കണ്ണൂര്‍ വിമാനത്താവളം: ആഭ്യന്തര വിമാനങ്ങള്‍ക്ക് നികുതി ഇളവ്
തിരുവനന്തപുരം: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര സര്‍വിസ് നടത്തുന്ന എല്ലാ വിമാനങ്ങള്‍ക്കും ഏവിയേഷന്‍ ടര്‍ബൈന്‍ ഫ്യൂവലിന്റെ (എ.ടി.എഫ്) പൊതുവില്പന നികുതി നിരക്ക് പത്ത് വര്‍ഷത്തേക്ക് ഒരു ശതമാനമായി കുറയ്ക്കാന്‍ ഇന്നലെ ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷനിലെ ഏഴ് അസി. ജനറല്‍ മാനേജര്‍മാര്‍ക്ക് പത്താം ശമ്പളപരിഷ്കരണത്തിന്റെ ആനുകൂല്യം നല്‍കാനും കൊണ്ടോട്ടി മുനിസിപ്പാലിറ്റിയില്‍ 78.5 കോടി രൂപ ചെലവില്‍ കുടിവെള്ള പദ്ധതി നടപ്പാക്കുന്നതിന് കിഫ്ബി മുഖേന ഫണ്ട് ലഭ്യമാക്കാനും കേരള വാട്ടര്‍ അതോറിറ്റിക്ക് തത്വത്തില്‍ അനുമതി നല്‍കാനും തീരുമാനിച്ചു.
പ്രളയത്തില്‍ ഭൂമി നഷ്ടപ്പെട്ടവര്‍ക്കും ലൈഫ് മിഷന്റെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെട്ട ഭൂരഹിത ഭവനരഹിത കുടുംബങ്ങള്‍ക്കും പുനരധിവാസത്തിന് ഭൂമി സംഭാവന ചെയ്യുന്നവര്‍ക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷന് ഫീസും ഒഴിവാക്കാനും പൊതുസ്ഥാപനങ്ങള്‍ പുനര്‍നിര്‍മിക്കുന്നതിന് ഭൂമി സംഭാവന ചെയ്യുന്നവര്‍ക്കും ഈ ഇളവ് നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."