മന്ത്രി മണിയുടെ സഹോദരനെതിരേ കുറ്റപത്രം
കുറ്റപത്രം സമര്‍പ്പിച്ചത് ഒരു വ്യാഴവട്ടത്തിന് ശേഷം
തൊടുപുഴ: ചിന്നക്കനാലില്‍ സര്‍ക്കാര്‍ ഭൂമി കൈവശപ്പെടുത്തിയെന്ന കേസില്‍ മന്ത്രി എം.എം മണിയുടെ സഹോദരനും കുടുംബാഗങ്ങള്‍ക്കുമെതിരേ ക്രൈംബ്രാഞ്ച് ദേവികുളം കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. ഒരു വ്യാഴവട്ടത്തിന് ശേഷമാണ് കേസില്‍ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത്. ചിന്നക്കനാലിലെ വേണാട്ടുതാവളത്ത് 3.98 ഏക്കര്‍ സര്‍ക്കാര്‍ ഭൂമി വ്യാജരേഖ ഉപയോഗിച്ച് എം.എം മണിയുടെ സഹോദരന്‍ എം.എം ലംബോധരനും കുടുംബാംഗങ്ങളും കൈവശപ്പെടുത്തിയെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. സി.പി.എം മുന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയാണ് ലംബോധരന്‍. ലംബോധരന്റെ ഭാര്യയുടെ സഹോദരനായ പി.എ രാജേന്ദ്രനാണ് കേസിലെ ഒന്നാം പ്രതി. ലംബോധരന്‍ രണ്ടാം പ്രതിയുമാണ്.
റവന്യൂ രേഖകളില്‍ കൃത്രിമം കാട്ടി സര്‍ക്കാര്‍ ഭൂമി പട്ടയഭൂമിയാണെന്ന് കാണിച്ചാണ് മന്ത്രിയുടെ സഹോദരനും കുടുംബാംഗങ്ങളും കോടിക്കണക്കിന് രൂപ വിലവരുന്ന ചിന്നക്കനാലിലെ ഭൂമി കൈവശപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ വ്യക്തമാക്കുന്നു. ക്രമക്കേടുകള്‍ നടത്താന്‍ വില്ലേജ് ഓഫിസിലെ രേഖകള്‍ നശിപ്പിച്ചെന്നും റിപ്പോര്‍ട്ടിലുണ്ട്. ചിന്നക്കനാല്‍ വില്ലേജ് അസിസ്റ്റന്റ് ആയിരുന്ന സ്റ്റുവര്‍ട്ട് ജെ.ജേക്കബിനെ സ്വാധീനിച്ചാണ് വ്യാജ രേഖകള്‍ ചമച്ചത്. 2007 ല്‍ മുഖ്യമന്ത്രിയായിരുന്ന വി.എസ.് അച്യുതാനന്ദന്റെ മൂന്നാര്‍ ദൗത്യത്തിനിടയിലാണ് ഈ ഭൂമി കൈയേറ്റം കണ്ടെത്തിയത്. അന്വേഷണത്തിനിടയില്‍ ക്രൈംബ്രാഞ്ചിന്റെ നിരവധി ഉദ്യോഗസ്ഥര്‍ സ്ഥലം മാറ്റപ്പെട്ടു. 12 വര്‍ഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
റവന്യൂ ഉദ്യോഗസ്ഥരടക്കം 22 പേരാണ് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിലുണ്ടായിരുന്നത്. പ്രതികളില്‍ രണ്ട് റവന്യൂ ഉദ്യോഗസ്ഥര്‍ ഇതിനിടെ മരണപ്പെട്ടു. ബാക്കിയുള്ളവരെ ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം. വി.എസ് അച്യുതാനന്ദന്റെ മൂന്നാര്‍ ദൗത്യകാലത്ത് സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടറിയായിരുന്ന എം.എം മണി ഇതിനെതിരേ ശക്തമായി പ്രതികരിച്ചിരുന്നു. ഇതായിരുന്നു മൂന്നാര്‍ ദൗത്യത്തിന് മരണമണി മുഴക്കിയതും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."