വ്യാജ മാലമോഷണക്കേസ്: ചക്കരക്കല്‍ എസ്.ഐയെ നീക്കണം: കെ.എം ഷാജി
കണ്ണൂര്‍: പെരളശ്ശേരി ചോരക്കുളത്ത് സ്ത്രീയുടെ മാലപൊട്ടിച്ച കേസില്‍ കതിരൂരിരലെ താജുദ്ദീനെ കള്ളക്കേസ് ചുമത്തി ജയിലിലടച്ച ചക്കരക്കല്‍ എസ്.ഐ ബിജുവിനെ സര്‍വിസില്‍നിന്ന് നീക്കണമെന്ന് കെ.എം ഷാജി എം.എല്‍.എ. ഇതിനുവേണ്ടി നിയമ നടപടിയുമായി മുസ്‌ലിം ലീഗ് മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. പ്രവാസിയായ താജുദ്ദീനെ കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ച സംഭവത്തില്‍ ചക്കരക്കല്‍ എസ്.ഐയെ സര്‍വിസില്‍നിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ലീഗ് കലക്ടറേറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാതൃകാപരമായി ഒരു പൊലിസ് ഉദ്യോഗസ്ഥന്‍ ശിക്ഷിക്കപ്പെടുമ്പോള്‍ മാത്രമേ ഇതുപോലുള്ള താജുദ്ദീന്‍മാരും ശ്രീജിത്തുമാരും ഉണ്ടാകാതിരിക്കുകയുള്ളൂ. കേസിനാസ്പദമായ സംഭവം നടന്ന ദിവസം താജുദ്ദീന്‍ അടുത്തുള്ള ബ്യൂട്ടി പാര്‍ലറിലായിരുന്നുവെന്ന് തെളിഞ്ഞിട്ടും മനഃപൂര്‍വം പൊലിസ് കേസ് ചുമത്തുകയായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യയെയും മകനെയും വരെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തു. പൊലിസിന് ഈഗോ പ്രശ്‌നമായി ഇത് മാറിയിരുന്നു. പൊലിസുകാര്‍ ചെയ്യേണ്ട പണിചെയ്യാതെ സമൂഹമാധ്യമങ്ങളിലൂടെ സ്വയം വലിയവനാകാന്‍ ശ്രമിക്കുകയല്ല ചെയ്യേണ്ടത്. അനാവശ്യമായി എസ്.ഐയെ സംരക്ഷിക്കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ഷാജി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷനായി. കള്ളക്കേസില്‍പ്പെട്ട് ജയിലില്‍ കിടന്നതിന്റെ അനുഭവങ്ങള്‍ താജുദ്ദീന്‍ പങ്കുവച്ചു.
കൊണ്ടോട്ടി എം.എല്‍.എ ടി.വി ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. വി.കെ അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുല്‍ കരീം ചേലേരി സംസാരിച്ചു. വി.പി വമ്പന്‍, എസ്. മുഹമ്മദ്, ടി.എ തങ്ങള്‍, കെ.ടി സഹദുല്ല, പി.വി സൈനുദീന്‍, കെ.എ ലത്തീഫ്, ഇബ്രാഹിം മുണ്ടേരി, കെ.വി.എം അലി, കെ.പി താഹിര്‍, എം.പി.എ റഹീം, അന്‍സാരി തില്ലങ്കേരി എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."