ശബരിമല: പ്രതിരോധം തീര്‍ക്കാന്‍ ആര്‍.എസ്.എസ്
തിരുവനന്തപുരം: ശബരിമലയില്‍ യുവതികളെത്തിയാല്‍ പ്രതിരോധം തീര്‍ക്കാന്‍ ആര്‍.എസ്.എസും മലകയറുന്നു.
കണ്ണൂരിലെ ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുടെയും ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി ശശികലയുടെയും ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെയും നേതൃത്വത്തിലുള്ള സംഘം നാളെ മലകയറും. ഇവരെ കൂടാതെ ആറന്മുള സമരനായകന്‍ കൃഷ്ണന്‍ കുട്ടി, വനവാസി നേതാവ് ആചാര്യ കഞ്ഞോന്‍ എന്നിവരും സന്നിധാനത്തെത്തും. 50 വയസ് കഴിഞ്ഞ സ്ത്രീകളെയും കുട്ടികളെയും സന്നിധാനത്തെത്തിച്ച് പ്രതിരോധം തീര്‍ക്കാനാണ് ആര്‍.എസ്.എസ് തീരുമാനം. കൂടാതെ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലെ സംഘര്‍ഷബാധിത പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ച് പരിചയമുള്ള ആര്‍.എസ്.എസ് കേഡര്‍മാരും സന്നിധാനത്തെത്തും. ഇന്ന് പൊലിസ് ശബരിമലയുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിന് പിന്നാലെയാണ് ആര്‍.എസ്.എസ് സംഘവും മലകയറാന്‍ തീരുമാനിച്ചത്. തിങ്കളാഴ്ച വൈകിട്ടാണ് ചിത്തിര ആട്ടവിളക്കിന് ശബരിമല നട തുറക്കുന്നത്. ചൊവ്വാഴ്ച നട അടയ്ക്കുകയും ചെയ്യും.
നട തുറക്കുമ്പോള്‍ സ്ത്രീകള്‍ ദര്‍ശനത്തിനെത്തിയാല്‍ സുരക്ഷ ഒരുക്കുമെന്ന നിലപാടിലാണ് പൊലിസ്. നട തുറക്കുമ്പോള്‍ 500 പ്രായമായ സ്ത്രീകളെ സന്നിധാനത്തെത്തിച്ച് പ്രതിരോധം തീര്‍ക്കാന്‍ എന്‍.എസ്.എസ് നേരത്തേ തീരുമാനിച്ചിരുന്നു. എന്നാല്‍, പൊലിസ് ശക്തമായ നടപടികളിലേക്ക് നീങ്ങിയതിനാല്‍ പലരും പിന്മാറി. തുടര്‍ന്നാണ് ആര്‍.എസ്.എസ് രംഗത്തുവന്നത്. തുലാമാസ പൂജയുടെ സമയത്ത് ശബരിമലയില്‍ നടന്ന പ്രതിഷേധം ആര്‍.എസ്.എസ് നിയന്ത്രണത്തിലായിരുന്നില്ല.
എന്നാല്‍, ഇനിയുള്ള സമരം കൃത്യമായ സംഘടനാ ചട്ടക്കൂടിലായിരിക്കണമെന്ന നിര്‍ദേശമാണ് ആര്‍.എസ്.എസ് സംസ്ഥാന ഘടകം നല്‍കിയിരിക്കുന്നത്. ഇതേതുടര്‍ന്നാണ് വത്സന്‍ തില്ലങ്കേരിയെ ചുമതലപ്പെടുത്തിയത്. അതിനിടെ, സംഘ്പരിവാര്‍ സംഘടനകള്‍ സന്നിധാനത്ത് കലാപമുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ കനത്ത ജാഗ്രത വേണമെന്ന് ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കി. ഇന്നലെ തന്നെ ആര്‍.എസ്.എസുകാര്‍ എരുമേലി വഴി വനത്തിനുള്ളില്‍ പ്രവേശിച്ചിട്ടുണ്ടെന്നും ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ല: ഇ.പി ജയരാജന്‍
കോഴിക്കോട്: ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെ കളങ്കപ്പെടുത്താന്‍ ആര്‍ക്കും കഴിയില്ലെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജന്‍. സര്‍ക്കാരിനെതിരേ ഗൂഢാലോചന നടത്തുന്നവര്‍ ഒറ്റപ്പെടും. സന്നിധാനത്ത് മൂത്രമൊഴിക്കാനും ചോരവീഴ്ത്താനും ആഹ്വാനം ചെയ്തവരാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതെല്ലാം ജനങ്ങള്‍ തിരിച്ചറിയും. കേരളം വിദ്യാഭ്യാസ സമ്പന്നരുടെ നാടാണ്. സാലറി ചലഞ്ച് പാരാജയപ്പെടില്ല. കേരളം അനുഭവിച്ച മഹാപ്രളയത്തിന് ശേഷം നവകേരള നിര്‍മിതിക്കായാണ് സാലറി ചലഞ്ച് പ്രഖ്യാപിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
ആചാരാനുഷ്ഠാനങ്ങളില്‍ ഭരണകൂടം
ഇടപെടരുത്: ഹൈന്ദവ ആചാര്യ സംഗമം
കൊച്ചി: ക്ഷേത്ര വിശ്വാസികളല്ലാത്തവര്‍ ആചാരാനുഷ്ഠാനങ്ങളില്‍ ഇടപെടരുതെന്ന് ഹൈന്ദവധര്‍മ ആചാര്യ സംഗമം ആവശ്യപ്പെട്ടു. ക്ഷേത്രവിധികള്‍ ഈശ്വരസാന്നിധ്യത്തെ ആശ്രയിച്ചുള്ളതാണ്.
