വരുന്നു, സ്‌കൂള്‍ വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം
തൃശൂര്‍: എല്ലാ ട്രാന്‍സ്‌പോര്‍ട്ട് വാഹനങ്ങളിലും ഗ്ലോബല്‍ പൊസിഷനിങ് സിസ്റ്റം ഘടിപ്പിക്കണമെന്ന കേന്ദ്ര മോട്ടോര്‍ വാഹന ചട്ടം നടപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളില്‍ ജി.പി.എസ് നടപ്പാക്കുന്നു.
ഉപകരണങ്ങളുടെ പ്രവര്‍ത്തനം നീരിക്ഷിക്കുന്നതിനുളള കണ്‍ട്രോള്‍ റൂം സജ്ജീകരിക്കുന്നതിനും കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെട്ട പ്രവര്‍ത്തനം പരിശോധിക്കുന്നതിനും സി-ഡാക്കിനെ ചുമതലപ്പെടുത്തി. പന്ത്രണ്ടോളം നിര്‍മാതക്കളുടെ ഉപകരണങ്ങള്‍ക്കാണ് പരിശോധന നടത്തി അംഗീകാരം നല്‍കിയ വിവരം മോട്ടോര്‍ വാഹന വകുപ്പിന്റെ വെബ് സൈറ്റില്‍ ലഭ്യമാണ്.
നിര്‍മാതാക്കള്‍ക്ക് അംഗീകൃത ഡീലര്‍മാര്‍ വഴി ഇവ വിതരണം ചെയ്യാം. വില്‍പന നടത്തുന്നവര്‍ അവരുടെ പരിധിയില്‍ വരുന്ന റീജ്യനല്‍, സബ് റീജ്യനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസുകളില്‍ അപേക്ഷ നല്‍കേണ്ടതും ഇവര്‍ക്ക് ആവശ്യമായ പാസ് വേര്‍ഡ് സി-ഡാക് മുഖേന ലഭ്യമാക്കും.
പാസ് വേര്‍ഡ് ലഭിച്ച ഡീലര്‍, ഉപകരണങ്ങള്‍, വില്‍പന നടത്തിയ വാഹനങ്ങളില്‍ ഘടിപ്പിച്ചതിനു ശേഷം നല്‍കുന്ന സര്‍ട്ടിഫിക്കറ്റോടു കൂടി വാഹനം പരിശോധനയ്ക്ക് ഹാജരാക്കേണ്ടതും ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി അംഗീകാരം നല്‍കുന്ന മുറയ്ക്ക് ഇവയുടെ വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കും.
ജി പി എസ് ഘടിപ്പിച്ച വാഹനങ്ങളുടെ വേഗത, പോകുന്ന റൂട്ടുകള്‍ തുടങ്ങിയ വിവരങ്ങളെല്ലാം വെബ് സൈറ്റിലൂടെ കണ്‍ട്രോള്‍ റൂം, സ്‌കൂള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ക്കെല്ലാം ലഭ്യമാകും. അടിയന്തിരഘട്ടങ്ങളില്‍ വിവരങ്ങള്‍ നല്‍കുന്ന 'പാനിക് ബട്ടണ്‍' 3 മുതല്‍ 5 എണ്ണം വരെ വാഹനങ്ങളില്‍ ഘടിപ്പിക്കും. ഈ ബട്ടണ്‍ അമര്‍ത്തുന്ന വാഹനത്തില്‍ നിന്നുളള സന്ദേശം കണ്‍ട്രോള്‍ റൂമിലും ഇതിനോട് ചേര്‍ന്ന് രേഖപ്പെടുത്തിയിട്ടുളള അഞ്ച് മൊബൈല്‍ നമ്പറുകളിലും ലഭ്യമാകുകയും ഇവര്‍ വാഹനത്തിന്റെ സ്ഥാനം മനസിലാക്കി അടുത്തുള്ള സ്‌ക്വാഡുകളെയോ പൊലിസ് സ്റ്റേഷന്‍ തുടങ്ങി പെട്ടെന്ന് സഹായം നല്‍കുവാന്‍ കഴിയുന്നവരേയോ അറിയിച്ച് അടിയന്തിര നടപടി സ്വീകരിക്കുകയും ചെയ്യും.
ഈ പ്രവര്‍ത്തനങ്ങള്‍ ആവശ്യമായി വരുന്നത് സ്‌കൂള്‍ വാഹനങ്ങള്‍ക്കായാതുകൊണ്ടാണ് ആദ്യമായി ഇവ ഘടിപ്പിക്കാന്‍ സ്‌കൂള്‍ വാഹനങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളതെന്ന് ഡെപ്യൂട്ടി ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എം.പി അജിത്ത്കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."