ജില്ലാകോടതി സമുച്ചയത്തിന് പുതുജീവന്‍
സ്വന്തം ലേഖകന്‍
കോഴിക്കോട്: ജില്ലാകോടതി സമുച്ചയ നിര്‍മാണത്തിന്റെ ശേഷിച്ച പ്രവൃത്തികള്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ-ഓപറേറ്റീവ് സൊസൈറ്റി ഏറ്റെടുക്കാനുള്ള സാധ്യത തെളിയുന്നു. ഇതുമായി ബന്ധപ്പെട്ട അന്തിമനടപടി സ്വീകരിക്കുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ഈ മാസം തിരുവന്തപുരത്ത് ടെന്‍ഡര്‍ കമ്മിറ്റി യോഗം ചേരും. കോടതി സമുച്ചയത്തിന്റെ 75 ശതമാനം നിര്‍മാണ പ്രവൃത്തി പൂര്‍ത്തീകരിച്ചിട്ടുണ്ട്. ശേഷിച്ച 25 ശതമാനം പ്രവൃത്തിയാണ് അനിശ്ചിതത്വത്തിലായിരുന്നത്. എന്നാല്‍ ചുമതല ഊരാളുങ്കല്‍ സൊസൈറ്റിക്ക് ലഭിക്കുന്നതോടെ വര്‍ഷങ്ങളായുള്ള കാത്തിരിപ്പിനു വേഗം പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
പുതിയ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ യു.എല്‍.സി.സിക്ക് പുറമേ പലാല്‍ കണ്‍സ്ട്രക്ഷന്‍ എന്ന സ്വകാര്യ കമ്പനിയും പങ്കെടുത്തിരുന്നു. എന്നാല്‍ കുറഞ്ഞ നിരക്കില്‍ ഊരാളുങ്കല്‍ സൊസൈറ്റിക്ക് ടെന്‍ഡര്‍ ലഭിച്ചതായാണ് സൂചന. ടെന്‍ഡര്‍ കമ്മിറ്റി യോഗത്തിനു ശേഷം ഇതുമായി ബന്ധപ്പെട്ട ഫയല്‍ എറണാകുളത്തുള്ള പി.ഡബ്ല്യു.ഡി ജുഡീഷ്യല്‍ ബില്‍ഡിങ് സെക്ഷന് കൈമാറും. ഇവിടെ നിന്നാണ് വര്‍ക്ക് ഓര്‍ഡര്‍ നല്‍കുക. ഇതിന് മുന്‍പ് നിര്‍മാണ പ്രവൃത്തി ഏറ്റെടുത്ത സ്വകാര്യ കരാറുകാരനെ അലംഭാവം കാണിച്ചെന്ന ആരോപണം ഉയര്‍ന്നതിനെത്തുടര്‍ന്ന് ഒഴിവാക്കിയിരുന്നു. തുടര്‍ന്ന് നിര്‍മാണ പ്രവൃത്തി പൂര്‍ണമായും നിലച്ചു. ഈ വാര്‍ത്ത നേരത്തേ സുപ്രഭാതം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
എറണാകുളം കേന്ദ്രമയി പ്രവര്‍ത്തിക്കുന്ന 'ഷരീഫ് ആന്‍ഡ് കമ്പനി'ക്കായിരുന്നു നിര്‍മാണച്ചുമതല. 2010ലാണ് പുതിയ കെട്ടിട സമുച്ചയം നിര്‍മിക്കുന്നതിന് മരാമത്ത് വകുപ്പിന്റെ സാങ്കേതികാനുമതി ലഭിച്ചത്. തുടര്‍ന്നു പതിനാലു കോടിയോളം രൂപയ്ക്ക് ഷരീഫ് ആന്‍ഡ് കമ്പനിക്ക് ടെന്‍ഡര്‍ നല്‍കുകയും 2011 മെയ് മാസത്തില്‍ ഇവര്‍ക്ക് ഭൂമി കൈമാറുകയും ചെയ്തു. രണ്ടു വര്‍ഷത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കണമെന്നായിരുന്നു കരാര്‍. എന്നാല്‍ ഈ സമയ പരിധിക്കുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാന്‍ സാധിച്ചില്ല. കരാറുകാരനും മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരും തമ്മിലുള്ള പ്രശ്‌നങ്ങളാണ് നിര്‍മാണം മന്ദഗതിയിലാക്കുന്നതെന്ന ആക്ഷേപമുയര്‍ന്നിരുന്നു. 85 ലക്ഷം രൂപയാണ് ആദ്യഘട്ടത്തില്‍ നിര്‍മാണത്തിനായി കണക്കാക്കിയിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം നിര്‍മാണം പൂര്‍ത്തീകരിക്കുമ്പോള്‍ ഇതു കോടികളായി മാറുന്ന സാഹചര്യമാണുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."