ഈശ്വരസാന്നിധ്യത്തെക്കുറിച്ച് വിധിപറയാന്‍ ഒരുകോടതിക്കും കഴിയില്ല. എന്‍.എസ്.എസ് മന്ദിരങ്ങള്‍ ആക്രമിച്ച സാമൂഹ്യവിരുദ്ധര്‍ക്കെതിരേ ശക്തമായ നടപടി വേണം. സമുദായ നേതാക്കളെ ആക്ഷേപിക്കുന്ന മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും നടപടിയില്‍ യോഗം പ്രതിഷേധം രേഖപ്പെടുത്തി.
ശബരിമല വിഷയത്തില്‍ ശാശ്വത പരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് അടുത്ത 12 ദിവസം കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും ഗണപതി ഹോമവും ഭഗവതിസേവയും നാമജപങ്ങളും നടത്തണമെന്ന് യോഗം ആഹ്വാനം ചെയ്തു. കൊച്ചി ടി.ഡി.എം ഹാളില്‍ നടന്ന യോഗം ശങ്കരാചാര്യ പരമേശ്വരാനന്ദ ബ്രഹ്മാനന്ദ തീര്‍ഥ സ്വാമിയാര്‍ ഉദ്ഘാടനം ചെയ്തു.
നട തുറക്കുന്ന
ദിവസം കലാപത്തിന്
കോപ്പുകൂട്ടുന്നു: ചെന്നിത്തല
കൊച്ചി: നട തുറക്കുന്ന ദിവസം കലാപത്തിന് കോപ്പുകൂട്ടുന്ന രീതിയില്‍ ബി.ജെ.പിയും സി.പി.എമ്മും അവിടെ നുഴഞ്ഞുകയറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് എറണാകുളം ജില്ലാ പ്രവര്‍ത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘര്‍ഷമൊഴിവാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്‍കൈയെടുക്കണം. വിശ്വാസപ്രശ്‌നം കോടതി ഇടപെടേണ്ട കാര്യമല്ലെന്ന് മദ്രാസ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ശബരിമല വിഷയം എല്ലാ വിശ്വാസങ്ങളെയും ചോദ്യം ചെയ്യുന്നതാണ്. സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും ലക്ഷ്യം ഇക്കാര്യത്തില്‍ ഒന്നുതന്നെയാണ്.
ഏക സിവില്‍കോഡ് രാജ്യത്ത് കൊണ്ടുവരികയാണ് ഇവരുടെ ലക്ഷ്യം. പരസ്പരം പാലൂട്ടുന്ന ശത്രുക്കളായി അഭിനയിക്കുകയാണ് ബി.ജെ.പിയും സി.പി.എമ്മും. യു.ഡി.എഫിനെയും കോണ്‍ഗ്രസിനെയും ക്ഷീണിപ്പിക്കുകയാണിവരുടെ ലക്ഷ്യം. വര്‍ഗീയതക്കും സി.പി.എമ്മിന്റെ രാഷ്ട്രീയത്തിനും മുന്‍പില്‍ മുട്ടുമടക്കുന്ന പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."