മാങ്ങാട്ടുപറമ്പില്‍ സിന്തറ്റിക് ട്രാക്ക് അഞ്ചിന് തുറക്കും
കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലാ മാങ്ങാട്ടുപറമ്പ് കാംപസില്‍ നിര്‍മിച്ച വടക്കേ മലബാറിലെ ആദ്യത്തെ സിന്തറ്റിക് ട്രാക്ക് അഞ്ചിന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും. സര്‍വകലാശാലാ അത്ലറ്റിക് കോച്ചിങ് സെന്ററിന്റെ ഉദ്ഘാടനം ടി.വി രാജേഷ് എം.എല്‍.എ നിര്‍വഹിക്കും. ഒളിംപ്യന്‍ ഷൈനി വിത്സണ് വിശിഷ്ടാതിഥിയാകും. എം.പിമാരായ പി. കരുണാകരന്, പി.കെ ശ്രീമതി, കെ.കെ രാഗേഷ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
6.5 കോടിയോളം രൂപ ചെലഴിച്ചാണ് ട്രാക്ക് പ്രവൃത്തി പൂര്‍ത്തീകരിച്ചത്. ഫുട്ബോള്‍ ഫീല്‍ഡും തയാറായി. നാലു ജംപിങ് പിറ്റുകള്‍, ഹാമര്‍ ത്രോ, ഡിസ്കസ് ത്രോ കെയ്ജുകള്, സ്റ്റീപ്പിള്‍ ചെയ്സ്, മത്സരത്തിനാവശ്യമായ വാട്ടര്‍ ജംപ് എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. 3,000 പേര്‍ക്ക് ഇരിക്കാവുന്ന ഗാലറി, എക്വിപ്മെന്റ് സ്റ്റോര്‍ റൂം, ഡ്രസിങ് റൂം എന്നിവയും ഒരുക്കി. ഇന്റര്‍നാഷണല്‍ അത്ലറ്റിക്സ് ഫെഡറേഷന്റെ അംഗീകാരവും ബി ക്ലാസ് മത്സരങ്ങള്‍ നടത്താനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്. 110 മീറ്റര്‍ നീളവും 76 മീറ്റര്‍ വീതിയുമുള്ള ബര്‍മുഡ ഗ്രാസ് ഉപയോഗിച്ച് നിര്‍മിച്ച ഫുട്ബോള്‍ ഫീല്‍ഡും ഇവിടെയുണ്ട്.
വാമിങ് അപ് ഗ്രൗണ്ടിനായി കേരളാ ക്ലേയ്സ് സെറാമിക്സില്നിന്ന് 60 സെന്റ് ഭൂമി വിലക്ക് വാങ്ങിയിട്ടുണ്ടെന്ന് വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്, പ്രോ വൈസ് ചാന്‍സലര്‍ ഡോ. പി.ടി രവീന്ദ്രന്, രജിസ്ട്രാര്‍ ഡോ. ബാലചന്ദ്രന് കീഴോത്ത്, ഫിസിക്കല്‍ എജുക്കേഷന്‍ ഡയരക്ടര്‍ ഡോ. പി.ടി ജോസഫ്, സിന്‍ഡിക്കേറ്റ് അംഗം ഡോ. വി.എ വിത്സന് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."