കള്ളന്‍ അടിച്ചുമാറ്റിയത് 35 കോടിയുടെ ക്ലോസറ്റ്
ലണ്ടന്‍: മ്യൂസിയം തുറന്ന് രണ്ട് ദിവസത്തിനകം കള്ളന്‍ കൊണ്ടുപോയത്‌ക്ലോസറ്റ്. എന്നാല്‍ ഇതിന്റെ വിലയാണ് മോഷ്ടാവിനെ ആകര്‍ഷിച്ചത്. 35 കോടി രൂപ! ബ്ലെനിം കൊട്ടാരം മ്യൂസിയത്തിലെ ശുചിമുറികളിലൊന്നില്‍ സ്ഥാപിച്ചിരുന്ന സ്വര്‍ണ ക്ലോസറ്റാണ് മോഷണം പോയത്. പൊലിസ് ഒരാളെ അറസ്റ്റ് ചെയ്‌തെങ്കിലും തൊണ്ടിമുതല്‍ കണ്ടെടുത്തിട്ടില്ല.
സാമ്പത്തിക സമത്വം എന്ന ആശയം മുന്നില്‍കണ്ട് മൗറീഷ്യോ കാറ്റലന്‍ എന്ന ഇറ്റാലിയന്‍ ശില്‍പിയാണ് 'അമേരിക്ക' എന്നു പേരുള്ള ഈ കലാസൃഷ്ടി 18 കാരറ്റ് സ്വര്‍ണത്തില്‍ നിര്‍മിച്ചത്. 35 കോടി രൂപ വിലവരും. മോഷണത്തിന് രണ്ട് ദിവസം മുന്‍പു മാത്രമാണ് മ്യൂസിയം സന്ദര്‍ശകര്‍ക്കു തുറന്നു കൊടുത്തത്.
ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്റെ ജന്മഗൃഹമാണ് ഓക്‌സ്ഫഡ്ഷറിലുള്ള ബ്ലെനിം കൊട്ടാരം. യുനെസ്‌കോയുടെ പൈതൃക കേന്ദ്രം കൂടിയാണിത്. ചര്‍ച്ചില്‍ പിറന്നുവീണ മുറിയോടു ചേര്‍ന്നുള്ള ശുചിമുറിയിലാണ് ക്ലോസറ്റ് സ്ഥാപിച്ചിരുന്നത്. സന്ദര്‍ശകര്‍ക്കു മറ്റേതു ടോയ്‌ലറ്റും പോലെ ഇതും ഉപയോഗിക്കാമായിരുന്നു.
ന്യൂയോര്‍ക്കിലെ ഗുഗന്‍ഹൈം മ്യൂസിയത്തിലാണ് ക്ലോസറ്റ് 2016ല്‍ ആദ്യം പ്രദര്‍ശനത്തിനു വച്ചത്. യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മ്യൂസിയത്തിലെ വാന്‍ഗോഗ് ചിത്രം ആവശ്യപ്പെട്ടപ്പോള്‍, മ്യൂസിയം നടത്തിപ്പുകാര്‍ ക്ഷമാപണം നടത്തി പകരം നല്‍കാമെന്നു പറഞ്ഞത് ഈ ക്ലോസറ്റ് ആയിരുന്നു. എന്നാല്‍ ട്രംപ് ഇത് നിരസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."