ഉത്തരേന്ത്യന്‍ മോഡല്‍ പോലീസിങിലൂടെ പ്രാകൃത മുറകള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ല: മുനീര്‍
കോഴിക്കോട്: ഉത്തരേന്ത്യന്‍ മോഡല്‍ പോലീസിങിലൂടെ പ്രാകൃത മുറകള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ അനുവദിക്കില്ലെന്നു പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ മുനീര്‍ എം.എല്‍എ. മുസ്ലിംലീഗ് നേതാവും തിരുവനന്തപുരം ജില്ലാ കൗണ്‍സിലറുമായി ഷിബു കല്ലറയെ അര്‍ധ നഗ്നനാക്കി നടത്തിച്ച പാങ്ങോട് എസ് ഐ നിയാസിനെതിരേ നടപടി സ്വീകരിക്കണമെന്നും മുനീര്‍ ആവശ്യപ്പെട്ടു. പൊലീസില്‍ ക്രിമിനലുകള്‍ തഴച്ചുവളരുകയും അവര്‍ക്ക് യഥേഷ്ടം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്താന്‍ അവസരം നല്‍കുകയും ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് ഇപ്പോഴത്തേതെന്നും കുഞ്ഞനന്തനെ പോലുള്ള കൊടും ക്രിമിനലുകള്‍ക്ക് അനന്തമായ പരോളും പ്രതിപക്ഷ കക്ഷികളുടെ പ്രവര്‍ത്തകര്‍ക്കും പ്രവാസികളുള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ക്കും അങ്ങേയറ്റത്തെ മനുഷ്യാവകാശ ലംഘനവുമാണ് കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ ഇപ്പോഴത്തെ മുഖമുദ്രയെന്നും മുനീര്‍ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
മുനീറിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം
മുസ്ലിം ലീഗ് തിരുവനന്തപുരം ജില്ലാ കൗണ്‍സിലര്‍ ഷിബു കല്ലറയെ പാങ്ങോട് എസ് ഐ ശ്രീ നിയാസ് വൈരനിര്യാതനബുദ്ധിയോടെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്ന ഭീകര ദൃശ്യമാണിത്.
പോലീസില്‍ ക്രിമിനലുകള്‍ തഴച്ചുവളരുകയും അവര്‍ക്ക് യഥേഷ്ടം മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്താന്‍ അവസരം നല്‍കുകയും ചെയ്യുന്ന ആഭ്യന്തര വകുപ്പാണ് ഇപ്പോഴത്തേത്. കുഞ്ഞനന്തനെ പോലുള്ള കൊടും ക്രിമിനലുകള്‍ക്ക് അനന്തമായ പരോളും പ്രതിപക്ഷ കക്ഷികളുടെ പ്രവര്‍ത്തകര്‍ക്കും പ്രവാസികളുള്‍പ്പെടെയുള്ള പൊതുജനങ്ങള്‍ക്കും അങ്ങേയറ്റത്തെ മനുഷ്യാവകാശ ലംഘനവുമാണ് കേരളത്തിലെ ആഭ്യന്തര വകുപ്പിന്റെ ഇപ്പോഴത്തെ മുഖമുദ്ര.
മാസങ്ങള്‍ക്കു മുമ്പ് ഷാജഹാന്‍ എന്ന ഒരു ലീഗ് പ്രവര്‍ത്തകനെ കസ്റ്റഡിയില്‍ വെച്ച് ഇതേ എസ് ഐ അകാരണമായി മര്‍ദ്ദിക്കുകയുണ്ടായി. മര്‍ദ്ദനത്തിനിരയായ ഷാജഹാനെ പ്രവര്‍ത്തകരും സുഹൃത്തുക്കളും ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു.തുടര്‍ന്ന് എസ് ഐക്കെതിരെ പോലീസ് കംപ്ലെയ്ന്റ് അതോറിറ്റിയില്‍ പരാതിയും നല്‍കി.എന്നാല്‍ ഷാജഹാനെ സഹായിച്ചവരെ എല്ലാവരെയും ഉള്‍പ്പെടുത്തി എസ് ഐ കേസ്സ് രജിസ്റ്റര്‍ ചെയ്തു.ഈ കേസ്സ് നിയമാനുസൃതമല്ല എന്നത് കൊണ്ട് പ്രവര്‍ത്തകര്‍ ഹൈക്കോടതിയില്‍ ഘോഷ് ചെയ്തു.
ഇക്കാരണങ്ങളാല്‍അവിടുത്തെ പ്രാദേശിക പ്രവര്‍ത്തകരത്രയും എസ്‌ഐയുടെ ശത്രുതാ ലിസ്റ്റില്‍ ഇടം പിടിച്ചു. പ്രവര്‍ത്തകരോടൊപ്പം സജീവമായ ഷിബുവിനെ എല്ലാ കേസ്സുകളിലും പ്രതിയാക്കാന്‍ എസ്‌ഐശ്രമിച്ചു.അതിന്റെ ബാക്കിപത്രമാണ് ഇപ്പോഴത്തെ അറസ്റ്റും. അറസ്റ്റ് ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട സുപ്രീം കോടതിയുടെ യാതൊരു നടപടി ക്രമങ്ങളും പാലിക്കാതെ,പിതാവിന്റെ സഹോദരന്റെ വീട്ടില്‍ നിന്നും അറസ്റ്റ് ചെയ്ത് ഒരു കല്യാണമണ്ഡപത്തിന്റെ മുമ്പിലൂടെയടക്കം ഒരു കിലോമീറ്റര്‍ ദൂരം തുണിയുരിഞ്ഞ് ഷിബുവിനെ നടത്തിക്കുകയും ചെയ്തു.
പ്രസ്തുത എസ്‌ഐക്കെതിരെ മുമ്പും സമാന സംഭവങ്ങളുണ്ടായിട്ടുണ്ട്.നേരത്തെ ഒരു മുന്‍ പട്ടാള ഉദ്യോഗസ്ഥനെ മര്‍ദിച്ചതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ മനുഷ്യാവകാശ കമ്മിഷന്‍ പ്രതിനിധിയുടെ ശുപാര്‍ശ, ഇയാള്‍ മനുഷ്യാവകാശ ലംഘനം നടത്തിയെന്നും കൃത്യനിര്‍വ്വഹണത്തില്‍ ഗുരുതരമായ വീഴ്ചകള്‍ വരുത്തുന്ന ഇയാളെ ക്രമസമാധാന ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തണം എന്നുമാണ്. ഇത്തരത്തില്‍ നിരവധി ആക്ഷേപങ്ങള്‍ ഇദ്ദേഹത്തെ കുറിച്ച് വേറെയുമുണ്ട്.
ക്രിമിനലുകള്‍ക്ക് ജനങ്ങള്‍ക്കെതിരെ അഴിഞ്ഞാടാനുള്ള സംവിധാനമല്ല പോലീസ് ഫോഴ്‌സ്.ആഭ്യന്തര മന്ത്രിയുള്‍പ്പെടെയുള്ളവര്‍ക്ക് പോലീസ് സേനയുടെ ലക്ഷ്യവും അര്‍ത്ഥവും അറിയില്ലെങ്കില്‍ അത് പഠിക്കേണ്ടതുണ്ട്. അല്ലാത്തപക്ഷം ഉത്തരേന്ത്യന്‍ മോഡല്‍ പോലീസിങിലൂടെ നാടുവാഴിക്കാലത്തെ പ്രാകൃത മുറകള്‍ തിരികെ കൊണ്ടുവരാന്‍ ശ്രമിച്ചാല്‍ അത് അനുവദിക്കുന്ന പ്രശ്‌നമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."