ബി.ജെ.പിക്കെതിരേ പ്രതിപക്ഷ ഐക്യനിര
ന്യൂഡല്‍ഹി: ബി.ജെ.പിയില്‍നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനായി പ്രതിപക്ഷ ഐക്യനിര രൂപപ്പെടണമെന്ന ആവശ്യം മുന്‍നിര്‍ത്തി ഇന്നലെ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുഗുദേശം പാര്‍ട്ടി അധ്യക്ഷനുമായ എന്‍. ചന്ദ്രബാബു നായിഡു, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തി.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കെതിരേ ശക്തമായ രീതിയില്‍ പ്രതിപക്ഷ ഐക്യനിര രൂപപ്പെടണമെന്ന് ഇരുവരും കൂടിക്കാഴ്ചക്കു ശേഷം പറഞ്ഞു. ബി.ജെ.പി വിരുദ്ധ പാര്‍ട്ടികള്‍ ഒരു പൊതുവേദിയില്‍ അണിനിരക്കേണ്ടത് അനിവാര്യമാണെന്ന് കൂടിക്കാഴ്ചക്കുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നായിഡു വ്യക്തമാക്കി.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുമായും താന്‍ ഇതിനകം ചര്‍ച്ച നടത്തിയിട്ടുണ്ട്. എല്ലാവരേയും ഒരു വേദിയില്‍ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരാഴ്ചക്കുള്ളില്‍ ഇതേ ആവശ്യമുന്നയിച്ച് രണ്ടാം തവണയാണ് ചന്ദ്രബാബു നായിഡു ഡല്‍ഹിയിലെത്തുന്നത്. എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാര്‍, നാഷനല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ല എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.
രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളെയെല്ലാം ബി.ജെ.പി സര്‍ക്കാര്‍ തകര്‍ത്തുകൊണ്ടിരിക്കുകയാണ്. ആര്‍.ബി.ഐ, സി.ബി.ഐ, സുപ്രിം കോടതി എന്നിവയിലെല്ലാം കേന്ദ്രം ഇടപെടലുകള്‍ നടത്തുകയാണ്. രാജ്യത്തെക്കുറിച്ചാണ് ഇപ്പോള്‍ തങ്ങള്‍ ചിന്തിക്കുന്നത്. തങ്ങളുടെ പ്രധാന ലക്ഷ്യം ജനാധിപത്യത്തെ സംരക്ഷിക്കുകയെന്നതാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.
തകര്‍ക്കപ്പെടുന്ന പരമോന്നത സ്ഥാപനങ്ങളെ രക്ഷിക്കാനും ഭരണഘടനയും ജനാധിപത്യവും സംരക്ഷിക്കപ്പെടാനും ബി.ജെ.പിയെ അധികാരത്തില്‍നിന്ന് താഴെയിറക്കണമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയും ആവശ്യപ്പെട്ടു. തൊഴിലില്ലായ്മ, റാഫേല്‍ യുദ്ധവിമാന കരാറിലെ അഴിമതി തുടങ്ങിയ കാര്യങ്ങള്‍ വെളിപ്പെടുത്തി പ്രതിപക്ഷ ഐക്യം ശക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാജ്യത്ത് വ്യാപകമായ അഴിമതിയാണ് നടക്കുന്നത്. ഇക്കാര്യം രാജ്യത്തെ ജനങ്ങളെല്ലാം മനസിലാക്കിയിട്ടുണ്ടെന്നും രാഹുല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."