കോഹ്‌ലി, ബുംറ നമ്പര്‍ വണ്‍: ഇനി ടി20 ചൂട്
മുംബൈ: ഇന്ത്യന്‍ താരം വിരാട് കോഹ്‌ലിയും ജസ്പ്രീത് ബുംറയും ഏകദിന റാങ്കിങില്‍ ഒന്നാം സ്ഥാനത്ത്. കോഹ്‌ലി ബാറ്റിങിലും ജസ്പ്രീത് ബുംറ ബൗളിങിലും ഒന്നാം സ്ഥാനം നിലനിര്‍ത്തി.
വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന പരമ്പരയ്ക്കു പിന്നാലെ പുറത്തുവന്ന ഐ.സി.സി ഏകദിന റാങ്കിങിലാണ് ഇന്ത്യന്‍ താരങ്ങള്‍ മുന്നേറ്റം നടത്തിയത്. വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.
അതേസമയം, ശിഖര്‍ ധവാന്‍ നാലു സ്ഥാനങ്ങള്‍ നഷ്ടമായി ഒന്‍പതാം സ്ഥാനത്തെത്തി. അഞ്ചു മത്സരങ്ങളിലായി ആകെ 112 റണ്‍സ് മാത്രമാണ് ധവാന് സ്‌കോര്‍ ചെയ്യാനായത്.
വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും തകര്‍പ്പന്‍ ഇന്നിങ്‌സുകളുമായി പരമ്പരയില്‍ മിന്നിത്തിളങ്ങിയതാണ് ഇരുവരുടെയും റാങ്കിങ് കുതിച്ചുയരാന്‍ കാരണമായത്. അഞ്ചു മത്സരങ്ങളില്‍നിന്നായി 453 റണ്‍സ് സ്‌കോര്‍ ചെയ്ത കോഹ്‌ലി 15 പോയിന്റുകളാണ് നേടിയത്. ഇതോടെ 899 പോയിന്റുമായി കോഹ്‌ലി ഒന്നാം സ്ഥാനത്ത് മാറ്റമില്ലാതെ തുടര്‍ന്നു. രണ്ടണ്ടാം സ്ഥാനത്തുള്ള രോഹിതിന് 871 പോയിന്റുകളാണുള്ളത്. ബൗളര്‍മാരുടെ റാങ്കിങില്‍ ജസ്പ്രീത് ബുംറ ആദ്യ റാങ്കില്‍ മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ റിസ്റ്റ് സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ ആദ്യ പത്തില്‍ ഇടം പിടിച്ചു. ഇപ്പോള്‍ ചാഹല്‍ എട്ടാം റാങ്കിലാണ്. അടുത്തിടെ ഏകദിന ക്രിക്കറ്റിലേക്ക് മടങ്ങിവന്ന രവീന്ദ്ര ജഡേജ 14 സ്ഥാനങ്ങള്‍ മുകളിലേക്ക് കയറി 25ാം റാങ്കിലെത്തി. ബുംറ 841 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ 723 റേറ്റിങ് പോയിന്റുകളുമായി കുല്‍ദീപ് യാദവ് മൂന്നാം സ്ഥാനത്താണ്.
കൊല്‍ക്കത്ത: വിന്‍ഡീസിനെതിരേയുള്ള ടെസ്റ്റ്, ഏകദിന പരമ്പരകള്‍ സ്വന്തമാക്കിയ ഇന്ത്യ ടി20 പരമ്പരയും സ്വന്തമാക്കാന്‍ നാളെ ഇറങ്ങും. കരീബിയന്‍ ക്രിക്കറ്റ് കരുത്തിനെ കശക്കിയെറിഞ്ഞ് ഇന്ത്യ ആധികാരികമായിട്ടായിരുന്നു ഏകദിന പരമ്പര സ്വന്തമാക്കിയത്. ടി20 മത്സരങ്ങള്‍ക്കായി ഇന്നലെ രാവിലെ ടീം ഇന്ത്യ കൊല്‍ക്കത്തയിലേക്ക് പുറപ്പെട്ടു.
മൂന്ന് ടി20 കളിലാണ് ഇരുടീമും കൊമ്പുകോര്‍ക്കുന്നത്. ആദ്യ ടി20 ഞായറാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ അരങ്ങേറും. ടെസ്റ്റ്, ഏകദിന പരമ്പരകള്‍ അനായാസം സ്വന്തമാക്കിയത് പോലെ ടി20 അനാസായമായിരിക്കില്ലെന്ന വിശ്വാസത്തിലാണ് ടീം ഇന്ത്യ.
വിന്‍ഡീസ് നിരയിലുള്ള കിരോണ്‍ പൊള്ളാര്‍ഡ്, കാര്‍ലോസ് ബ്രാത്‌വെയ്റ്റ്, ആന്ദ്രെ റസ്സല്‍ എന്നിവരെല്ലാം ഐ.പി.എല്ലിലെ അപകടകാരികളായ കളിക്കാരാണ്. ഇതൊരു പക്ഷെ ഇന്ത്യന്‍ വിജയക്കുതിപ്പിന് ഭീഷണിയായേക്കാം. ബൗളര്‍മാര്‍ തങ്ങളുടെ മുഴുവന്‍ മിടുക്കും പുറത്തെടുത്താല്‍ മാത്രമേ വിന്‍ഡീസ് ബാറ്റിങ് നിരയെ ടി20യില്‍ പിടിച്ചുകെട്ടാന്‍ ഇന്ത്യക്കാവുകയുള്ളൂ. കഴിഞ്ഞ നാല് ടി20 കളിലും വിന്‍ഡീസിനെതിരേ കളിച്ച ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയില്ലാതെയാണ് ഇന്ത്യ ഇത്തവണ പരമ്പരയില്‍ ഇറങ്ങുന്നത്.
കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് രോഹിത് ശര്‍മയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍. സമാപിച്ച ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ഏറ്റവുമധികം വെല്ലുവിളി ഉയര്‍ത്തിയ ഷിംറോണ്‍ ഹെറ്റ്‌മെയറും വിന്‍ഡീസ് നിരയിലുണ്ടണ്ട്. ടി20 പരമ്പര കൂടി സ്വന്തമാക്കിയാല്‍ ഇന്ത്യക്കത് മികച്ച നേട്ടമാകും.
പരമ്പര സ്വന്തമാക്കുകയാണെങ്കില്‍ ആസ്‌ത്രേലിയന്‍ പര്യടനത്തിന്റെ ഭാഗമായി ഇന്ത്യക്ക് മികച്ച രീതിയില്‍ മുന്നൊരുക്കം നടത്താനും ഇന്ത്യന്‍ സംഘത്തിനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."