കോണ്‍ഗ്രസ്് എന്നും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കുമൊപ്പം: കെ. സുധാകരന്
കല്‍പ്പറ്റ: ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ്് എക്കാലത്തും വിശ്വാസങ്ങള്‍ക്കും ആചാരങ്ങള്‍ക്കും ഒപ്പം നിന്നിട്ടുള്ള പാര്‍ട്ടിയാണെന്നും ശബരിമല വിഷയത്തിലും കോണ്‍ഗ്രസിന്റെ സമീപനം അതുതന്നെയാണെന്നും കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്. നെഹ്റുവിന്റെ കാലം മുതല്‍ കോണ്‍ഗ്രസ് ഈ സമീപനമാണ് സ്വീകരിച്ച് വന്നിട്ടുള്ളത്.
നെഹ്റു ഒരിക്കലും ഒരു വിശ്വാസി ആയിരുന്നില്ല. പക്ഷേ വിശ്വാസത്തേയും, ആചാരങ്ങളേയും അദ്ദേഹം മാനിച്ചിരുന്നു. രാഹുല്‍ ഗാന്ധി ആ നിലപാട് തന്നെയാണ് സ്വീകരിച്ചിട്ടുള്ളത്. വ്യക്തിപരമായ അഭിപ്രായങ്ങളെക്കാള്‍ കോണ്‍ഗ്രസ് എടുത്തിട്ടുള്ള നിലപാടിനോട് ഞാന്‍ യോജിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് മാധ്യമങ്ങളും സി.പി.എമ്മും ബി.ജെ.പിയും വളച്ചൊടിച്ച് വ്യാഖ്യാനിക്കുകയാണും അദ്ദേഹം പറഞ്ഞു. ഡി.സി.സി ജനറല്‍ ബോഡി യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് 'വിശ്വാസം സംരക്ഷിക്കാന്‍ സകുടുംബം കോണ്‍ഗ്രസിനൊപ്പം' എന്ന മുദ്രാവാക്യം ഉയര്‍ത്തി കാസര്‍ഗോഡ് നിന്നും പത്തനംതിട്ടയിലേക്ക് വിശ്വാസ സംരക്ഷണ യാത്ര നടത്തുമെന്നും അദ്ദേഹം പറഞ്ഞു. യാത്രയ്ക്ക് നവംബര്‍ 10ന് ജില്ലയില്‍ സ്വീകരണം നല്‍കും.
യോഗത്തില്‍ ഡി.സി.സി പ്രസിഡന്റ് ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."