യുവാക്കളെ പൊലിസ്ട്രക്കില്‍ കൊണ്ടുപോയി വെടിവച്ച് കനാലില്‍ തള്ളി; മരിച്ചെന്നു കരുതി ഉപേക്ഷിച്ച അഞ്ചുപേരാണ് വിവരം പുറംലോകത്തെത്തിച്ചത്-നടുക്കുന്ന ഹാഷിംപുര കൂട്ടക്കൊല
#സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും ക്രൂരമായ കസ്റ്റഡികൂട്ടക്കൊലയില്‍ ഉത്തരവ് വരുന്നത് നീണ്ട 31 വര്‍ഷങ്ങള്‍ക്കു ശേഷം. ആക്ടിവിസ്റ്റുകളുടെയും മനുഷ്യാവകാശ കമ്മിഷന്റെയും നിരന്തര ഇടപെടലുകളെത്തുടര്‍ന്നാണ് ഉത്തര്‍പ്രദേശിലും കേന്ദ്രത്തിലും മാറിമാറിവന്ന സര്‍ക്കാരുകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടും ഇന്നു രാവിലെ പ്രതികള്‍ക്കു ജീവപര്യന്തം തടവുശിക്ഷ വിധിക്കുന്നതിലേക്കു കാര്യങ്ങള്‍ എത്തിയത്.
2015 മാര്‍ച്ചില്‍ കേസിലെ മുഴുവന്‍ പ്രതികളെയും വിചാരണക്കോടതി വെറുതെവിട്ടിരുന്നു. ഇതോടെ കേസില്‍ ഇനി കുറ്റക്കാര്‍ ശിക്ഷിക്കപ്പെടില്ലെന്ന് ഇരകളുടെ ബന്ധുക്കള്‍ ഉറപ്പിച്ചതാണ്.
1987 മെയ് 22നാണ് ഉത്തര്‍പ്രദേശിലെ ഹാഷിംപുരയില്‍ രാജ്യത്തെ ഏറ്റവും വലിയ കസ്റ്റഡി കൊലപാതകങ്ങള്‍ നടന്നത്. ഡല്‍ഹിയില്‍ നിന്നു 70 കിലോമീറ്റര്‍ മാത്രം അകലെയുള്ള ഹാഷിംപുരയില്‍ 42 മുസ്്‌ലിം യുവാക്കളെയാണ് കുപ്രസിദ്ധ പ്രൊവിഷണല്‍ ആംഡ് കോണ്‍സ്റ്റാബുലറി(പി.എ.സി) കസ്റ്റഡിയിലെടുത്ത് കനാലിന് അരികില്‍ കൊണ്ടുപോയി വെടിവച്ചു കൊന്നത്. മീററ്റില്‍ വര്‍ഗീയ അസ്വാസ്ഥ്യങ്ങള്‍ നടക്കുന്നതിനിടെയാണു സംഭവമുണ്ടായത്. മീററ്റില്‍ നിന്നും ഹാഷിംപുരയില്‍ നിന്നുമായി 600നും 700നും ഇടയില്‍ മുസ്്‌ലിംകളെ പി.എ.സി ബലംപ്രയോഗിച്ചു കസ്റ്റഡിയിലെടുത്തു കൊണ്ടുവരികയായിരുന്നു. ഇതില്‍ നിന്ന് 50ഓളം യുവാക്കളെ പൊലിസ് ട്രക്കില്‍ കയറ്റി മക്കന്‍പൂര്‍ ഗ്രാമത്തിലുള്ള കനാലിന് അരികെ കൊണ്ടുപോയ ശേഷം ഓരോരുത്തരെയായി വെടിവച്ച് കനാലില്‍ തള്ളുകയായിരുന്നു.
മരിച്ചെന്നു കരുതി ഉപേക്ഷിച്ച അഞ്ചുപേരാണ് ഈ അരുംകൊലകള്‍ പിന്നീട് പുറംലോകത്തെത്തിച്ചത്. കേസന്വേഷണം തുടക്കംമുതലേ പ്രഹസനമായിരുന്നു. ഒടുവില്‍ നീണ്ട 28 വര്‍ഷത്തിനൊടുവില്‍ 2015ല്‍ തെളിവില്ലെന്നു ചൂണ്ടിക്കാട്ടി ഡല്‍ഹിയിലെ തീസ്ഹസാരി കോടതി എല്ലാം പ്രതികളെയും വെറുതെവിട്ടു.
വെടിയേറ്റ മുറിവുകളോടെ രക്ഷപ്പെട്ട അഞ്ചുപേരില്‍ ഒരാളായ മുഹമ്മദ് നഈം തനിക്കു നഷ്ടപരിഹാരമായി ലഭിച്ച പണം കൊണ്ട് ചെറിയൊരു കടനടത്തിവരികയാണ്. നഷ്ടപരിഹാരംകൊണ്ടു മാത്രമായില്ലെന്നും കുറ്റവാളികളെ ശിക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ രാജ്യത്തെ ഒരുപൗരന്‍ എന്ന നിലയ്ക്കു എനിക്ക് നീതിന്യായസംവിധാനങ്ങളില്‍ വിശ്വാസമുണ്ട്. കുറ്റവാളികള്‍ ഒരിക്കല്‍ നിയമത്തിനു മുന്നില്‍ വരും. ഹൈക്കോടതിയില്ലെങ്കില്‍ സുപ്രിംകോടതിയുണ്ട്. ഇനി ഇന്ത്യയിലെ ജുഡീഷ്യറി പരാജയപ്പെട്ടാലും ഒരുമുസ്്‌ലിം എന്ന നിലയ്ക്ക് അല്ലാഹു നീതിനടപ്പാക്കും നഈം പറഞ്ഞു. അന്നു കൊല്ലപ്പെട്ടവരെല്ലാം രക്തസാക്ഷികളാണെന്നാണ് നഈമിന്റെ വിശ്വാസം.
ഹാഷിംപുര കൂട്ടക്കൊല പോലിസിലെയും സര്‍ക്കാറിലെയും ഉന്നത ഉദ്യോഗസ്ഥര്‍ ആസൂത്രണം ചെയ്തതാണെന്ന് സംഭവം നടക്കുമ്പോള്‍ ഹാഷിംപുര സ്ഥിതി ചെയ്യുന്ന ഗാസിയാബാദ് പോലിസ് സുപ്രണ്ടായിരുന്ന വിഭൂതിനാരായണ്‍ റായ് വെളിപ്പെടുത്തിയിരുന്നു. മീററ്റില്‍ ഉന്നത പോലിസ്, സൈനിക ഉദ്യോഗസ്ഥരുടെയും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് കൂട്ടക്കൊല ആസൂത്രണംചെയ്തതെന്നും 'ഹാഷിംപുര 22 മെയ്' എന്ന പുസ്തകത്തില്‍ അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."