറേഷനിലെ ആരോഗ്യവിഭാഗവും ഭക്ഷ്യസുരക്ഷാ അധികൃതരും പറയാറുള്ളതെങ്കിലും ഇതൊന്നും പലപ്പോഴും പ്രവൃത്തിയില്‍ കാണാറില്ല.
കൂണു പോലെ തലപൊക്കിയിരിക്കുന്ന ഇത്തരം ഭക്ഷ്യശാലകള്‍ കടുത്ത ആരോഗ്യപ്രശ്‌നങ്ങളുയര്‍ത്തുന്നതാണെന്ന് ആര്‍ക്കും ഒറ്റനോട്ടത്തില്‍ ബോധ്യമാകും. ഉച്ചകഴിയുമ്പോള്‍ മുതല്‍ തുറന്ന് പ്രവര്‍ത്തനം തുടങ്ങുന്ന തട്ടുകടകള്‍ രാത്രി വൈകിവരെ കച്ചവടത്തിലായിരിക്കും.
വഴിയാത്രക്കാര്‍ക്ക് കുറഞ്ഞവിലയില്‍ കിട്ടുന്ന ഇത്തരം ആഹാരം ഏറെ ആശ്വാസമാണെങ്കിലും പലയിടങ്ങളിലും കുടിവെള്ളം പോലും മലിനമാണെന്നതാണ് സത്യം. മാംസാഹാരം മൂന്നു മണിക്കൂറില്‍ കൂടുതല്‍ ഒരു കാരണവശാലും പുറത്ത് അന്തരീക്ഷ ഊഷ്മാവില്‍ സൂക്ഷിക്കരുതെന്നാണ് നിയമം. എന്നാല്‍ മാംസ വിഭവങ്ങളുണ്ടാക്കി പുറത്ത് പ്രദര്‍ശിപ്പിക്കുന്നത് ഇവിടങ്ങളിലെ സ്ഥിരം കാഴ്ചയാണ്. തട്ടുകടകള്‍ മുതല്‍ പേരുകേട്ട വലിയ ഭക്ഷണശാലകള്‍ വരെ ഷവര്‍മ, തന്തൂരി തുടങ്ങിയവ ഉണ്ടാക്കുന്നത് അശാസ്ത്രീയവും വൃത്തിഹീനവുമായ സാഹചര്യത്തിലാണെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. പൊടിയും പുകയും തട്ടുന്ന തരത്തില്‍ തുറന്നുവച്ചാണ് മിക്ക ഹോട്ടലുകളിലും ഷവര്‍മ നിര്‍മാണം.
വഴിയാത്രക്കാരുടെ നോട്ടം എളുപ്പം ഇത്തരം ഭക്ഷ്യവസ്തുക്കളിലേക്ക് എത്തിക്കാനാണ് ഇങ്ങനെ പ്രദര്‍ശിപ്പിക്കുന്നത്. ഇങ്ങനെ കിട്ടുന്നത് വാങ്ങി കഴിച്ച പലര്‍ക്കും ഛര്‍ദി, വയറിളക്കം എന്നിവ പിടിപെടാന്‍ സാധ്യതയുണ്ട്. ആവശ്യത്തിന് വേവിക്കാതെയാണ് ഷവര്‍മ തുടങ്ങിയ മാംസ വിഭവങ്ങള്‍ ഉണ്ടാകുന്നത്. തട്ടുകടകളിലെ മിതമായ നിരക്കും രുചിയും ആകര്‍ഷിക്കുന്നതിനാല്‍ നിലവിലുള്ള സാഹചര്യങ്ങള്‍ മാറ്റാന്‍ അധികൃതര്‍ക്ക് വലിയ താല്‍പര്യമുണ്ടാകാറില്ല. പുഴു നുരയ്ക്കുന്ന ഓവു ചാലിന്റെ മുകളില്‍ വച്ചും പൊടി പടലങ്ങള്‍ നിറഞ്ഞ സ്ഥലത്ത് വച്ചും പലഹാരങ്ങളുണ്ടാക്കുന്ന തട്ടുകടകളുണ്ട്. ഇവിടങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കാന്‍ പോലും പലപ്പോഴും മിനക്കെടാറില്ല. ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന തട്ടുകടകള്‍ നിരവധിയാണ്. ഒരു ലക്ഷം വരെ പിഴ വിധിക്കാമെങ്കിലും ഇത്രയും പിഴ ഈടാക്കുന്ന സാഹചര്യം വളരെ ചുരുക്കമാണെന്ന് ഉദ്യോഗസ്ഥര്‍ തന്നെ പറയുന്നു. കഴിഞ്ഞ ആറുമാസത്തിനുള്ളില്‍ കണ്ണൂരില്‍ നിന്ന് പിഴയായി ഈടാക്കിയത് ഏഴ് ലക്ഷം രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."