ഇതര ജില്ലകളിലെ ക്വാറി-ക്രഷര്‍ ഉടമകളുടെ ചൂഷണം; സി.പി.എം കൂട്ടുനില്‍ക്കുന്നുവെന്ന് കോണ്‍ഗ്രസ്
കല്‍പ്പറ്റ: കരിങ്കല്ലിനും അനുബന്ധ ഉല്‍പന്നങ്ങള്‍ക്കും തീവില ഈടാക്കി വയനാടന്‍ ജനതയെ ചൂഷണം ചെയ്യുന്നതില്‍ ഇതര പ്രദേശങ്ങളിലെ ക്വാറി-ക്രഷര്‍ ഉടമകള്‍ക്ക് സി.പി.എം ജില്ലാ നേതൃത്വവും ഉദ്യോഗസ്ഥരില്‍ ഒരു വിഭാഗവും കൂട്ടുനില്‍ക്കുകയാണെന്ന് ഡി.സി.സി മെംബര്‍ എം.യു. ജോര്‍ജ്, കോണ്‍ഗ്രസ് ബത്തേരി ബ്ലോക്ക് വൈസ് പ്രസിഡന്റ് എ.പി. കുര്യാക്കോസ്, അമ്പലവയല്‍ മണ്ഡലം പ്രസിഡന്റ് വി. ബാലസുബ്രഹ്മണ്യന്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
പാരിസ്ഥിതിക-സാങ്കേതിക തടസങ്ങള്‍ നീക്കി അമ്പലവയല്‍ മേഖലയിലെ ക്വാറികളുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനു ജില്ലാ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കുന്നില്ലെങ്കില്‍ ശക്തമായ സമരത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്ന് നേതാക്കള്‍ പറഞ്ഞു. ക്രഷറുകളുടെ ഭാഗമായ അഞ്ചെണ്ണം അടക്കം ആറ് ക്വാറികള്‍ മാത്രം പ്രവര്‍ത്തിക്കുന്ന ജില്ലയില്‍ ഇതര ജില്ലകളിലെയും സംസ്ഥാനങ്ങളിലെയും ക്വാറി-ക്രഷറര്‍ ലോബി പിടിമുറുക്കുകയാണ്. ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ള യാഡുകളില്‍ കരിങ്കല്ലും അനുബന്ധ ഉല്‍പന്നങ്ങളും എത്തിച്ച് കൊള്ളവിലയ്ക്കാണ് വിറ്റഴിക്കുന്നത്. 150 അടി കല്ലിനു 9,000 രൂപയാണ് വില ഈടാക്കുന്നത്. ഉയര്‍ന്ന വിലയ്ക്ക് ബോളറും മെറ്റലും ഉള്‍പ്പെടെ വാങ്ങി നിര്‍മാണം നടത്താനാകാതെ സാധാരണക്കാരും കരാറുകാരും തദ്ദേശസ്ഥാപനങ്ങളും വലയുകയാണ്. അമ്പലവയല്‍, കൃഷ്ണഗിരി വില്ലേജുകളില്‍ നേരത്തേ പ്രവര്‍ത്തിച്ചിരുന്ന ക്വാറികളില്‍ പരിസ്ഥിതിക്ക് ദോഷം വരില്ലെന്ന് ഉറപ്പുള്ളവയില്‍ മാത്രം ഖനനം പുനഃരാരംഭിച്ചാല്‍ ഇതര പ്രദേശങ്ങളിലെ ക്വാറി-ക്രഷര്‍ ഉടമകളുടെ ചൂഷണത്തിനു അറുതിയാകും. എന്നാല്‍ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതിനു സഹായകമായ നിലപാട് സ്വീകരിക്കുന്നതില്‍ സി.പി.എം ജില്ലാ നേതൃത്വം വിമുഖത കാട്ടുകയാണ്. കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് അമ്പലവയല്‍ മേഖലയില്‍ ക്വാറി പ്രവര്‍ത്തനത്തിനു തടസം ഉണ്ടായപ്പോള്‍ സമരപരമ്പരകള്‍ക്ക് നേതൃത്വം നല്‍കിയവരാണ് ഇപ്പോള്‍ അധികാരത്തിന്റെ തണലില്‍ ജില്ലയെയും ജനങ്ങളെയും മറക്കുന്നത്. ജില്ലയില്‍ നിര്‍മാണത്തിനു ആവശ്യമായ കരിങ്കല്‍ ഉല്‍പന്നങ്ങളില്‍ 80 ശതമാനവും അമ്പലവയല്‍, കൃഷ്ണഗിരി വില്ലേജുകളില്‍ പ്രവര്‍ത്തിച്ചിരുന്ന 41 ക്വാറികളിലാണ് ഉല്‍പാദിപ്പിച്ചിരുന്നത്. വി. കേശവേന്ദ്രകുമാര്‍ ജില്ലാ കലക്ടറായിരുന്ന കാലത്ത് ഫാന്റം റോക്ക്, ആറാട്ടുപാറ, ചീങ്ങേരിപ്പാറ, കൊളഗപ്പാറ എന്നിവയുടെ നിശ്ചിത പരിധിയില്‍ കരിങ്കല്‍ ഖനനം നിരോധിച്ചു. ഇതിനുശേഷവും അമ്പലവയല്‍, കൃഷ്ണഗിരി വില്ലേജുകളിലായി 21 റവന്യു ക്വാറികള്‍ക്കും നാല് പട്ടയം ക്വാറികള്‍ക്കും പ്രവര്‍ത്തനാനുമതി ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടര വര്‍ഷമായി ഇവയുടെ പ്രവര്‍ത്തനവും നിലച്ചിരിക്കയാണ്.
കടുത്ത വികസന മുരടിപ്പാണ് ജില്ല നേരിടുന്നത്. ടെന്‍ഡര്‍ ചെയ്ത പ്രവൃത്തികള്‍ പോലും കരാറുകള്‍ നടത്തുന്നില്ല.പുതിയ ടെന്‍ഡറുകള്‍ ബഹിഷ്‌കരിക്കുകയുമാണ്. നിര്‍മാണ മേഖലയില്‍ ആയിരക്കണക്കിന് കുടുംബങ്ങളാണ് ഗതികേടില്‍ അകപ്പെട്ടത്. ഉപജീവനത്തിന് ഇതര തൊഴില്‍ മേഖലകളിലേക്ക് നീങ്ങാന്‍ തൊഴിലാളി കുടുംബങ്ങള്‍ നിര്‍ബന്ധിതരാകുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."