പണം തിരിമറി: ജാസ്മിന്‍ ഷായ്ക്ക് എതിരേ ലുക്കൗട്ട് സര്‍ക്കുലര്‍
തിരുവനന്തപുരം: യു.എന്‍.എ ദേശീയ പ്രസിഡന്റായ ജാസ്മിന്‍ ഷാ, സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ് അടക്കമുള്ള നാല് പ്രതികള്‍ക്കെതിരേ വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് സര്‍ക്കുലര്‍. യുനൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ ഫണ്ട് തിരിമറി നടത്തിയെന്ന കേസില്‍ നേരത്തേ വാര്‍ത്താ മാധ്യമങ്ങളിലടക്കം ഇവര്‍ക്കെതിരേ ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
കേസില്‍ ആകെ എട്ട് പ്രതികളാണുള്ളത്. ജാസ്മിന്‍ ഷാ അടക്കമുള്ള നാല് പ്രതികള്‍ ജൂലൈ 19ന് നെടുമ്പാശ്ശേരിയില്‍നിന്ന് ഖത്തറിലേക്ക് പോയിരുന്നു. ഇവര്‍ രാജ്യത്തെ ഏതെങ്കിലും വിമാനത്താവളത്തില്‍ ഇറങ്ങുകയാണെങ്കില്‍ അറസ്റ്റ് ചെയ്യാനാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കിയത്.
പ്രതികള്‍ പേരു മാറ്റി പല ഇടങ്ങളില്‍ ഒളിവില്‍ താമസിക്കുന്നതായി വിവരം കിട്ടിയിട്ടുണ്ടെന്നാണ് നേരത്തേ ക്രൈംബ്രാഞ്ചിന്റെ ലുക്കൗട്ട് നോട്ടിസില്‍ പറഞ്ഞിരുന്നത്. പ്രതികളെക്കുറിച്ച് വിവരം കിട്ടുന്നവര്‍ ഉടനടി പൊലിസില്‍ വിവരമറിയിക്കണമെന്ന് വിവിധ പത്രങ്ങളിലായി പ്രസിദ്ധീകരിച്ച ലുക്കൗട്ട് നോട്ടിസില്‍ പറയുന്നു. നേരത്തേ ജാസ്മിന്‍ ഷാ ഒളിവിലാണെന്നായിരുന്നു ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചിരുന്നത്. മൊഴിയെടുക്കാനായി ഹാജരാവണമെന്ന് ജാസ്മിന്‍ ഷായോട് രേഖാമൂലം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വന്നില്ലെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
അസോസിയേഷനിലെ പണപ്പിരിവുമായി ബന്ധപ്പെട്ടാണ് ജാസ്മിന്‍ ഷായ്ക്ക് എതിരേ സാമ്പത്തിക തട്ടിപ്പ് ആരോപണമുയര്‍ന്നത്. ഇതിനെതിരേ പിന്നീട് കേസും രജിസ്റ്റര്‍ ചെയ്യപ്പെട്ടു. ഇതിനെതിരേ ജാസ്മിന്‍ ഷാ കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.
കൃത്യമായ കണക്കുകള്‍ കമ്മിറ്റിയില്‍ അവതരിപ്പിച്ചാണ് താന്‍ പ്രവര്‍ത്തിക്കുന്നതെന്നും യു.എന്‍.എയില്‍ അഴിമതി നടന്നെന്ന ആരോപണം തെറ്റാണെന്നും കോടതിയില്‍ ജാസ്മിന്‍ ഷാ വാദിച്ചു. ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും യു.എന്‍.എ ഫണ്ടില്‍ അഴിമതി നടന്നിട്ടില്ലെന്ന് തൃശൂര്‍ ക്രൈംബ്രാഞ്ച് സൂപ്രണ്ട് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നതായും ഇവര്‍ വാദിച്ചു. എതിര്‍വിഭാഗത്തിന്റെ പരാതികളില്‍ മാസങ്ങളായി അന്വേഷണം നടക്കുകയാണെന്നും ഒരു പുരോഗതിയുമില്ലെന്നും ഈ സാഹചര്യത്തില്‍ തന്നെ കേസില്‍ നിന്ന് ഒഴിവാക്കണമെന്നുമായിരുന്നു ജാസ്മിന്‍ ഷായും സംഘവും കോടതിയില്‍ വാദിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."