കണ്ണൂര്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് കേന്ദ്ര ലൈബ്രറി സമയം രാത്രി എട്ടുവരെയാക്കും
കണ്ണൂര്‍: താവക്കരയിലെ കണ്ണൂര്‍ സര്‍വകലാശാലാ കേന്ദ്ര ലൈബ്രറിയുടെ പ്രവൃത്തി സമയം രാവിലെ എട്ടുമുതല്‍ രാത്രി എട്ടുവരെയാക്കാന്‍ സര്‍വകലാശാലാ സിന്‍ഡിക്കേറ്റ് യോഗം തീരുമാനിച്ചു. അധിക ജോലിക്കായി ദിവസവേതനാടിസ്ഥാനത്തില്‍ ഒരാളെ നിയമിക്കും. ലൈബ്രറി, എന്‍ജിനിയറിങ് യൂനിറ്റ്, കംപ്യൂട്ടര്‍ യൂനിറ്റ് എന്നിവിടങ്ങളില്‍ തസ്തികകള്‍ അനുവദിക്കുന്നതിനു സര്‍ക്കാരിലേക്കു നിര്‍ദേശം നല്‍കാനായി എം. പ്രകാശന്‍ കണ്‍വീനറായി സമിതി രൂപീകരിച്ചു. വിദ്യാര്‍ഥി ക്ഷേമ കേന്ദ്രത്തിനു സര്‍ക്കാര്‍ അനുവദിച്ച 4.26 കോടിയുടെ പ്രവൃത്തിക്കു സിന്‍ഡിക്കേറ്റ് അനുമതി നല്‍കി. വിദ്യാര്‍ഥി യൂനിയനു ഓഫിസും വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്നവര്‍ക്കു വിശ്രമ കേന്ദ്രവുമടക്കം ആധുനിക സൗകര്യങ്ങള്‍ ഇവിടെ ലഭ്യമാക്കും. സര്‍വകലാശാലയില്‍ നടക്കുന്ന വിവിധ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി ഡോ. വി. പി.പി മുസ്തഫ കണ്‍വീനറായുള്ള മേല്‍നോട്ട കമ്മറ്റിയെ രൂപീകരിച്ചു. പരീക്ഷാജോലികളില്‍ നിന്നു വിട്ടുനിന്ന അധ്യാപകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഇത്തരം ജോലിയെടുക്കാത്ത അധ്യാപകരുടെ പേരുവിവരങ്ങള്‍ നിരവധി തവണ ആവശ്യപ്പെട്ടിട്ടും സര്‍വകലാശാലയ്ക്കു നല്‍കാത്ത കോളജ് പ്രിന്‍സിപ്പല്‍മാര്‍ക്കെതിരെ അച്ചടക്ക നടപടികള്‍ക്കു യോഗം ശുപാര്‍ശ ചെയ്തു. 2014-16 കാലയളവിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ക്കു ഗ്രേസ് മാര്‍ക്ക് നല്‍കുന്നതില്‍ ഉണ്ടായ പോരായ്മ പരിഹരിക്കുന്നതിനായി വിദ്യാര്‍ഥി ക്ഷേമ വിഭാഗം മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ യോഗം അംഗീകരിച്ചു. സര്‍വകലാശാലയ്ക്കു കീഴിലെ അഫിലിയേറ്റഡ് കോളജുകളിലും വിദൂര വിദ്യാഭ്യാസത്തിലും 2018-19 അധ്യയന വര്‍ഷം മുതല്‍ പാഠ്യപദ്ധതിയും സിലബസും പരിഷ്‌കരിക്കും.
എല്ലാ കോളജുകളിലും പരീക്ഷാഹാളുകളില്‍ സി.സി.ടി.വി. ഏര്‍പ്പെടുത്തും. ഈവര്‍ഷം ഡിസംബര്‍ 31നകം ഇതു ചെയ്യണം. പരീക്ഷ കഴിഞ്ഞാല്‍ ക്ലാസ് മുറികളില്‍ നിന്നു കാമറകള്‍ നീക്കണം. ക്ലാസ് മുറികളില്‍ സി.സി.ടി.വി ഉപയോഗിച്ച് അധ്യയനം നിരീക്ഷിക്കുന്ന രീതി ഒരു കോളജും അവലംബിക്കരുതെന്നും യോഗം തീരുമാനിച്ചു.
നാലാം സെമസ്റ്റര്‍ ബി.എസ്.സി ഗണിത ശാസ്ര്തം ചോദ്യപേപ്പര്‍ ആവര്‍ത്തിക്കാനിടയായ സംഭവത്തില്‍ കുറ്റക്കാരനായ ചോദ്യകര്‍ത്താവിനെ പാനലില്‍ നിന്നു സ്ഥിരമായി ഒഴിവാക്കി. മൂല്യനിര്‍ണയ ക്യാംപുകളില്‍ മാര്‍ക്കുകള്‍ രേഖപ്പെടുത്തുമ്പോള്‍ വരുന്ന പിഴവുകള്‍ യോഗം വിലയിരുത്തി. യോഗത്തില്‍ വി.സി ഡോ. ബാബു സെബാസ്റ്റിയന്‍ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."